Quantcast

ഇമ്രാൻ ഖാനെതിരായ ഭീകരവാദ കുറ്റം റദ്ദാക്കി പാക് കോടതി

ആ​ഗസ്റ്റ് 20ന് ഇസ്‌ലാമാബാദിൽ നടത്തിയ പ്രസംഗത്തിൽ ഇമ്രാൻ ഖാൻ വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി സദ്ദാർ മജിസ്ട്രേറ്റ് അലി ജാവേദ് നൽകിയ പരാതിയിലായിരുന്നു നടപടി.

MediaOne Logo

Web Desk

  • Published:

    19 Sep 2022 11:51 AM GMT

ഇമ്രാൻ ഖാനെതിരായ ഭീകരവാദ കുറ്റം റദ്ദാക്കി പാക് കോടതി
X

ഇസ്‌ലാമാബാദ്‌: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ തീവ്രവാദ കുറ്റങ്ങൾ റദ്ദാക്കാൻ കോടതി ഉത്തരവ്. ഖാനെതിരായ ആരോപണങ്ങൾ തീവ്രവാദ കുറ്റങ്ങൾ ചുമത്താൻ സാധിക്കുന്നവയല്ലെന്ന് നിരീക്ഷിച്ച് ഇസ്‌ലാമാബാദ്‌ ഹൈക്കോടതിയാണ് തിങ്കളാഴ്ച ഉത്തരവിട്ടത്.

ഇസ്‌ലാമാബാദ്‌ അഡീഷനൽ സെഷൻസ് ജഡ്ജിക്കും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് ഖാനെതിരെ ഭീകരവിരുദ്ധ നിയമപ്രകാരം ഭീകരവാദ കുറ്റം ചുമത്തിയത്. ആ​ഗസ്റ്റ് 20ന് ഇസ്‌ലാമാബാദിൽ നടത്തിയ പ്രസംഗത്തിൽ ഇമ്രാൻ ഖാൻ വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി സദ്ദാർ മജിസ്ട്രേറ്റ് അലി ജാവേദ് നൽകിയ പരാതിയിലായിരുന്നു നടപടി.

ഇസ്‌ലാമാബാദ്‌ മർ​ഗല്ല പൊലീസാണ് ഖാനെതിരെ കേസെടുത്തത്. തുടർന്ന് ഖാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവും സർക്കാർ നടത്തിയിരുന്നു. ഖാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും വനിതാ അഡീഷണൽ സെഷൻസ് ജഡ്ജിയെയും ഭീഷണിപ്പെടുത്തി, പൊലീസ് ഉദ്യോഗസ്ഥരെയും ജുഡീഷ്യറിയെയും അവരുടെ നിയമപരമായ ബാധ്യതകൾ നിർവഹിക്കുന്നതിൽ നിന്ന് തടയുക എന്നതാണ് ഭീഷണിയുടെ പ്രധാന ലക്ഷ്യം- എഫ്ഐആറിൽ പറയുന്നു.

കേസിൽ മൂന്ന് ദിവസത്തേക്ക് ട്രാൻസിറ്റ് ജാമ്യത്തിലൂടെ ആഗസ്ത് 22ന് ഖാന് താൽക്കാലിക ആശ്വാസം ലഭിച്ചിരുന്നു. പിന്നീട് സെപ്തംബർ 12 വരെ ഇടക്കാല ജാമ്യം നീട്ടിയ കോടതി ഒരു ലക്ഷം രൂപ ബോണ്ടായി സമർപ്പിക്കാനും നിർദേശിച്ചിരുന്നു. വനിതാ ജഡ്ജിക്കെതിരായ വിവാദ പരാമര്‍ശം പിന്‍വലിക്കാന്‍ തയാറെന്ന് ഇമ്രാന്‍ ഖാന്‍ ആ​ഗസ്റ്റ് 31ന് പറഞ്ഞിരുന്നു.

