'മോദി, താങ്കൾ മഹാനാണ്..'- ട്രംപ് മോദിക്ക് നൽകിയ ആ പുസ്തകം.. പ്രത്യേകതകൾ ഇതൊക്കെ...
2021ൽ ട്രംപ് അധികാരമൊഴിഞ്ഞ വർഷമാണ് പുസ്തകം പ്രസിദ്ധീകരിച്ചത്, ബുക്കിന് ഇന്ത്യൻ വിപണിയിൽ 6000 രൂപയാണ് വില

മോദിയുടെ അമേരിക്കൻ സന്ദർശനത്തെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾക്ക് അടുത്ത കാലത്തൊന്നും പഞ്ഞമുണ്ടാകുമെന്ന് തോന്നുന്നില്ല. ട്രംപ് വീണ്ടും പ്രസിഡന്റ് ആയതിന് ശേഷമുള്ള ആദ്യത്തെ യുഎസ് സന്ദർശനം ആയതുകൊണ്ട് തന്നെ വാർത്തകളിങ്ങനെ നിറഞ്ഞ് കവിയുകയാണ്. മോദി വൈറ്റ്ഹൗസിൽ ചെന്നപ്പോൾ മുതലുണ്ടായ ഓരോ സംഭവവും വലിയ ഹിറ്റുകളാണ് സോഷ്യൽമീഡിയയിൽ.
പഴയ കൂട്ടുകാരനെ വീണ്ടും കണ്ട സന്തോഷം തന്നെയായിരുന്നു മോദിയെ കണ്ടപ്പോൾ ട്രംപിന്. ഞാൻ നിങ്ങളേ ഒരുപാട് മിസ് ചെയ്തു എന്ന് മോദിയെ കണ്ടപ്പോഴേ പറഞ്ഞു ട്രംപ്. മോദിക്കിരിക്കാൻ കസേര വലിച്ചിട്ട് കൊടുത്ത്, ആലിംഗനവും ചെയ്ത ശേഷമാണ് അദ്ദേഹം ഔദ്യോഗികമായി കൂടിക്കാഴ്ച തുടങ്ങിയത്. ഇതൊന്നും കൂടാതെ കൂടിക്കാഴ്ചയ്ക്ക് ശേഷം പിരിയും മുമ്പ് മോദിക്ക് ഒരു സമ്മാനവും ട്രംപ് നൽകിയിട്ടുണ്ട്- ട്രംപ് ഒപ്പിട്ട ഒരു പുസ്തകം..
'അവർ ജേർണി ടുഗതർ' എന്ന ഈ പുസ്തകത്തിന്റെ പ്രാധാന്യം തിരയുകയാണിപ്പോൾ സോഷ്യൽ മീഡിയ. പുസ്തകത്തിൽ, മിസ്റ്റർ പ്രൈംമിനിസ്റ്റർ, താങ്കളൊരു മഹാനാണ് എന്ന് കുറിച്ചിട്ടുമുണ്ട് ട്രംപ്. ഒന്നാം ട്രംപ് സർക്കാരിന്റെ കാലത്തെ പ്രധാന സംഭവങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഒരു ഫോട്ടോ ബുക്ക് ആണ് 'അവർ ജേർണി ടുഗതർ'. 320 പോജുകളുണ്ടിതിന്. 2021ൽ ട്രംപ് അധികാരമൊഴിഞ്ഞ വർഷമാണ് ഇത് പ്രസിദ്ധീകരിച്ചത്. അടിക്കുറുപ്പ് സഹിതമാണ് പുസ്തകത്തിൽ ചിത്രങ്ങൾ.. ട്രംപ് 2020ൽ ഇന്ത്യയിലെത്തിയപ്പോൾ നടത്തിയ നമസ്‌തേ ട്രംപ് റാലിയുടെയും ട്രംപും മെലനിയയും താജ്മഹലിന് മുന്നിൽ നിൽക്കുന്ന ഫോട്ടോയുമൊക്കെ ഈ ബുക്കിലുണ്ട്.
