Quantcast

'സ്യൂട്ടിട്ട ഉസാമ ബിന്‍ലാദന്‍'; പാക് സൈനിക മേധാവിയെ യുഎസില്‍ നിന്ന് വിലക്കണമെന്ന് മുന്‍ പെന്‍റഗണ്‍ ഉദ്യോഗസ്ഥന്‍

പാകിസ്താന്‍ ഒരു ആണവ രാഷ്ട്രമാണെന്നും ഇല്ലാതാകുമെന്ന് തോന്നിയാല്‍ ലോകത്തിന്‍റെ പകുതിയും ഞങ്ങള്‍ തകര്‍ക്കുമെന്നും അസിം മുനീര്‍ ഭീഷണി മുഴക്കിയിരുന്നു

MediaOne Logo

Web Desk

  • Published:

    12 Aug 2025 9:34 AM IST

സ്യൂട്ടിട്ട ഉസാമ ബിന്‍ലാദന്‍; പാക് സൈനിക മേധാവിയെ യുഎസില്‍ നിന്ന് വിലക്കണമെന്ന് മുന്‍ പെന്‍റഗണ്‍ ഉദ്യോഗസ്ഥന്‍
X

വാഷിങ്ടണ്‍: പാകിസ്താന്‍ സൈനിക മേധാവി അസിം മുനീറിന്‍റെ അമേരിക്കന്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് മുന്‍ പെന്‍റഗണ്‍ ഉദ്യോഗസ്ഥന്‍ മൈക്കല്‍ റൂബിന്‍.ഇന്ത്യക്കെതിരെയുയര്‍ത്തിയ ആണവ ഭീഷണിയടക്കമുള്ള പാക് സൈനിക മേധാവിയുടെ വാക്കുകള്‍ 9/11 ന് പിന്നിലെ ഭീകരന്‍ ഉസാമ ബിന്‍ലാദനില്‍ നിന്ന് കേട്ടതിനെ ഓര്‍പ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ മണ്ണിൽ പാകിസ്താന്‍റെ ഭീഷണികൾ പൂർണമായും അസ്വീകാര്യമാണെന്നും വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ റൂബിൻ പറഞ്ഞു.

അസിം മുനീര്‍ സ്യൂട്ട് ധരിച്ച ഉസാമയാണെന്നും റൂബിന്‍ ആരോപിച്ചു. ഒരു രാഷ്ട്രം എന്ന നിലയിൽ പാകിസ്താന് ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിയുമോ എന്നതിനെക്കുറിച്ച് പലരുടെയും മനസ്സിൽ ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നും റൂബിന്‍ പറഞ്ഞു. നാറ്റോ ഇതര സഖ്യകക്ഷി എന്ന പദവി പാകിസ്താനില്‍ നിന്ന് എടുത്തുകളയുകയും തീവ്രവാദ രാഷ്ട്രമായി പാകിസ്താനെ പ്രഖ്യാപിക്കുകയും ചെയ്യുന്നത് ഉൾപ്പെടെയുള്ള നയതന്ത്രപരമായ നടപടികള്‍ ഉടനടി ഉണ്ടാകണമെന്ന് റൂബിൻ ആവശ്യപ്പെട്ടു.യുഎസ് വിസ സ്വീകരിക്കുന്നതിൽ നിന്ന് അസിം മുനീറിനെ വിലക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫ്ലോറിഡയിലെ ടാമ്പയിൽ നടന്ന ഒരു പരിപാടിയിലായിരുന്നു പാക് സൈനിക മേധാവി ആണവായുധ ഭീഷണി മുഴക്കിയത്. പാകിസ്താന്‍ ഒരു ആണവ രാഷ്ട്രമാണ്.ഞങ്ങള്‍ ഇല്ലാതാകുമെന്ന് തോന്നിയാല്‍ ലോകത്തിന്‍റെ പകുതിയും ഞങ്ങള്‍ തകര്‍ക്കുമെന്നും അസിം മുനീര്‍ പറഞ്ഞു.

ഇന്ത്യ സിന്ധു നദിയിൽ അണക്കെട്ട് പണിതാൽ,നിർമാണം പൂർത്തിയായ ഉടൻ മിസൈൽ അയച്ച് തകർക്കുമെന്നും അസിം മുനീർ ഭീഷണി മുഴക്കിയിരുന്നു.സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബ സ്വത്തെല്ലെന്നും ഞങ്ങൾക്ക് മിസൈലുകൾക്ക് കുറവില്ലെന്നും ഡാം നിർമ്മിച്ചു കഴിഞ്ഞാൽ 10 മിസൈൽ ഉപയോഗിച്ച് ഞങ്ങൾ അത് തകർക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അസിം മുനീറിന്‍റെ ആണവായുധ ഭീഷണിക്കെതിരെ ശക്തമായ ഭാഷയില്‍ ഇന്ത്യയും രംഗത്തെത്തിയിരുന്നു. ആണവ ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇന്ത്യ ഇതിനകം വ്യക്തമാക്കിയിട്ടുണ്ടെന്നും നമ്മുടെ ദേശീയ സുരക്ഷ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും ഞങ്ങൾ തുടർന്നും സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

TAGS :

Next Story