Quantcast

ന്യൂയോർക്ക് സിറ്റി കംപ്ട്രോളറും മേയർ സ്ഥാനാർഥിയുമായ ബ്രാഡ് ലാൻഡർ ഇമിഗ്രേഷൻ കോടതിയിൽ അറസ്റ്റിൽ

ചൊവ്വാഴ്ച 26 ഫെഡറൽ പ്ലാസയിലെ ഇമിഗ്രേഷൻ കോടതിയിൽ വച്ചായിരുന്നു ഫെഡറൽ ഏജന്‍റുമാര്‍ അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Published:

    18 Jun 2025 8:50 AM IST

Brad Lander arrested
X

ന്യൂയോര്‍ക്ക് സിറ്റി; ന്യൂയോർക്ക് സിറ്റി കംപ്ട്രോളറും മേയർ സ്ഥാനാർഥിയുമായ ബ്രാഡ് ലാൻഡറിനെ ഇമിഗ്രേഷൻ കോടതിയിൽ വച്ച് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച 26 ഫെഡറൽ പ്ലാസയിലെ ഇമിഗ്രേഷൻ കോടതിയിൽ വച്ചായിരുന്നു ഫെഡറൽ ഏജന്‍റുമാര്‍ അറസ്റ്റ് ചെയ്തത്.

നാടുകടത്തൽ ഭീഷണി നേരിടുന്ന കുടിയേറ്റക്കാരെ പിന്തുണയ്ക്കുന്നതിനും വാദം കേൾക്കലുകൾ നിരീക്ഷിക്കുന്നതിനുമായി ലാൻഡർ അവിടെ ഉണ്ടായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു മാസത്തിനിടെ മൂന്നാമത്തെ തവണയാണ് അദ്ദേഹം കോടതിയിലെത്തുന്നത്. നിയമവിരുദ്ധമായി യുഎസിൽ കഴിയുന്ന കുടിയേറ്റക്കാരെ റെയ്ഡ് ചെയ്ത് നാടുകടത്താൻ ഏജന്‍റുമാര്‍ക്ക് ട്രംപ് ഭരണകൂടം നിര്‍ദേശം നൽകിയതിന് പിന്നാലെയാണ് സംഭവം.

ആ ദിവസം കേസ് തള്ളിയ ഒരു കുടിയേറ്റക്കാരനോടൊപ്പം ലാൻഡര്‍ നടക്കുന്നതാണ് വീഡിയോയിലുള്ളത്. അവർ കോടതിമുറിയിൽ നിന്ന് പുറത്തുപോകുമ്പോൾ, മുഖംമൂടി ധരിച്ച ഫെഡറൽ ഏജന്‍റുമാർ അവരെ തടഞ്ഞു. ലാൻഡറെയും കുടിയേറ്റക്കാരനെയും അറസ്റ്റ് ചെയ്തു. ലാൻഡര്‍ ഏജന്‍റുമാരോട് ജുഡീഷ്യൽ വാറണ്ട് കാണിക്കാൻ ആവശ്യപ്പെടുന്നുമുണ്ട്. "യുഎസ് പൗരന്മാരെ അറസ്റ്റ് ചെയ്യാൻ നിങ്ങൾക്ക് അധികാരമില്ല," ലാൻഡർ ഏജന്‍റുമാരോട് പറയുന്നത് വീഡിയോയിൽ കേൾക്കാം. എന്നാൽ ഇത് ശ്രദ്ധിക്കാതെ ഏജന്‍റുമാര്‍ ചുമരിൽ ചേർത്തു നിർത്തി കൈകളിൽ വിലങ്ങിട്ടു. എന്നാൽ അറസ്റ്റിനുള്ള കൃത്യമായ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ് (ഐസിഇ) ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല.

"26 ഫെഡറൽ പ്ലാസയിലെ ഇമിഗ്രേഷൻ കോടതിയിൽ നിന്ന് കുടിയേറ്റക്കാരനെ പുറത്തേക്ക് കൊണ്ടുപോകുമ്പോൾ, ബ്രാഡിനെ മുഖംമൂടി ധരിച്ച ഏജന്‍റുമാർ പിടികൂടി ഐസിഇ കസ്റ്റഡിയിലെടുത്തു" ലാൻഡറുടെ ഭാര്യ മെഗ് ബാർനെറ്റ് എക്സിൽ കുറിച്ചു. ഭര്‍ത്താവിനെക്കുറിച്ച് അഭിമാനിക്കുന്നുവെന്ന് ബാര്‍നെറ്റ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. "ഞാൻ കണ്ടത് ഞെട്ടിപ്പിക്കുന്നതും അസ്വീകാര്യവുമായിരുന്നു. ഇന്ന് ഞാൻ കണ്ടത് നിയമവാഴ്ചയല്ല," അവർ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

TAGS :

Next Story