Quantcast

തെൽ അവീവിന് മുകളിൽ 'ആണവ സ്‌ഫോടനം': വോട്ട് നേടാന്‍ തന്ത്രവുമായി നെതന്യാഹു, ചോദ്യംചെയ്ത് പ്രതിപക്ഷം

തൊട്ടടുത്ത കെട്ടിടങ്ങളെല്ലാം തകർത്തെറിയുന്ന തരത്തിൽ ജനസാന്ദ്രതയേറിയ നഗരത്തിന് മുകളിൽ കൂൺ ആകൃതിയിൽ വലിയ പുകപടലം ഉയരുന്ന ചിത്രമാണ് നെതന്യാഹു പങ്കുവെച്ചത്.

MediaOne Logo

റിഷാദ് അലി

  • Updated:

    2026-10-26 08:49:28

Published:

26 Oct 2026 7:56 AM IST

തെൽ അവീവിന് മുകളിൽ ആണവ സ്‌ഫോടനം: വോട്ട് നേടാന്‍ തന്ത്രവുമായി നെതന്യാഹു, ചോദ്യംചെയ്ത് പ്രതിപക്ഷം
X

ടെൽ അവീവ്: ഇസ്രായേൽ പൊതുതെരഞ്ഞെടുപ്പിന് ഒരുങ്ങിയിരിക്കെ തലസ്ഥാനമായ തെല്‍ അവീവിന് മുകളിൽ ആണവ സ്ഫോടനം നടക്കുന്ന തരത്തിലുള്ള എഐ നിർമ്മിത ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാന്റെ ഭീഷണി മുന്നറിയിപ്പ് നൽകിക്കൊണ്ട് നെതന്യാഹു പങ്കുവെച്ച പോസ്റ്റ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതുറന്നത്. തൊട്ടടുത്ത കെട്ടിടങ്ങളെല്ലാം തകർത്തെറിയുന്ന തരത്തിൽ ജനസാന്ദ്രതയേറിയ നഗരത്തിന് മുകളിൽ കൂൺ ആകൃതിയിൽ വലിയ പുകപടലം ഉയരുന്ന ചിത്രമാണ് നെതന്യാഹു പങ്കുവെച്ചത്.

ഇസ്രായേലി എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ യുവാൽ ബ്ലംബെർഗിന്റെ പ്രസ്താവനയോടൊപ്പമാണ് നെതന്യാഹു ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കെതിരെ ഇസ്രായേൽ ഉടനടി നടപടിയെടുക്കണമെന്നാണ് പ്രസ്താവന. "ഇസ്രായേൽ രാജ്യം നിലനിൽപ്പ് ഭീഷണി നേരിടുകയാണ്. ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കിയാൽ, പിന്നീട് ഒന്നും പഴയതുപോലെ ആകില്ല"- എന്ന് പ്രസ്താവനയിൽ പറയുന്നു.

ഇറാന്റെ ഭീഷണി ചെറുക്കാൻ ഇസ്രായേലിന് മുന്നിൽ വളരെ കുറഞ്ഞ സമയം മാത്രമേയുള്ളൂവെന്നും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ബാക്കിയുള്ള രണ്ടു വർഷത്തെ ഭരണകാലയളവ് ഇസ്രായേലിന്റെ ഭാവി സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ പൂർത്തിയാക്കാൻ പ്രയോജനപ്പെടുത്തണമെന്നും നെതന്യാഹു പറയുന്നു. അതേസമയം നെത്യനാഹുവിനെതിരെ പ്രതിപക്ഷം രംഗത്ത് എത്തി. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജനങ്ങൾക്കിടയിൽ ഭയം സൃഷ്ടിച്ച് വോട്ട് തട്ടാനാണ് നെതന്യാഹു ശ്രമിക്കുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കൾ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.

കടുത്ത ഭാഷയിലാണ് ഡെമോക്രാറ്റ്‌സ് അധ്യക്ഷൻ യായർ ഗോലാൻ പ്രതികരിച്ചത്. "ഇസ്രായേൽ പ്രധാനമന്ത്രി തെല അവീവിന് മുകളിൽ ആറ്റോമിക് ബോംബ് വീഴുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നു. അദ്ദേഹത്തെ സോഷ്യൽ മീഡിയയിൽ നിന്ന് മാറ്റിനിർത്തണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. അദ്ദേഹത്തിനും ചുറ്റുമുള്ളവർക്കും മാനസിക നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു," എന്ന് യായർ ഗോലാൻ കുറിച്ചു. ചൊവ്വാഴ്ചയാണ് ഇസ്രായേലിൽ വോട്ടെടുപ്പ് നടക്കുന്നത്. ഇസ്രായേൽ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഈ പൊതുതെരഞ്ഞെടുപ്പ്, ഗസ്സ, ലെബനൻ, ഇറാന്‍ യുദ്ധങ്ങളുടെയും ഹമാസിന്റെ മിന്നലാക്രമണത്തിന് ശേഷമുള്ള ആഭ്യന്തര രാഷ്ട്രീയ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിലാണ് നടക്കുന്നത്.

TAGS :

Next Story