Quantcast

നൈജീരിയയിൽ സ്‌കൂൾ ആക്രമിച്ച് 303 വിദ്യാർഥികളെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി; 12 അധ്യാപകരും തടവിൽ

വടക്കൻ സംസ്ഥാനമായ നൈജറിലെ വിദൂരപ്രദേശമായ പാപിരിയിലെ സെന്റ് മേരീസ് സ്‌കൂളിലാണ് സംഭവം

MediaOne Logo

Web Desk

  • Updated:

    2025-11-23 04:47:27.0

Published:

23 Nov 2025 8:01 AM IST

നൈജീരിയയിൽ സ്‌കൂൾ ആക്രമിച്ച് 303 വിദ്യാർഥികളെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി; 12 അധ്യാപകരും തടവിൽ
X

അബുജ: നൈജീരിയയിലെ കാത്തലിക് സ്‌കൂൾ ആക്രമിച്ച തോക്കുധാരികൾ വിദ്യാർഥികളെയും അധ്യാപകരെയും തട്ടിക്കൊണ്ടുപോയി. പെൺകുട്ടികളടക്കം 303 വിദ്യാർഥികളെയും 12 അധ്യാപകരെയുമാണ് തട്ടിക്കൊണ്ടുപോയതെന്ന് ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ അറിയിച്ചു. വടക്കൻ സംസ്ഥാനമായ നൈജറിലെ വിദൂരപ്രദേശമായ പാപിരിയിലെ സെന്റ് മേരീസ് സ്‌കൂളിലാണ് സംഭവം.

വെള്ളിയാഴ്ച പുലർച്ചെ പ്രാദേശിക സമയം രണ്ട് മണിയോടെയാണ് ആയുധധാരികൾ സ്‌കൂളിൽ അതിക്രമിച്ചുകയറി അവിടെ താമസിച്ചിരുന്ന വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. ആറും 13ഉം വയസുള്ള തന്റെ മരുമക്കളെ തട്ടിക്കൊണ്ടുപോയതായി ഒരു സ്ത്രീ പറഞ്ഞു. കുട്ടികൾ ഉടൻ വീട്ടിലേക്ക് തിരിച്ചെത്തുമാണ് പ്രതീക്ഷയെന്ന് അവർ കൂട്ടിച്ചേർത്തു.

കുട്ടികളെ രക്ഷപ്പെടുത്തുന്നതിനായി പൊലീസ് കാടുകൾ അരിച്ചുപെറുക്കുകയാണെന്ന് പൊലീസ് പറഞ്ഞു. 215 കുട്ടികളെ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു പ്രാഥമിക വിവരം. പിന്നീടാണ് കൂടുതൽ കുട്ടികളെ കാണാനില്ലെന്ന് സ്ഥിരീകരിച്ചത്. സ്‌കൂളിലെ പകുതിയോളം കുട്ടികളെയും കാണാനില്ലെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.

ആക്രമണത്തിന് സാധ്യതയുള്ളതിനാൽ എല്ലാ ബോർഡിങ് സ്‌കൂളുകളും അടച്ചുപൂട്ടാൻ നിർദേശം നൽകിയിരുന്നു. ഇത് സ്‌കൂൾ അധികൃതർ അവഗണിച്ചു എന്നാണ് നൈജർ സംസ്ഥാന അധികാരികൾ പറയുന്നത്. ഇത് സംബന്ധിച്ച് സ്‌കൂൾ മാനേജ്‌മെന്റ് പ്രതികരിച്ചിട്ടില്ല. സമാനമായ സാഹചര്യത്തിൽ സമീപപ്രദേശമായ കെബിയിൽ തിങ്കളാഴ്ച ബോർഡിങ് സ്‌കൂൾ ആക്രമിച്ച് 25 വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയിരുന്നു.

പണം ആവശ്യപ്പെട്ട് ക്രിമിനൽ സംഘങ്ങൾ ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് നൈജീരിയയിൽ പ്രധാന പ്രശ്‌നമായി മാറിയിട്ടുണ്ട്. ഇവർക്ക് പണം ലഭിക്കുന്നത് തടയാൻ മോചനദ്രവ്യം നൽകി ആളുകളെ മോചിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാൽ ഇത് കാര്യമായ ഫലമുണ്ടാക്കിയിട്ടില്ല. വെള്ളിയാഴ്ച നടന്ന തട്ടിക്കൊണ്ടുപോകൽ ഒരാഴ്ചക്കുള്ളിൽ രാജ്യത്ത് നടന്ന മൂന്നാമത്തെ ഇത്തരത്തിലുള്ള ആക്രമണമാണ്.

2014ൽ ഭീകരസംഘടനയായ ബൊക്കോ ഹറാം ചിബോക് പട്ടണത്തിലെ 276 സ്‌കൂൾ വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയിരുന്നു. വടക്കൻ മേഖലയിൽ സജീവമായ കൊള്ളസംഘങ്ങൾ വിദൂരമേഖലയിലെ സ്‌കൂൾ ആക്രമിച്ച് കഴിഞ്ഞ വർഷങ്ങളിൽ ആകെ 1500 വിദ്യാർഥികളെയാണ് തട്ടിക്കൊണ്ടുപോയത്. പണം നൽകിയാണ് ഇവരിൽ ഏറെപ്പേരെയും പിന്നീട് മോചിപ്പിച്ചത്.

TAGS :

Next Story