'കളവ് പറയുന്നു, തെരഞ്ഞെടുപ്പ് ഫലം വൈകിപ്പിക്കാൻ നീക്കം': നെതന്യാഹുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ്
പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചുമാണ് നെതന്യാഹു പ്രതികരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ഗാഡി ഐസൻകോട്ട്

- Published:
29 Oct 2026 9:24 PM IST

തെല്‍ അവീവ്: ഇസ്രായേല്‍ പൊതു തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വൈകിപ്പിക്കാനും പുതിയ കെനെസ്സറ്റിന്റെ (ഇസ്രായേൽ പാർലമെന്റ്) നിയമസാധുതയെ ചോദ്യം ചെയ്യാനും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് ഗാഡി ഐസൻകോട്ട്.
ജനവിധിക്ക് മുകളിൽ വഴിവിട്ട സ്വാധീനം ചെലുത്താനാണ് നെതന്യാഹുവും സഖ്യകക്ഷികളും ശ്രമിക്കുന്നതെന്ന് ഐസൻകോട്ട് കുറ്റപ്പെടുത്തി. രാഷ്ട്രീയത്തിൽ ഉണ്ടാകുന്ന തിരിച്ചടികളോട് വ്യാജപ്രചാരണങ്ങൾ അഴിച്ചുവിട്ടും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചുമാണ് നെതന്യാഹു പ്രതികരിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ അറബ് പാർട്ടികൾക്ക് അനുകൂലമായി 'വിദേശ രാജ്യങ്ങൾ' ഇടപെട്ടുവെന്ന ആരോപണത്തില്‍ അന്വേഷണം നടത്താൻ ഇസ്രായേൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അധ്യക്ഷൻ ജഡ്ജി നോം സോൾബെർഗ്, രാജ്യത്തെ സുരക്ഷാ ഏജൻസിയായ 'സിൻ ബെറ്റ്' മേധാവി ഡേവിഡ് സിനിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പിൽ വിദേശ ഇടപെടലുണ്ടായിട്ടുണ്ടോ എന്നതിനെക്കുറിച്ച് നിഷ്പക്ഷവും അടിയന്തരവുമായ സമഗ്ര അന്വേഷണം വേണമെന്ന് ഐസൻകോട്ട് ആവശ്യപ്പെട്ടെങ്കിലും, അതിന്റെ പേരിൽ പാര്‍ലെമന്റ് യോഗം വിളിച്ചുചേർക്കുന്നത് വൈകിപ്പിക്കരുതെന്നും വ്യക്തമാക്കി.
അതേസമയം ഇസ്രായേലിലെ അറബ് സമൂഹത്തിന് കൈവന്നിരിക്കുന്ന പുതിയ രാഷ്ട്രീയ ശക്തിയെ നെതന്യാഹുവും അദ്ദേഹത്തിന്റെ തീവ്ര വലതുപക്ഷ കൂട്ടുകെട്ടും ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് ഇത്തരം ആരോപണങ്ങളെന്ന് അറബ് സഖ്യമായ ജോയിന്റ് ലിസ്റ്റ് വ്യക്തമാക്കി. ഇത്തരം വ്യാജപ്രചാരണങ്ങൾ ഏറ്റുപിടിക്കുന്നത് അവസാനിപ്പിക്കണമെന്നും അറബ് സഖ്യം ആവശ്യപ്പെട്ടു.
അറബ് രാഷ്ട്രീയ പാർട്ടികൾക്കെതിരെ വിദേശ ഫണ്ട് ആരോപണവുമായാണ് നെതന്യാഹുവും സഖ്യകക്ഷികളും രംഗത്ത് എത്തിയിരുന്നത്. ഖത്തറും തുർക്കിയും തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാണ് നെതന്യാഹു ആരോപിക്കുന്നത്. എന്നാല്‍ ആരോപണം നിഷേധിച്ച് ഖത്തര്‍ രംഗത്ത് എത്തുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ ഖത്തർ പണം ചെലവഴിക്കുകയോ മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി വാർത്തകുറിപ്പിൽ വ്യക്തമാക്കി.
Adjust Story Font
16
