'ന്യൂയോർക്കിൽ മുസ്‌ലിമാകുക എന്നാൽ അനാദരവ് പ്രതീക്ഷിക്കലാണ്'; വംശീയ അധിക്ഷേപങ്ങൾക്ക് മറുപടിയുമായി മേയർ സ്ഥാനാർഥി സൊഹ്‌റാൻ മംദാനി
ബ്രോങ്ക്സിലെ ഒരു പള്ളിക്ക് പുറത്ത് സംസാരിക്കവെ തന്റെ എതിരാളികൾ വെറുപ്പിനെ മുൻനിർത്തി ക്യാമ്പയിൻ നയിച്ചതിനെ മംദാനി വിമർശിച്ചു

ഇസ്‌ലാമിക് കൾച്ചറൽ സെന്ററിന് പുറത്ത് സംസാരിക്കുന്ന സൊഹ്‌റാൻ മംദാനി | Photo: Al Jazeera
ന്യൂയോർക്ക്: ന്യൂയോർക്ക് മേയർ സ്ഥാനാർഥിയായത് മുതൽ തനിക്കേൽക്കേണ്ടി വന്ന വംശീയവും മുസ്‌ലിം വിരുദ്ധവുമായ ആക്രമങ്ങൾക്ക് മറുപടിയുമായി സൊഹ്‌റാൻ മംദാനി. ബ്രോങ്ക്സിലെ ഒരു പള്ളിക്ക് പുറത്ത് സംസാരിക്കവെ തന്റെ എതിരാളികൾ വെറുപ്പിനെ മുൻനിർത്തി ക്യാമ്പയിൻ നയിച്ചതിനെ മംദാനി വിമർശിച്ചു. അവരുടെ ഇസ്‌ലാമോഫോബിയ മേയർ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് നോമിനി എന്ന നിലയിൽ തന്നെ മാത്രമല്ല, ന്യൂയോർക്കിൽ താമസിക്കുന്ന പത്ത് ലക്ഷത്തോളം വരുന്ന മുസ്‌ലിംകളെയും ബാധിക്കുന്നുവെന്നും മംദാനി ചൂണ്ടിക്കാട്ടി.
'ന്യൂയോർക്കിൽ മുസ്‌ലിമാകുക എന്നാൽ അനാദരവ് പ്രതീക്ഷിക്കലാണ്. ന്യൂയോർക്കുകാരിൽ ഇത് നേരിടുന്ന നിരവധി പേരുണ്ട്. ആ അപമാനത്തോട് സഹിഷ്ണുതയോടെ പെരുമാറുകയാണ് നമ്മൾ ചെയ്യേണ്ടത്.' നവംബർ 4ലെ പൊതുതെരഞ്ഞെടുപ്പിന് കുറഞ്ഞ ദിവസം മാത്രം ശേഷിക്കെ തന്റെ പ്രസംഗത്തിൽ മംദാനി പറഞ്ഞു. ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിൽ നിലവിൽ അംഗമായ മംദാനി തന്റെ തെരഞ്ഞെടുപ്പ് പ്രചാരണം താങ്ങാവുന്ന വില എന്ന തന്റെ പ്രധാന സന്ദേശത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിച്ചെങ്കിലും തന്റെ എതിരാളികൾ ഇസ്‌ലാമോഫോബിയയെ ഏക വിഷയമായി സമീപ ദിവസങ്ങളിൽ ഉയർത്തിയതായി മംദാനി പറഞ്ഞു.
സെപ്റ്റംബർ 11ന് മറ്റൊരു ആക്രമണം ഉണ്ടായാൽ മംദാനി 'ആഹ്ലാദിക്കും' എന്ന് റേഡിയോ അവതാരകൻ സിഡ് റോസെൻബർഗ് പറഞ്ഞതിനെ മംദാനിയുടെ മുഖ്യ എതിരാളിയായ മുൻ ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണർ ആൻഡ്രൂ ക്യൂമോ ചിരിച്ചുകൊണ്ട് സ്വീകരിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് മംദാനിയുടെ പ്രസംഗം നടക്കുന്നത്. ജൂണിൽ നടന്ന ഡെമോക്രാറ്റിക് പ്രൈമറി തെരഞ്ഞെടുപ്പിൽ മംദാനിയോട് പരാജയപ്പെട്ട ഡെമോക്രാറ്റിക് പാർട്ടി അംഗം കൂടിയായ ക്യൂമോ റോസൻബെർഗിന്റെ അഭിപ്രായത്തോട് യോജിച്ചു.
