Quantcast

ഫലസ്തീന്‍ അഭയാർഥി ക്യാമ്പിൽ നിന്നൊരു നൊബേൽ ജേതാവ്; ഉമർ മുവന്നിസ് യാഗിക്ക് ലഭിച്ചത് രസതന്ത്രത്തിനുള്ള പുരസ്കാരം

കുടിവെള്ളവും വൈദ്യുതിയൊന്നുമില്ലാത്ത ആ ദുരന്തപർവം അവസാനിച്ചത് 15ാം വയസിലെ യുഎസ് കുടിയേറ്റത്തോടെയാണ്

MediaOne Logo

Web Desk

  • Updated:

    2025-10-09 08:34:13.0

Published:

9 Oct 2025 1:54 PM IST

ഫലസ്തീന്‍ അഭയാർഥി ക്യാമ്പിൽ നിന്നൊരു നൊബേൽ ജേതാവ്; ഉമർ മുവന്നിസ് യാഗിക്ക് ലഭിച്ചത് രസതന്ത്രത്തിനുള്ള പുരസ്കാരം
X

ഉമർ മുവന്നിസ് യാഗി  Photo- Reuters

ന്യൂയോർക്ക്: 2025 രസതന്ത്ര നൊബേൽ പുരസ്‌കാരം മൂന്ന് ഗവേഷകർ പങ്കിട്ടപ്പോൾ അതിൽ ശ്രദ്ധേയമായി ഉമർ മുവന്നിസ് യാഗി.

രസതന്ത്രത്തിൽ പുതിയ ഗവേഷണ മേഖലകൾക്ക് വഴിതുറന്ന തന്മാത്ര ഘടനകൾ രൂപകൽപ്പന ചെയ്തതിനാണ് ജപ്പാനിൽ നിന്നുള്ള സുസുമു കിറ്റാഗവ, ബ്രിട്ടനിൽ നിന്നുള്ള റിച്ചാർഡ് റോബ്‌സൺ എന്നിവരോടൊപ്പം ജോർദാനിൽ നിന്നുള്ള ഉമർ മുവന്നിസ് യാഗിക്കും അവാർഡ് ലഭിച്ചത്. ഉമർ മുവന്നിസിന്റെ അഭയാര്‍ഥിത്വ അനുഭവമാണ് അദ്ദേഹത്തെ വേറിട്ടതാക്കുന്നത്.

ജോർദാന്റെ തലസ്ഥാനമായ അമ്മാനിലുള്ള ഒരു ഫലസ്തീൻ അഭയാർത്ഥി ക്യാമ്പിലാണ് ഉമർ യാഗി ജനിച്ചതും വളർന്നതും. 1948ൽ അറബ്-ഇസ്രായേൽ യുദ്ധകാലത്ത് വീടുകളിൽ നിന്ന് പുറത്താക്കപ്പെട്ട ലക്ഷക്കണക്കിന് ഫലസ്തീനികളുടെ കൂട്ടത്തിൽ അദ്ദേഹത്തിന്റെ മാതാപിതാക്കളും ഉണ്ടായിരുന്നു. നക്ബ എന്ന പേരിലാണ് ഈ പലായനം അറിയപ്പെടുന്നത്.

ശീതീകരിച്ച ഹാർവാർഡ് സര്‍വകലാശാലകളിലെ ലാബുകളിലെ പരീക്ഷണങ്ങള്‍ക്കപ്പുറം ഇടുങ്ങിയൊരു ജീവിതവും ഉമറിനുണ്ടായിരുന്നു. തന്റെ കുട്ടിക്കാലത്തെക്കുറിച്ച് ഉമര്‍ പറയുന്നത് ഇങ്ങനെ: 'ഒരു അഭയാർത്ഥി കുടുംബത്തിലാണ് ജനിച്ചത്, എന്റെ മാതാപിതാക്കൾക്ക് എഴുതാനോ വായിക്കാനോ അറിയില്ലായിരുന്നു. ഒരു കൊച്ചുമുറിയില്‍ നിന്നാണ് ജീവിതം തുടങ്ങിയത്. ഒറ്റക്കായിരുന്നില്ല, എന്നെപ്പോലെ നിരവധി കുട്ടികളും അവിടെയുണ്ടായിരുന്നു. പോരാത്തതിന് ഞങ്ങള്‍ വളര്‍ത്തുന്ന കാലികളും'

