Quantcast

''മതനിഷേധിയാണ് താങ്കള്‍''; ഗ്രീസിൽ മാർപാപ്പയ്‌ക്കുനേരെ ആക്രോശിച്ച് ഓർത്തഡോക്‌സ് പുരോഹിതൻ

ഏഥൻസിലെ ഓർത്തഡോക്‌സ് ആർച്ച്ബിഷപ്പ് ഹിരോണിമസിന്‍റെ അരമനയിലെത്തുമ്പോഴായിരുന്നു സംഭവം

MediaOne Logo

Web Desk

  • Published:

    5 Dec 2021 11:05 AM GMT

മതനിഷേധിയാണ് താങ്കള്‍; ഗ്രീസിൽ മാർപാപ്പയ്‌ക്കുനേരെ ആക്രോശിച്ച് ഓർത്തഡോക്‌സ് പുരോഹിതൻ
X

ഫ്രാൻസിസ് മാർപ്പാപ്പയുടെ ഗ്രീസ് സന്ദർശനത്തിനിടെ നാടകീയരംഗങ്ങൾ. ഏഥന്‍സില്‍ ഔദ്യോഗിക സന്ദർശനം നടത്തുന്നതിനിടെ മാര്‍പാപ്പയ്‍ക്കെതിരെ പുരോഹിതന്‍റെ പ്രതിഷേധം. മാര്‍പാപ്പയ്ക്കുനേരെ അധിക്ഷേപവുമായി പാഞ്ഞടുത്ത പുരോഹിതന്‍ മതനിഷേധിയും നിരീശ്വരവാദിയുമാണ് പോപ്പെന്ന് ഉറക്കെ ആക്രോശിക്കുകയും ചെയ്തു.

ഇന്ന് ഏഥൻസിലെ ഓർത്തഡോക്‌സ് ആർച്ച്ബിഷപ്പിന്റെ അരമനയിലെത്തുമ്പോഴായിരുന്നു സംഭവം. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഗ്രീക്ക് ഓർത്തഡോക്‌സ് സഭയിലെ ഒരു പുരോഹിതനാണ് മാർപാപ്പയ്ക്കുനേരെ ബഹളംവച്ച് പാഞ്ഞടുത്തത്. തുടര്‍ന്ന് പൊലീസ് ഇദ്ദേഹത്തെ പിടിച്ചുമാറ്റുകയായിരുന്നു. കറുത്ത ളാഹയും തൊപ്പിയും ധരിച്ചായിരുന്നു പുരോഹിതന്‍ സ്ഥലത്തെത്തിയത്.

ഫ്രാൻസിസ് മാർപാപ്പ മതനിഷേധിയാണെന്നും അദ്ദേഹം മാപ്പുപറയണമെന്നും സംഭവത്തിനുശേഷം വൈദികൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പോപ്പിനെ ഗ്രീസിൽ ആരും അംഗീകരിക്കുന്നില്ലെന്നും ഇദ്ദേഹം വിമര്‍ശിച്ചു. സംഭവത്തിന്‍റെ വിഡിയോദൃശ്യങ്ങള്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് പുറത്തുവിട്ടിട്ടുണ്ട്.

1,200 വർഷമായി ഓർത്തഡോക്‌സ്-കത്തോലിക്കാ സഭകൾക്കിടയിലുള്ള രൂക്ഷമായി നിലനില്‍ക്കുന്ന ഭിന്നതകളുടെയും വൈരത്തിന്‍റെയും ഒടുവിലത്തെ ഉദാഹരണമായാണ് സംഭവം വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം ഓർത്തഡോക്‌സ് ക്രിസ്ത്യാനികൾ ഭൂരിപക്ഷമുള്ള സൈപ്രസിലെത്തിയപ്പോഴും മാർപാപ്പയ്‌ക്കെതിരെ പ്രതിഷേധമുണ്ടായിരുന്നു.

ത്രിദിന സന്ദർശനത്തിനായി ഇന്നലെയാണ് മാർപാപ്പ ഗ്രീസിലെത്തിയത്. രണ്ടു പതിറ്റാണ്ടിനുശേഷമാണ് ഒരു കത്തോലിക്കാ മതമേലധ്യക്ഷൻ ഗ്രീസിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നത്. 20 വർഷങ്ങൾക്കുമുൻപ് സെന്റ് ജോൺ പോൾ രണ്ടാമനായിരുന്നു അവസാനമായി ഗ്രീക്ക് സന്ദർശിച്ച മാർപാപ്പ. ഗ്രീസിലെ ഓർത്തഡോക്‌സ് ആർച്ച്ബിഷപ്പ് ഹിരോണിമസുമായുള്ള കൂടിക്കാഴ്ച ഏറെനേരം നീണ്ടു. ഇരുവിഭാഗങ്ങളും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന അവിശ്വാസവും വൈരവും മറികടക്കാൻ ഇരുവരും ആഹ്വാനം ചെയ്തു. അധികാരമത്സരത്തിന്റെ ഭാഗമായി കത്തോലിക്കാ വിശ്വാസികളുടെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങൾക്കും മോശം നടപടികൾക്കും മാർപാപ്പ മാപ്പുചോദിക്കുകയും ചെയ്തിട്ടുണ്ട്.

Summary: A Greek Orthodox priest shouted "Pope, you are a heretic" as Pope Francis was entering the Orthodox Archbishopric in Athens today

TAGS :

Next Story