'വേട്ടയാടാൻ പക്ഷികളില്ല'; ദേഷ്യപ്പെട്ട് ചാൾസ് രാജാവ്, എസ്റ്റേറ്റിലെ ജീവനക്കാരനെ പുറത്താക്കി
സാൻഡ്രിംഗ്ഹാമിൽ വളരെക്കാലം സേവനമനുഷ്ഠിച്ചിരുന്ന ജോലിക്കാരനെയാണ് പറഞ്ഞുവിട്ടത്

ലണ്ടന്‍: സാൻഡ്രിംഗ്ഹാമിൽ(രാജാവിന്റെ വസതികളിലൊന്ന്) വെടിവെയ്ക്കാൻ പക്ഷികളില്ലാത്തതിനാല്‍ ചാൾസ് മൂന്നാമന്‍ രാജാവ് രോഷാകുലനായെന്നും ജോലിക്കാരനെ പിരിച്ചുവിട്ടെന്നും റിപ്പോര്‍ട്ട്.
രാജകുടുംബത്തിന്റെ നോർഫോക്ക് എസ്റ്റേറ്റിൽ, വേട്ടയ്ക്കിരയാകുന്ന പക്ഷികളുടെ എണ്ണം കുറഞ്ഞുവരികയാണെന്നും അതിനാല്‍ രാജകുടുംബം അത്ര സന്തോഷത്തിലല്ലെന്നുമാണ് ദി സണ്‍ അടക്കമുള്ള ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ വേട്ടയാടൽ വിനോദം തടസ്സപ്പെട്ടതിൽ ചാൾസ് രാജാവിന് ഏറെ അസംതൃപ്തിയുണ്ടെന്നും സാൻഡ്രിംഗ്ഹാമിൽ വളരെക്കാലം സേവനമനുഷ്ഠിച്ചിരുന്ന ജോലിക്കാരനെ പറഞ്ഞുവിട്ടതായും ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇംഗ്ലണ്ടിലെ നോർഫോക്കിലുള്ള ഒരു രാജകീയ എസ്റ്റേറ്റാണ് സാൻഡ്രിംഗ്ഹാം. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സ്വകാര്യ വസതികളിൽ ഏറെ പ്രസിദ്ധമാതും അവര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഇടവുമാണ് ഇവിടം. ചാൾസ് രാജാവിന് മുമ്പ് , എലിസബത്ത് രാജ്ഞിയും ഇവിടെയാണ് ഏറെയും കഴിഞ്ഞിരുന്നത്. ബ്രിട്ടീഷ് രാജകുടുംബം പരമ്പരാഗതമായി ക്രിസ്മസും പുതുവത്സരവും ഇവിടെയാണ് ചെലവഴിക്കുന്നത്.
വേട്ടായാടല്‍ ഇന്നൊരു വിവാദ കായിക വിനോദമാണെങ്കിലും രാജകുടുംബത്തിന്റെ ജീവിതത്തിലെ പ്രധാന ഭാഗമാണിത്. ബ്രിട്ടീഷ് പ്രഭുക്കന്മാർക്കിടയിൽ ഒരു പരമ്പരാഗത ശൈത്യകാല വിനോദമായാണ് വേട്ടയാടലിനെ കാണുന്നത്. അതിനാല്‍ തന്നെ നിരവധി വേട്ടയുമായി ബന്ധപ്പെട്ട പാർട്ടികൾക്ക് സാൻഡ്രിംഗ്ഹാം ആതിഥേയത്വം വഹിച്ചിട്ടുണ്ട്. എല്ലാവര്‍ഷവും സാന്‍ഡ്രിംഗ്ഹാമില്‍ 'ബോക്‌സിങ് ഡേ ഷൂട്ടിങ്' സംഘടിപ്പിക്കാറുണ്ട്. എന്നാല്‍, ഇത്തവണ പക്ഷികളുടെ കുറവ് കാരണം പരമ്പരാഗതമായി നടക്കുന്ന ഈ വേട്ടയാടല്‍ റദ്ദാക്കുമെന്ന് ചാള്‍സ് രാജാവ് വ്യക്തമാക്കിയതായും സൂചനകളുണ്ട്.
Adjust Story Font
16

