'സമയം കളയാനില്ല, ആദ്യം അവർ ധാരണയിലെത്തട്ടെ': പുടിനുമായി ചർച്ചയില്ലെന്ന് ട്രംപ്
യുക്രൈന്‍ പ്രസിഡന്റ് വ്ളോദിമര്‍ സെലന്‍സ്കിയുമായി കഴിഞ്ഞയാഴ്ചയും ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു.

പുടിന്‍-ട്രംപ് Photo- AP
വാഷിങ്ടണ്‍: സമയം പാഴാക്കാനില്ലെന്നും ആദ്യം യുക്രൈനും റഷ്യയും തമ്മില്‍ ഒരു ധാരണയിലെത്തട്ടേയെന്നും അതിന് ശേഷം മതി ചര്‍ച്ചയെന്നും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.
യുദ്ധം അവസാനിപ്പിക്കാൻ റഷ്യയും–യുക്രൈനും ധാരണയിലെത്തുന്നതുവരെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ചർച്ചയില്ലെന്നും ട്രംപ് വ്യക്തമാക്കി. വ്ലാഡിമിർ പുട്ടിനുമായി നല്ല ബന്ധമാണുള്ളത്. എന്നാൽ ഒത്തുതീർപ്പ് നടക്കാത്തത് നിരാശപ്പെടുത്തിയെന്നും ട്രംപ് പറഞ്ഞു.
ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന് വളരെ മുമ്പുതന്നെ യുക്രെയ്നിലെ യുദ്ധം പരിഹരിക്കപ്പെടുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ബുഡാപെസ്റ്റില്‍ പുടിനുമായി നടത്താനിരുന്ന കൂടിക്കാഴ്ചയും ട്രംപ് റദ്ദാക്കിയിരുന്നു. സമയം കളയാനില്ലെന്നായിരുന്നു അന്നും ട്രംപ് നല്‍കിയ മറുപടി.
കഴിഞ്ഞ ആഗസ്റ്റ് 15നാണ് ട്രംപും പുട്ടിനും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. അലാസ്കയില്‍ വെച്ച് നടന്ന അന്നത്തെ കൂടിക്കാഴ്ചയിലും ഒരു കരാര്‍ കൊണ്ടുവരാനോ മുന്നോട്ടുപോകുവാനോ സാധിച്ചിരുന്നില്ല. എന്നാല്‍ യുക്രൈന്‍ പ്രസിഡന്റ് വ്ളോദിമര്‍ സെലന്‍സ്കിയുമായി കഴിഞ്ഞയാഴ്ചയും ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ദീർഘദൂര മിസൈലുകൾക്കായുള്ള യുക്രൈനിന്റെ അഭ്യർത്ഥന ട്രംപ് നിരസിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു.
അതേസമയം യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ഉൾപ്പെടെ റഷ്യ നടത്തിയ മിസൈൽ – ഡ്രോൺ ആക്രമണത്തിൽ കഴിഞ്ഞ ദിവസം നാല് പേർ കൊല്ലപ്പെട്ടിരുന്നു. 16 പേർക്കു പരുക്കേറ്റു. ഏതാനും ആക്രമണങ്ങൾ യുക്രെയ്ൻ മിസൈൽവേധ സംവിധാനം പരാജയപ്പെടുത്തി. റഷ്യ 9 മിസൈലുകളും 62 ഡ്രോണുകളുമാണ് തൊടുത്തതെന്ന് യുക്രെയ്ൻ വ്യോമസേന അറിയിച്ചു.
Adjust Story Font
16