തന്റെ ദുരിതകാലം പല അഭിമുഖങ്ങളിലും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കുടിവെള്ളവും വൈദ്യുതിയൊന്നുമില്ലാത്ത ആ ദുരന്തപർവം അവസാനിച്ചത് 15ാം വയസിലെ യുഎസ് കുടിയേറ്റത്തോടെയാണ്. പിതാവാണ് കുടിയേറ്റത്തിനുള്ള വഴിയൊരുക്കുന്നതും. അറബി ഭാഷ മാത്രം വശമുള്ള ഉമർ, ലോകത്തിലെ ഏറ്റവും അഭിമാനാർഹമായൊരു പുരസ്‌കാരം സ്വന്തമാക്കിയെങ്കിൽ അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ പ്രതിഫലനം കൂടിയാണ്. സ്വയം പണം കണ്ടെത്തിയും ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കിയതൊക്കെ 'പണിയെടുത്താണ്'. 1985ല്‍ സണി അൽബാനിയിൽ നിന്നാണ് അദ്ദേഹം രസതന്ത്രത്തിൽ ബിരുദം നേടുന്നത്. തുടർന്ന് 1990ൽ ഇല്ലിനോയിസ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടി.

തുടക്കം മുതൽ തന്നെ രസതന്ത്രത്തോട് പ്രണയമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 'ക്ലാസുകള്‍ ഇഷ്ടപ്പെട്ടില്ലെന്നും പക്ഷേ ലാബ് എനിക്ക് വളരെ ഇഷ്ടമായിരുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. രസതന്ത്രത്തോടുള്ള ആ സ്നേഹമാണ് അദ്ദേഹത്തെ ഹാർവാർഡ് വരെ എത്തിച്ചത്. പിന്നെ അരിസോണ സ്റ്റേറ്റ്, മിഷിഗൺ, യുസിഎൽഎ എന്നിവിടങ്ങളിലെ പ്രൊഫസർ സ്ഥാനങ്ങളില്‍ വരെ എത്തി. 1990കളിലാണ്, ഉമര്‍ യാഗി, രസതന്ത്രത്തെ വാസ്തുവിദ്യയായി കാണാൻ തുടങ്ങുന്നതും അതില്‍ വര്‍ക്ക് ചെയ്യുന്നതും.

വിമാനയാത്രക്കിടയിലാണ് നോബല്‍ കമ്മിറ്റി പുരസ്‌കാര വിവരം ഉമര്‍ യാഗിയെ അറിയിക്കുന്നത്. പിന്നീട് പുരസ്‌കാര നേട്ടത്തിലുള്ള ആദ്യ പ്രതികരണത്തിനായി നോബല്‍ കമ്മിറ്റി വെബ്സൈറ്റിലെ റിപ്പോര്‍ട്ടര്‍ വിളിക്കുമ്പോഴും മറ്റൊരു വിമാനത്തിലായിരുന്നു അദ്ദേഹം. ഫോണ്‍ കട്ടാകുന്നത് വരെ സംസാരിക്കാമെന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന ആ സംഭാഷണത്തില്‍ ആദ്യ പ്രതികരണം എന്താണെന്ന് ചോദിക്കുന്ന റിപ്പോര്‍ട്ടറോട് നേട്ടത്തില്‍ ആഹ്ലാദമുണ്ടെന്നായിരന്നു മറുപടി. ഒരു അഭയാര്‍ഥി കുടുംബത്തിലാണ് ജനിച്ചതെന്നും അച്ഛന് വെറും ആറാംക്ലാസ് വിദ്യാഭ്യാസം മാത്രമേയുള്ളൂവെന്നും അമ്മയ്ക്ക് വിദ്യാഭ്യാസമേ ലഭിച്ചിട്ടില്ലെന്നും ആ അഭിമുഖത്തില്‍ അദ്ദേഹം തുറന്നുപറയുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ യാത്ര അത്രമേല്‍ ലളിതമായിരുന്നില്ലെന്നും യാഗി പറയുന്നു.

TAGS :

Next Story