Quantcast

ഇറാനെ ആക്രമിക്കാനുള്ള തീരുമാനം മോദിയുടെ സന്ദര്‍ശനവേളയിലോ? മറുപടിയുമായി ഇസ്രായേല്‍

ഫെബ്രുവരി 26ന് ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള 17ഓളം കരാറുകളില്‍ മോദിയും നെതന്യാഹുവും ഒപ്പുവെച്ചിരുന്നു

MediaOne Logo
ഇറാനെ ആക്രമിക്കാനുള്ള തീരുമാനം മോദിയുടെ സന്ദര്‍ശനവേളയിലോ? മറുപടിയുമായി ഇസ്രായേല്‍
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിന് തൊട്ടടുത്ത ദിവസം മുതലാണ് പശ്ചിമേഷ്യയെ ഒന്നടങ്കം മുള്‍മുനയില്‍ നിര്‍ത്തി ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തിന് തുടക്കമായത്. യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ നടത്തിയ ശക്തമായ വ്യോമാക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടിരുന്നു. മികച്ച അവസരത്തിനായി തങ്ങള്‍ കാത്തിരിക്കുകയായിരുന്നുവെന്നും ഇസ്രായേലിന്റെ ഇന്റലിജന്‍സ് വിഭാഗത്തിന്റെയും സൈനികനീക്കത്തിന്റെയും വര്‍ഷങ്ങളായ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ അവസരം ലഭിച്ചതെന്നും ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ റൂവര്‍ അസര്‍ അറിയിച്ചു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അസറിന്റെ പ്രതികരണം.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനസമയത്ത് ഇസ്രായേല്‍ ആക്രമണത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് ഇസ്രായേല്‍ വക്താവ് പറഞ്ഞു. 'കൃത്യമായ അവസരം തന്നെയാണ് ഇസ്രായേലിന് ലഭിച്ചത്. ഇറാനെതിരായ ആക്രമണത്തെക്കുറിച്ച് മോദിയുടെ സന്ദര്‍ശനവേളയില്‍ ഒന്നും അറിയുമായിരുന്നില്ല. ആ സമയത്ത് മോദി ഇസ്രായേലിലുണ്ടായിരുന്നുവെന്നത് ശരിതന്നെ. പക്ഷെ, പ്രാദേശിക വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചുവെന്നല്ലാതെ ഞങ്ങള്‍ക്കറിയാത്ത കാര്യങ്ങളൊന്നും അന്ന് സംസാരിച്ചിരുന്നില്ല'. അസര്‍ വ്യക്തമാക്കി.

ഫെബ്രുവരി 26ന് ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള 17ഓളം കരാറുകളില്‍ മോദിയും നെതന്യാഹുവും ഒപ്പുവെച്ചിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ ഇറാനെതിരെ കനത്ത ആക്രമണങ്ങള്‍ അഴിച്ചുവിട്ടത്.

ഇറാനില്‍ നിന്ന് ദശാബ്ദങ്ങളായി ഇസ്രായേല്‍ ക്രൂരതകള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടാണ് ഇസ്രായേലിന്റെ ഇന്റലിജന്‍സ് വിഭാഗങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഇറാന്റെ നീക്കങ്ങളറിയാനും തൊട്ടടുത്ത നിമിഷം അവര്‍ക്കെന്തെല്ലാം ചെയ്യാനാകുമെന്ന് നിരീക്ഷിക്കാനും ശ്രമിച്ചതെന്നും അസര്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസം രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേലിലെത്തിയിരുന്നു. പ്രതിരോധ-വാണിജ്യ രംഗങ്ങളിലെ പ്രധാനകരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കുകയും ചെയ്തിരുന്നു. കൂടിക്കാഴ്ചയില്‍, സ്വാതന്ത്ര്യത്തിന് മുന്‍പും ശേഷവും ഇന്ത്യ പിന്തുടരുന്ന ഫലസ്തീനൊപ്പമെന്ന പരമ്പരാഗത നിലപാട് മോദി തിരുത്തിയിരുന്നു. ഇസ്രായേല്‍ പാര്‍ലമെന്റായ നെസറ്റില്‍ സംസാരിക്കവേ ഇന്ത്യ ഇസ്രായേലിനൊപ്പം എന്നാണ് മോദി പ്രഖ്യാപിച്ചത്. 2023 ഒക്ടോബര്‍ ഏഴിലെ ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തെ ഏറ്റവും ശക്തമായ ഭാഷയില്‍ അപലപിച്ച മോദി, ഇസ്രായേലിന്റെ വേദനയില്‍ പങ്കുചേരുന്നുവെന്നും ഈ നിമിഷത്തിലും അതിനുശേഷവും ഇന്ത്യ ഇസ്രായേലിനൊപ്പമായിരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

TAGS :

Next Story