Quantcast

'എന്തുതന്നെ നേരിടേണ്ടി വന്നാലും ശ്രമം തുടരണം, പിന്മാറുന്ന നിമിഷം മനുഷ്യത്വമില്ലാതെയാകും'; ഗസ്സയിലേക്ക് സഹായങ്ങളെത്തിക്കാൻ ഫ്രീഡം ഫ്‌ളോട്ടില്ല മിഷനുമായി ഗ്രേറ്റ

ഞായറാഴ്ച ഇറ്റലിയിലെ സിസിലിയിൽ നിന്നു പുറപ്പെട്ട മാഡ്ലിൻ എന്ന കപ്പലിൽ യൂറോപ്യൻ പാർലമെന്റ് അംഗവും ഫലസ്തീൻ വംശജയുമായ റിമ ഹസ്സൻ, ഗൈം ഓഫ് ത്രോൺസ് നടൻ ലിയാം കണ്ണിങ്ഹാം തുടങ്ങിയ പ്രമുഖരുമുൾപ്പെടെ 12 പേരാണുള്ളത്.

MediaOne Logo

Web Desk

  • Published:

    3 Jun 2025 1:27 PM IST

എന്തുതന്നെ നേരിടേണ്ടി വന്നാലും ശ്രമം തുടരണം, പിന്മാറുന്ന നിമിഷം മനുഷ്യത്വമില്ലാതെയാകും; ഗസ്സയിലേക്ക് സഹായങ്ങളെത്തിക്കാൻ ഫ്രീഡം ഫ്‌ളോട്ടില്ല മിഷനുമായി ഗ്രേറ്റ
X

റോം: ഇസ്രായേൽ ഉപരോധം തുടരുന്ന ഗസ്സയിലേക്ക് മാനുഷിക സഹായങ്ങൾ എത്തിക്കാനുള്ള ഫ്രീഡം ഫ്‌ളോട്ടില്ല മിഷന്റെ ഭാഗമായി പ്രശസ്ത പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗും. ഞായറാഴ്ച ഇറ്റലിയിലെ സിസിലിയിൽ നിന്നു പുറപ്പെട്ട മാഡ്ലിൻ എന്ന കപ്പലിൽ യൂറോപ്യൻ പാർലമെന്റ് അംഗവും ഫലസ്തീൻ വംശജയുമായ റിമ ഹസ്സൻ, ഗൈം ഓഫ് ത്രോൺസ് നടൻ ലിയാം കണ്ണിങ്ഹാം തുടങ്ങിയ പ്രമുഖരുമുൾപ്പെടെ 12 പേരാണുള്ളത്.

നേരത്തെ ഇതേ ഉദ്ദേശ്യത്തിൽ പുറപ്പെട്ട കപ്പൽ മെഡിറ്ററേനിയൻ കടലിൽ വെച്ച് ഡ്രോൺ ആക്രമണത്തിൽ തകർത്തിരുന്നു. അതിനു പിന്നാലെയാണ് ഞായറാഴ്ച പുതിയ കപ്പലിൽ യാത്ര തിരിച്ചത്. എന്തുതന്നെ നേരിടേണ്ടി വന്നാലും ശ്രമം തുടർന്നു കൊണ്ടേയിരിക്കണം, കാരണം നമ്മൾ ശ്രമങ്ങൾ നിർത്തുന്ന നിമിഷം മനുഷ്യത്വമില്ലാതെയാകുന്നുവെന്ന് യാത്രക്ക് മുന്നോടിയായി നടത്തിയ പ്രസ് മീറ്റിൽ ഗ്രേറ്റ അഭിപ്രായപ്പെട്ടു. വംശഹത്യയോടുള്ള ലോകത്തിന്റെ നിശബ്ദത യാത്രയിൽ നേരിടേണ്ടി വന്നേക്കാവുന്ന അപകടങ്ങളേക്കാൾ ഭയപ്പെടുത്തുന്നതാണെന്നും ഗ്രേറ്റ കൂട്ടിച്ചേർത്തു.

ഫലസ്തീൻ ജനതയുടെ ചെറുത്തു നിൽപ്പിനുള്ള പിന്തുണയും ഇസ്രായേലിനുള്ള വെല്ലുവിളിയുമാണ് ഈ യാത്രയെന്ന് ഗ്രേറ്റ ഫെയ്സ്ബുക്കിൽ കുറിച്ചു. 'ഇസ്രായേൽ ഉപരോധത്തിനും വംശഹത്യക്കുമെതിരെ ശബ്ദമുയർത്തുന്നതിൽ നമ്മുടെ സർക്കാരുകൾ പരാജയപ്പെട്ടിരിക്കുന്നു. ഗസ്സയിലേക്ക് മാനുഷിക ഇടനാഴി തുറക്കുക എന്നതാണ് ലക്ഷ്യം. ആയുധങ്ങളല്ല, മരുന്നുകളും ഭക്ഷണവുമായിട്ടാണ് ഞങ്ങൾ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. വ്യവസ്ഥാപിതമായ പട്ടിണിയും അടിസ്ഥാന സൗകര്യങ്ങളുടെ നിഷേധവും ഫലസ്തീനികൾക്കെതിരെയുള്ള ഇസ്രായേലിന്റെ യുദ്ധരീതിയാണ്. ചരിത്രത്തിന്റെ ശരി പക്ഷത്തു നിൽക്കണമെന്നുണ്ടെങ്കിൽ, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ സാമൂഹിക നീതിയും വിമോചനവും ഉറപ്പുവരുത്തുന്ന പ്രസ്ഥാനത്തോട് ചേർന്നു പ്രവർത്തിക്കാൻ സമയമായിരിക്കുന്നു' എന്നും ഗ്രേറ്റയുടെ പോസ്റ്റിൽ പറയുന്നു.

തടസ്സങ്ങളൊന്നുമുണ്ടായില്ലെങ്കിൽ ഏഴ് ദിവസമെടുത്തേക്കാവുന്ന യാത്ര 15 വർഷമായി ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ഉപരോധത്തെ വെല്ലുവിളിക്കാനുദ്ദേശിച്ചുള്ളതാണെന്ന് എഫ്എഫ്സി വ്യക്തമാക്കുന്നു. ജൂണിൽ ഗസ്സയിലേക്കുള്ള ആഗോള മാർച്ചും നടക്കാനിരിക്കയാണ്.

TAGS :

Next Story