ദുബൈയിലോ യുഎസിലോ ജപ്പാനിലോ അല്ല; 20,000 ആളുകൾ താമസിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ റെസിഡൻഷ്യൽ കെട്ടിടത്തെക്കുറിച്ചറിയാം
ഷോപ്പിംഗ് സെന്‍ററുകൾ, റെസ്റ്റോറന്‍റുകൾ, സ്കൂളുകൾ, ആശുപത്രികൾ എന്നീ സേവനങ്ങളെല്ലാം കെട്ടിടത്തിന്‍റെ വിവിധ നിലകളിലായുണ്ട്

ബെയ്ജിങ്: ഒരു കെട്ടിടത്തില്‍ ജീവിക്കുന്നത് 20,000 മനുഷ്യര്‍. എന്നാൽ ഈ കെട്ടിടം നിർമിച്ചിരിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം സ്ഥിതിചെയ്യുന്ന ദുബൈയിലോ യുഎസിലോ ജപ്പാനിലോ അല്ല. ചൈനയിലെ ക്വിയാൻജിയാങ് സെഞ്ച്വറി സിറ്റിയിലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ റെസിഡൻഷ്യൽ കെട്ടിടമായ റീജന്‍റ് ഇന്‍റർനാഷണൽ നിർമിച്ചിരിക്കുന്നത്.
2013ലാണ് ഈ കെട്ടിടം ഉദ്ഘാടനം ചെയ്തത്. 'സ്വയം നിയന്ത്രിത കമ്മ്യൂണിറ്റി' (self-contained community) എന്ന് വിളിക്കപ്പെടുന്ന ജനസമൂഹമുള്ള ഈ വലിയ കെട്ടിടം എല്ലാ തരം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കപ്പെടുന്നുണ്ട്. ഇവിടെ ജീവിക്കുന്ന ഒരാള്‍ക്ക് ഒരു കാര്യത്തിനും കെട്ടിടം വിട്ട് പുറത്ത് പോകേണ്ടതില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ചൈനയിലെ ക്വിയാൻജിയാങ് സെഞ്ച്വറി സിറ്റിയിൽ സ്ഥിതി ചെയ്യുന്ന 675 അടി ഉയരമുള്ള ഈ പടുകൂറ്റന്‍ കെട്ടിടം, ആദ്യം ഒരു ഹോട്ടലായിട്ടായിരുന്നു പദ്ധതിയിട്ടത്. എന്നാല്‍ പിന്നീട് ഇത് അതിവിശാലമായ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടമായി വളര്‍ന്നു. 1.47 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ എസ് ആകൃതിയിലാണ് കെട്ടിടത്തിന്‍റെ രൂപഘടന. 39 നിലകളിലായി ആയിരക്കണക്കിന് അപ്പാർട്ടുമെന്‍റുകളിൽ 20,000 താമസക്കാരാണ് നിലവിലുള്ളത്.
അവിടെ താമസിക്കുന്ന ഒരാള്‍ക്ക് തന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് കെട്ടിടം വിട്ട് പോകേണ്ട ആവശ്യമില്ല. ഷോപ്പിംഗ് സെന്‍ററുകൾ, റെസ്റ്റോറന്‍റുകൾ, സ്കൂളുകൾ, ആശുപത്രികൾ, വിനോദ സൗകര്യങ്ങൾ എന്നീ സേവനങ്ങളെല്ലാം കെട്ടിടത്തിന്‍റെ വിവിധ നിലകളിലായുണ്ട്. ഒപ്പം അത്യാധുനിക ഫിറ്റ്നസ് സെന്‍ററുകൾ, ഫുഡ് കോർട്ടുകൾ, ഇൻഡോർ നീന്തൽക്കുളങ്ങൾ, പലചരക്ക് കടകൾ, സലൂണുകൾ, വിശാലമായ പൂന്തോട്ടങ്ങൾ എന്നിവയും താമസക്കാർക്ക് ഇവിടെ തന്നെ ലഭിക്കും. അതുകൊണ്ടാണ് ഈ കെട്ടിടത്തിലുള്ള സമൂഹത്തെ 'സ്വയം നിയന്ത്രിത കമ്മ്യൂണിറ്റി' എന്നാണ് വിളിക്കുന്നത്.
Adjust Story Font
16