മോദിയുടെ യുഎസ് സന്ദർശനത്തിലെ ഹൗഡി മോദിയുടെ ചിത്രങ്ങളും ബുക്കിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 2019ൽ ഹൂസ്റ്റണിലെ ഫുട്‌ബോൾ സ്‌റ്റേഡിയത്തിലാണ് ഹൗഡി മോദി പരിപാടി നടന്നത്. അൻപതിനായിരത്തിലധികം ഇന്ത്യൻ അമേരിക്കക്കാർ അന്ന് പരിപാടിയിൽ പങ്കെടുത്തെന്നാണ് കണക്ക്. അഞ്ച് മാസത്തിന് ശേഷം ഫെബ്രുവരിയിൽ അഹമ്മദാബാദിലായിരുന്നു നമസ്‌തേ ട്രംപ് എന്ന പരിപാടി.
ബുക്കിലെ ഫോട്ടോയൊക്കെ ട്രംപ് മോദിയെ കാണിക്കുന്ന വീഡിയോ ഒക്കെ നേരത്തേ പുറത്തെത്തിയിരുന്നു. മോദി തന്റെ നല്ലൊരു സുഹൃത്താണെന്നും തങ്ങളിരുവരും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ടെന്നും റിപ്പോർട്ടമാരോട് പറയുകയും ചെയ്തു.
യുഎസ് മിലിട്ടറിയുടെ നാലാം ബ്രാഞ്ച് ഉദ്ഘാടനം, ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്, റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ എന്നിവരുമായുള്ള കൂടിക്കാഴ്ച എന്നിവയുടെയും ചിത്രങ്ങൾ ഫോട്ടോ ബുക്കിലുണ്ട്. ബുക്കിന് ഇന്ത്യൻ വിപണിയിൽ 6000 രൂപയാണ് വില.
ട്രംപിന്റെ സ്വീകരണത്തിനും സമ്മാനത്തിനുമെല്ലാം നന്ദി പറഞ്ഞ മോദി, അദ്ദേഹത്തിന്റെ ഭരണത്തെ കാര്യമായി തന്നെ പ്രശംസിച്ചിട്ടുണ്ട്. ട്രംപിന്റെ നേതൃപാടവം ഗംഭീരം എന്നായിരുന്നു മോദിയുടെ പ്രശംസ. എല്ലാത്തിനും മീതെ രാജ്യതാല്പര്യം ഉയർത്തിപ്പിടിക്കാനുള്ള ട്രംപിന്റെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവില്ലെന്നാണ് മോദി പറഞ്ഞത്. ട്രംപിനെ കണ്ടാണ് താനും രാജ്യതാല്പര്യങ്ങൾക്ക് മുൻഗണന നൽകാൻ പഠിച്ചതെന്നും പറഞ്ഞു മോദി.
ഒരു മണിക്കൂറോളം നീണ്ട ചർച്ചയിൽ, കുടിയേറ്റക്കാരായ ഇന്ത്യക്കാരെ കൈവിലങ്ങണിയിച്ചും ചങ്ങലയ്ക്കിട്ടും കൊണ്ടുവന്നത് പ്രധാനമന്ത്രി പരാമർശിച്ചിട്ടില്ല. കുടിയേറ്റത്തെ കുറിച്ച് ആകെ പറഞ്ഞത് യുഎസിൽ അനധികൃതമായി താമസിക്കുന്ന ഇന്ത്യക്കാരെ തിരിച്ചെടുക്കാൻ ഇന്ത്യ തയ്യാറാണ് എന്നതാണ്. മനുഷ്യക്കടത്തിന് തടയിടാൻ ശ്രമമുണ്ടാകുമെന്ന് ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ കുറിച്ച് കൂടിക്കാഴ്ചയിൽ കാര്യമായി ചർച്ച ചെയ്യാഞ്ഞത് അന്താരാഷ്ട്ര തലത്തിൽ ഇതിനോടകം തന്നെ ചർച്ചയായി കഴിഞ്ഞു.
Adjust Story Font
16

