യുക്രൈനുമായുള്ള യുദ്ധത്തില്‍ പങ്കെടുപ്പിക്കുന്നതിനായി റഷ്യ റിക്രൂട്ട് ചെയ്തത് 200 ഇന്ത്യക്കാരെ; 2022 മുതല്‍ കൊല്ലപ്പെട്ടത് 26 പേര്‍
യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നതായും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി

ന്യൂഡൽഹി: ലോകമൊന്നടങ്കം ഉറ്റുനോക്കിയ റഷ്യ- യുക്രൈൻ യുദ്ധം തുടര്‍ന്നുകൊണ്ടിരിക്കെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. യുദ്ധത്തില്‍ പങ്കെടുപ്പിക്കുന്നതിനായി 200 ഇന്ത്യക്കാരെ റഷ്യ നിയമിച്ചുവെന്ന ഗുരുതരമായ വെളിപ്പെടുത്തലാണ് മന്ത്രാലയം വെള്ളിയാഴ്ച നടത്തിയത്. എംപിമാരായ സാകേത് ഗോഖലെയും രണ്‍ദീപ് സിങും രാജ്യസഭയില്‍ ഉന്നയിച്ച നക്ഷത്രചിഹ്നമില്ലാത്ത ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രാലയം.
2024 ഫെബ്രുവരിയില്‍ ആരംഭിച്ച റഷ്യ- യുക്രൈൻ യുദ്ധത്തില്‍ 202 ഇന്ത്യക്കാര്‍ റഷ്യന്‍ സായുധസേനയുടെ ഭാഗമായെന്നാണ് മന്ത്രാലയത്തിന്റെ പ്രസ്താവന. യുദ്ധത്തില്‍ 26 ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടമായതായും ഏഴ് പേരെ റഷ്യന്‍ അതിര്‍ത്തിയില്‍ വെച്ച് കാണാതായതായും പ്രസ്താവനയില്‍ മന്ത്രാലയം വ്യക്തമാക്കി. യുദ്ധത്തില്‍ കൊല്ലപ്പെട്ട 10 പേരുടെ മൃതദേഹങ്ങള്‍ തിരികെ നാട്ടിലെത്തിക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കൂടാതെ, റഷ്യന്‍ സായുധസേനയില്‍ സേവനം തുടരുന്ന 50 ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനായി ചര്‍ച്ചകള്‍ നടക്കുന്നതായും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
'റഷ്യന്‍ സായുധസേനയില്‍ സേവനമനുഠിക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഇതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ ഗൗരവസ്വഭാവത്തില്‍ റഷ്യയുമായി സംസാരിക്കുന്നുണ്ട്'. പ്രസ്താവനയിലൂടെ മന്ത്രാലയം അറിയിച്ചു.
'ഇതേക്കുറിച്ച് പലപ്പോഴായി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. നേതാക്കളുമായും മന്ത്രിമാരുമായും ഔദ്യോഗിക വൃത്തങ്ങളുമായും സംസാരിച്ചുകൊണ്ടേയിരിക്കുകയാണ്. റഷ്യയില്‍ കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്തവരില്‍ ഇന്ത്യക്കാരെ സ്ഥിരീകരിക്കുന്നതിനായി 18 പേരുടെ ഡിഎന്‍എ സാമ്പിളുകള്‍ റഷ്യക്ക് അയച്ചിട്ടുണ്ട്.' മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ലോകമൊന്നടങ്കം ഉറ്റുനോക്കിയ റഷ്യ-യുക്രൈൻ സംഘര്‍ഷത്തില്‍ റഷ്യ എങ്ങനെയാണ് ഇന്ത്യൻ സൈനികരെ റിക്രൂട്ട് ചെയ്തതെന്ന വലിയ ചോദ്യചിഹ്നം ഇപ്പോഴും നിലനില്‍ക്കുകയാണ്. 2022ല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുഡിന്റെ നേതൃത്വത്തില്‍ 128 രാജ്യങ്ങളില്‍ നിന്ന് സൈനികരെ നിയമിക്കുന്നതിനായുള്ള ശ്രമങ്ങള്‍ റഷ്യ നടത്തിയിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നടന്ന ഏറ്റവും ഭീകരമായ യുദ്ധത്തില്‍ ഒരു മില്യണിലേറെ മനുഷ്യര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. മോസ്‌കോയില്‍ തന്നെ എട്ട് ലക്ഷത്തില്‍പരമാളുകള്‍ പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്. 85000ത്തിന് അടുത്ത് മനുഷ്യരെ കാണാതായിട്ടുണ്ടെന്നുമാണ് റഷ്യന്‍ കണക്കുകള്‍.
Adjust Story Font
16

