തൽക്കാലം സൈനിക നടപടിയില്ല; ഇറാനെതിരെ ഉപരോധം തുടരുമെന്ന് അമേരിക്ക
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ഇറാൻ സുരക്ഷാ മേധാവിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്ത തള്ളി ഇറാൻ വിദേശകാര്യമന്ത്രി

ന്യൂയോർക്ക്: ഇറാനെതിരെ സൈനിക നടപടി തുടരേണ്ട സാഹചര്യമില്ലെന്നും എന്നാൽ രാജ്യത്തിനെതിരായ ഉപരോധങ്ങൾ തുടരുമെന്നും അമേരിക്ക. പാരീസിൽ നടന്ന ജി7 വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടിയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയാണ് നിലപാട് വ്യക്തമാക്കിയത്. ഇറാനുമായുള്ള ചർച്ചകൾ തുടരുന്നുണ്ടെങ്കിലും രാജ്യം മുന്നോട്ടുവെച്ച ഉപാധികൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനെതിരായ ആക്രമണങ്ങൾ തുടരില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.അതേസമയം, ഇറാനെതിരായ നാവിക ഉപരോധം പിൻവലിക്കില്ലെന്ന നിലപാടിലാണ് അമേരിക്ക. ഉപരോധം തുടരുന്നത് സമാധാന ചർച്ചകൾക്ക് തിരിച്ചടിയാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
ഇതിനിടെ, അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ഇറാൻ സുരക്ഷാ മേധാവിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്ത ഇറാൻ വിദേശകാര്യമന്ത്രി തള്ളി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര നീക്കങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെയാണ് ഇറാന്റെ പ്രതികരണം.
അതേസമയം, ഹോർമുസ് കടലിടുക്കിൽ യുഎഇയുടേത് ഉൾപ്പെടെ രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായി. മേഖലയിലെ കപ്പൽ ഗതാഗതത്തിനുള്ള സുരക്ഷാ ഭീഷണി തുടരുകയാണ്.ഇതിനിടെ, കുവൈത്തിൽ സംയുക്ത സൈനിക കമാൻഡ് ആസ്ഥാനം സ്ഥാപിക്കാനും ആവശ്യമായ സൈനികരെ വിന്യസിക്കാനും തീരുമാനിച്ചതായി ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി അറിയിച്ചു. ഗൾഫ് മേഖലയിലെ സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം.
ഫ്രാൻസിൽ സൈബർ ആക്രമണം നടത്തിയെന്ന ആരോപണവും ഇറാൻ നിഷേധിച്ചു. പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ നയതന്ത്ര നീക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും സജീവമാകുകയാണ്.
Adjust Story Font
16