മുസ്‌ലിം അഭിഭാഷക ഗ്രൂപ്പായ CAIR ആക്ഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ബാസിം എൽക്കറ റേഡിയോ പരിപാടിയിൽ ക്യൂമോയുടെ സാന്നിദ്ധ്യം 'നിന്ദ്യവും അപകടകരവും അയോഗ്യമാക്കുന്നതും' ആണെന്നാണ് വിശേഷിപ്പിച്ചത്. 'ഒരു തെരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം ഉദ്യോഗസ്ഥൻ മറ്റൊരു 9/11 ഉണ്ടായാൽ 'ആഹ്ലാദിക്കും' എന്ന് നിർദേശിച്ച ഒരു വംശീയ റേഡിയോ അവതാരകനോട് യോജിക്കുന്നതിലൂടെ ക്യൂമോ ധാർമികതയുടെ പരിധി ലംഘിച്ചു.' എൽക്കറ പറഞ്ഞു. 'ഇത്തരത്തിലുള്ള ഒരു വേദിയിൽ വിദ്വേഷ പ്രസംഗത്തിൽ ഏർപ്പെടാനുള്ള ക്യൂമോയുടെ സന്നദ്ധത അദേഹം ഏതുതരം നേതാവാണെന്ന് കൃത്യമായി കാണിക്കുന്നു. ആളുകളെ ഒരുമിച്ച് നിർത്തുന്നതിനേക്കാൾ ഭയം ജ്വലിപ്പിക്കാനാണ് അയാൾ ഇഷ്ടപ്പെടുന്നത്. എൽക്കറ കൂട്ടിച്ചേർത്തു. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലീവ 'ഞാൻ ആഗോള ജിഹാദിനെ പിന്തുണയ്ക്കുന്നുവെന്ന്' അവകാശപ്പെട്ട് ചർച്ചാ വേദിയിൽ തന്നെ അപകീർത്തിപ്പെടുത്തിയെന്നും സൂപ്പർ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റികളിൽ നിന്നുള്ള പരസ്യങ്ങൾ 'ഞാൻ ഒരു തീവ്രവാദിയാണെന്ന് സൂചിപ്പിക്കുകയും, ഞാൻ കഴിക്കുന്ന രീതിയെ പരിഹസിക്കുകയും ചെയ്യുന്നതായും തന്റെ പ്രസംഗത്തിൽ മംദാനി പറഞ്ഞു.
അതേസമയം, യുഎസ് ജനപ്രതിനിധിസഭയിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവും ന്യൂയോർക്കിലെ എട്ടാമത്തെ കോൺഗ്രസ് ജില്ലയുടെ പ്രതിനിധിയുമായ ഹക്കീം ജെഫ്രീസിൽ മംദാനിക്ക് പിന്തുണ നൽകി. ജില്ലയിൽ ബ്രൂക്ലിൻ അയൽപക്കങ്ങളായ ഈസ്റ്റ് ഫ്ലാറ്റ്ബുഷ്, കോണി ഐലൻഡ്, ബ്രൗൺസ്‌വില്ലെ എന്നിവ ഉൾപ്പെടുന്നു. ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ, ന്യൂയോർക്ക് കോൺഗ്രസ് വനിത അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസ്, സ്വതന്ത്ര സെനറ്റർ ബെർണി സാൻഡേഴ്‌സ് എന്നിവരുൾപ്പെടെ മുൻനിര ഡെമോക്രാറ്റുകളിൽ നിന്നും മംദാനി നേരത്തെ തന്നെ അംഗീകാരം നേടിയിട്ടുണ്ട്.
AARP, Gotham Polling and Analytics എന്നിവ ചേർന്ന് അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു സർവേയിൽ 43.2 ശതമാനം വോട്ടർമാരുടെ പിന്തുണയോടെ മംദാനി എതിരാളികളേക്കാൾ വളരെ മുന്നിലാണെന്ന് കാണിക്കുന്നു. 28.9 ശതമാനവുമായി ക്യൂമോയും 19.4 ശതമാനവുമായി സ്ലിവയും അദേഹത്തെ പിന്തുടർന്നു. 8.4 ശതമാനം പേർ തീരുമാനമെടുത്തിട്ടില്ലെന്ന് അഭിപ്രായം രേഖപ്പെടുത്തി. സർവേയിൽ പങ്കെടുത്ത മൂന്നിൽ രണ്ട് വോട്ടർമാരുടെയും പ്രധാന പ്രശ്‌നം ജീവിതച്ചെലവായിരുന്നു. പൊതു സുരക്ഷയും ഭവന ലഭ്യതയും ആശങ്കാജനകമായ വിഷയങ്ങളായിരുന്നു.
Adjust Story Font
16

