ബംഗ്ലാദേശില്‍ നിപ വൈറസ് ബാധ; ഒരു മരണം
പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തില്‍ പടരാനുള്ള സാധ്യത കുറവാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിഗമനം

- Published:
7 Feb 2026 11:51 AM IST

ധാക്ക: ബംഗ്ലാദേശില്‍ ജനുവരി 28ന് മരിച്ച സ്ത്രീക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. പശ്ചിമ ബംഗാളില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ബംഗ്ലാദേശിലും രോഗബാധ. മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും വ്യാപകമായി പടരാനുള്ള സാധ്യത കുറവാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. മരിച്ച സ്ത്രീയുമായി ബന്ധമുണ്ടായിരുന്ന 35 പേരെ പരിശോധിച്ചെങ്കിലും ആര്‍ക്കും രോഗബാധയില്ല.
ജനുവരി 21നാണ് നവഗാവ് ജില്ലയിലെ 50 വയസുള്ള സ്ത്രീയെ പനിയും മറ്റ് ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ അടുത്ത കാലത്തൊന്നും മറ്റിടങ്ങളിലേക്ക് യാത്ര ചെയ്തിരുന്നില്ല. എന്നാല്‍, ഈന്തപ്പനയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ഒരുതരം പാനീയം കുടിച്ചിരുന്നു. ചികിത്സയിലിരിക്കെ 28ന് മരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവരുടെ സ്രവം നിപ പരിശോധനയ്ക്ക് എടുത്തത്.
നിപ കൂടുതല്‍ മേഖലകളിലേക്കോ അന്താരാഷ്ട്ര തരത്തിലോ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തില്‍ പടരാനുള്ള സാധ്യത കുറവാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ അനുമാനം. ബംഗ്ലാദേശില്‍ 2001ന് ശേഷം 348 നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ പകുതിയോളം പേര്‍ക്കും ഈന്തപ്പനയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന പാനീയം കുടിച്ചത് വഴിയാണ് രോഗബാധയെന്നാണ് നിഗമനം. ഇക്കഴിഞ്ഞ ജനുവരിയില്‍ പശ്ചിമ ബംഗാളില്‍ രണ്ടുപേര്‍ക്ക് നിപ സ്ഥിരീകരിച്ചിരുന്നു.
Adjust Story Font
16
