ഉത്തരകൊറിയക്ക് പുതിയ മിസൈൽ ഫാക്ടറി; ചൈനാ സന്ദർശത്തിന് മുമ്പ് പരിശോധിച്ച് കിം ജോങ് ഉൻ
അമേരിക്കയെ നേരിടുന്ന രാജ്യങ്ങളുമായുള്ള ബന്ധം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കങ്ങളില്‍ റഷ്യയ്ക്കൊപ്പമാണ് ഉത്തരകൊറിയ

പ്യോങ് യാങ്: ചൈന സന്ദർശനത്തിന് മുന്നോടിയായി രാജ്യത്തെ പുതിയ മിസൈൽ ഫാക്ടറി സന്ദർശിച്ച് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ.
മിസൈലുകളുടെ വൻതോതിലുള്ള ഉത്പാദനം ത്വരിതപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് രാജ്യത്തെ പുതിയ മിസൈല്‍ ഫാക്ടറിയെന്നാണ് വിവരം. ഞായറാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം. അതേസമയം കിം സന്ദർശിച്ച ഫാക്ടറിയുടെ സ്ഥാനം, മറ്റു വിവരങ്ങളൊന്നും ഉത്തരകൊറിയയുടെ ഔദ്യോഗിക ന്യൂസ് ഏജൻസി വെളിപ്പെടുത്തുന്നില്ല.
നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള ഡസന്‍ കണക്കിന് മിസൈലുകള്‍ കിം പരിശോധിക്കുന്നതിന്റെയും യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിന്റെയും ചിത്രങ്ങള്‍ ഔദ്യോഗിക ന്യൂസ് ഏജൻസി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എന്നാല്‍ ചൈനയുമായി അതിർത്തി പങ്കിടുന്ന രാജ്യത്തെ യുദ്ധോപകരണ വ്യവസായത്തിന്റെ കേന്ദ്രമായ ജഗാങ് പ്രവിശ്യയിലായിരിക്കാം പുതിയ കേന്ദ്രം എന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച ബീജിംഗിൽ നടക്കുന്ന സൈനിക പരേഡിൽ പങ്കെടുക്കാൻ കിം എത്തുമെന്ന് ചൈനയും ഉത്തരകൊറിയയും കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ചിരുന്നു. ആറ് വർഷത്തിനിടെ ആദ്യമായാണ് കിം ജോങ് ഉൻ ചൈനയിലെത്തുന്നത്. ട്രെയിന്‍ മാര്‍ഗമായിരിക്കും അദ്ദേഹം ചൈനയിലെത്തുക എന്ന റിപ്പോര്‍ട്ടുകളും സജീവമാണ്.
പീരങ്കികളും ബാലിസ്റ്റിക് മിസൈലുകളും ഉൾപ്പെടെയുള്ള വലിയ അളവിലുള്ള സൈനിക ഉപകരണങ്ങൾ റഷ്യയ്ക്ക് നൽകുന്നതിലൂടെ അദ്ദേഹം യുദ്ധോപകരണങ്ങളുടെ ഉത്പാദനം വേഗത്തിലാക്കാന്‍ ശ്രമിക്കുന്നതായി ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥർ പറയുന്നുണ്ട്. യുക്രെയ്നിനെതിരായ പോരാട്ടത്തിന് റഷ്യൻ സേനയ്‌ക്കൊപ്പം പോരാടാൻ കിം ആയിരക്കണക്കിന് സൈനികരെ അയച്ചതായും വാര്‍ത്തകളുണ്ടായിരുന്നു.
അമേരിക്കയെ നേരിടുന്ന രാജ്യങ്ങളുമായുള്ള ബന്ധം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കങ്ങളില്‍ റഷ്യയ്ക്കൊപ്പമാണ് ഉത്തരകൊറിയ
Adjust Story Font
16

