Quantcast

ഹിജാബ് ധരിച്ചാൽ സ്കൂളിൽ കയറാനാകില്ല! അസർബൈജാനിൽ പ്രതിഷേധം കത്തുന്നു

ഹിജാബ് ധരിച്ചെത്തിയ അധ്യാപകരെ സ്കൂളിൽ പ്രവേശിപ്പിക്കാതെ തിരിച്ചയക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന്, അധ്യാപകരെ കെട്ടിപ്പിടിച്ച് കരയുന്ന വിദ്യാർഥികളുടെ ദൃശ്യങ്ങളും പുറത്തുവന്നു

MediaOne Logo

ഹഫീസ പി.കെ

  • Updated:

    2026-10-13 02:59:01

Published:

13 Oct 2026 8:20 AM IST

ഹിജാബ് ധരിച്ചാൽ സ്കൂളിൽ കയറാനാകില്ല! അസർബൈജാനിൽ പ്രതിഷേധം കത്തുന്നു
X

ബാക്കു: അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നതിന് പരോക്ഷ വിലക്കേർപ്പെടുത്തിയ സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.ഹിജാബ് ധരിച്ചെത്തുന്ന വിദ്യാർഥികളെയും അധ്യാപകരെയും സ്കൂളുകൾ ക്ലാസിൽ പ്രവേശിപ്പിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം. സർക്കാർ തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളിലും വലിയ ക്യാമ്പയിൻ നടക്കുന്നുണ്ട്.

കഴിഞ്ഞ മാസമാണ് അസർബൈജാനിലെ സർക്കാർ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ യൂണിഫോം സംബന്ധിച്ച ചട്ടങ്ങളിൽ ഭേദഗതി വരുത്തിയത്. മതപരമായ വസ്ത്രങ്ങൾ നിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ചട്ടം സർക്കാർ കൊണ്ടുവന്നത്. അതേസമയം, ഇത് വ്യക്തികളുടെ വസ്ത്രധാരണത്തിനു മേലുള്ള കടന്നുകടയറ്റമാണെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

താൻ ഹിജാബ് ധരിച്ചെത്തിയതിന്റെ പേരിൽ സ്കൂളിൽ തുടരാനാകില്ലെന്ന് അധികൃതർ അറിയിച്ചതായി അസർബൈജാനിലെ അധ്യാപിക സഹ്റ ഹസനോവ പറഞ്ഞതായി അൽജസീറ റിപ്പോർട്ട് ചെയ്തു.എന്നാൽ ഹിജാബ് ധരിക്കണോ വേണ്ടയോ എന്നത് വ്യക്തിപരമായ തീരുമാനമാണെന്നും അതിൽ മറ്റുള്ളവർ ഇടപെടരുതെന്നും അവർ പ്രതികരിച്ചു.എന്നാൽ, രാജ്യത്തെ സ്കൂളുകളിൽ ഏകീകൃത വസ്ത്രധാരണ രീതി ഉറപ്പാക്കാനും മതനിരപേക്ഷതാ തത്വം പാലിക്കാനും ലക്ഷ്യമിട്ടാണ് പുതിയ ചട്ടങ്ങൾ കൊണ്ടുവന്നതെന്ന് അസർബൈജാനി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

അസർബൈജാനിലെ ജനസംഖ്യയുടെ ഏകദേശം 96 ശതമാനവും മുസ്‌ലിംകളാണ്. അതേസമയം, രാജ്യത്തിന്റെ ഭരണഘടന മതനിരപേക്ഷത ഉറപ്പുനൽകുന്നതിനൊപ്പം മതസ്വാതന്ത്ര്യവും അംഗീകരിക്കുന്നുണ്ട്. അധ്യാപകരുടെ ഔദ്യോഗിക വസ്ത്രധാരണ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനും സ്കൂളുകളുടെ പൊതുപ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനും പുതിയ ചട്ടങ്ങൾ സഹായിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.

പുതിയ നിയന്ത്രണത്തിനെതിരെ അസർബൈജാനിലെ വിവിധയിടങ്ങളിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഹിജാബ് ധരിച്ചെത്തിയ അധ്യാപകരെ സ്കൂളിൽ പ്രവേശിപ്പിക്കാതെ തിരിച്ചയക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന്, അധ്യാപകരെ കെട്ടിപ്പിടിച്ച് കരയുന്ന വിദ്യാർഥികളുടെ ദൃശ്യങ്ങളും പുറത്തുവന്നു.

കുറഞ്ഞത് രണ്ട് സ്കൂളുകളിലെങ്കിലും വിദ്യാർഥികൾ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് ക്ലാസുകൾ ബഹിഷ്കരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ തീരുമാനം ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്നാണ് പ്രതിഷേധക്കാരുടെ വാദം.

അസർബൈജാനിലെ ഹിജാബ് നിയന്ത്രണത്തിനെതിരെ തുർക്കിയിലും സോഷ്യൽ മീഡിയ ക്യാമ്പയിനും പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്. 1997ൽ തുർക്കിയിലെ സർവകലാശാലകളിൽ ശിരോവസ്ത്രം ധരിച്ചെത്തുന്ന സ്ത്രീകൾക്ക് നേരിടേണ്ടിവന്ന വിലക്കുകളുമായാണ് ചിലർ അസർബൈജാനിലെ സംഭവങ്ങളെ താരതമ്യം ചെയ്യുന്നത്. അന്ന് ശിരോവസ്ത്രം ധരിച്ച സ്ത്രീകൾക്ക് പഠനത്തിലും സർക്കാർ ജോലികളിലും നിയന്ത്രണങ്ങൾ നേരിടേണ്ടിവന്നിരുന്നു.

തുടർന്ന്, കഴിഞ്ഞ ആഴ്ച ഇസ്താംബൂളിലെ അസർബൈജാൻ കോൺസുലേറ്റിന് മുന്നിൽ പ്രതിഷേധക്കാർ ഒത്തുകൂടി. മുസ്‌ലിം സ്ത്രീകളെ ബാധിക്കുന്ന നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്ന് അവർ അസർബൈജാൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

അതേസമയം, രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ പുറത്തുനിന്നുള്ളവർ ഇടപെടരുതെന്ന് അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ് മുന്നറിയിപ്പ് നൽകി. എന്നാൽ തുർക്കിയെ നേരിട്ട് പരാമർശിക്കാതെയായിരുന്നു വിമർശനം.

അലിയേവിന്റെ പരാമർശത്തോട് തുർക്കി സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ സെപ്റ്റംബർ 23ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ മുസ്‌ലിം സ്ത്രീകൾ വർധിച്ചുവരുന്ന വിവേചനം നേരിടുകയാണെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ ചൂണ്ടിക്കാട്ടിയിരുന്നു. ഹിജാബ് നിയന്ത്രണം സംബന്ധിച്ച തർക്കം അസർബൈജാനിൽ മതസ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം, മതനിരപേക്ഷത എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

TAGS :

Next Story