ഇസ്‌ലാബാദില്‍ നടന്ന ഒരു റാലിക്കിടെ, രാജ്യദ്രോഹക്കുറ്റം ചുമത്തി ഇമ്രാന്‍ ഖാന്റെ സഹായി ഷഹബാസ് ഗില്ലിനെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത ഷഹബാസിനെ തലസ്ഥാന പൊലീസിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രണ്ട് ദിവസത്തേക്ക് റിമാന്‍ഡും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായാണ് ഇമ്രാന്‍ ഖാന്‍ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി സേബ ചൗധരിയെ ഭീഷണിപ്പെടുത്തിയത്.

'അവര്‍ക്കെതിരെ നടപടിയെടുക്കും. തയാറായിരിക്കൂ' എന്നായിരുന്നു ഇമ്രാന്‍ ഖാന്‍റെ ഭീഷണി. കൂടാതെ, ഷഹബാസിനോടുള്ള പെരുമാറ്റത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, വനിതാ മജിസ്ട്രേറ്റ്, പാക് തെരഞ്ഞെടുപ്പ് കമ്മീഷന്‍, രാഷ്ട്രീയ എതിരാളികള്‍ എന്നിവര്‍ക്കെതിരെ കേസ് കൊടുക്കുമെന്നും ഇമ്രാൻ ഭീഷണിപ്പെടുത്തി.

പ്രസംഗത്തില്‍ പൊലീസിനെയും ജുഡീഷ്യറിയെയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തിയതിന് ഇമ്രാനെതിരെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. ഇതിനു പിന്നാലെ ഇസ്‌ലാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മുഹ്സിന്‍ അക്തര്‍ കയാനി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഖാനെതിരെ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുകയും കാരണംകാണിക്കല്‍ നോട്ടീസ് അയയ്ക്കുകയും ചെയ്തു. ആ​ഗസ്റ്റ് 31ന് മറുപടി നൽകണം എന്നായിരുന്നു നിർദേശം.

ഇതിനയച്ച രേഖാമൂലമുള്ള മറുപടിയിൽ, സേബ ചൗധരി ഒരു ജുഡീഷ്യല്‍ ഓഫീസറായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ഖാന്‍ പറഞ്ഞത്. താന്‍ പറഞ്ഞ വാക്കുകള്‍ ഉചിതമല്ലാത്തതിനാല്‍ അത് തിരിച്ചെടുക്കാന്‍ തയ്യാറാണെന്നും ഖാന്‍ മറുപടിയില്‍ പറഞ്ഞു. താന്‍ കോടതിയലക്ഷ്യമായിട്ട് ഒന്നും ചെയ്തിട്ടില്ലെന്നും ജഡ്ജിയെ ഭീഷണിപ്പെടുത്തിയെന്ന് കാണിക്കാനായി പ്രസം​ഗത്തിലെ ചില ഭാഗം മാത്രം തിരഞ്ഞെടുത്ത് പ്രചരിപ്പിക്കുകയാണെന്നും ഖാന്‍ അവകാശപ്പെട്ടു. മാത്രമല്ല, ഒരു ജഡ്ജിയുടെയോ പൊതുപ്രവര്‍ത്തകന്റെയോ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെടാന്‍ ഓരോ പൗരനും നിയമപരമായ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഖാനെതിരെ കേസെടുക്കുന്നതിന് സര്‍ക്കാര്‍ കൂടിയാലോചന നടത്തുമെന്ന് ആഭ്യന്തരമന്ത്രി സനാഉല്ല നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. സൈന്യത്തെയും മറ്റ് സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഖാന്റെ പ്രസംഗമെന്നും അവര്‍ ആരോപിച്ചു. ആറ് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട ലാസ്ബെല സംഭവത്തിന്റെ തുടര്‍ച്ചയായാണ് ഇതെല്ലാം സംഭവിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇമ്രാന്‍ ഖാന്റെ പ്രസംഗങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നതിന് പാകിസ്താനില്‍ വിലക്കും ഏര്‍പ്പെടുത്തി. ടി.വി ചാനലുകളില്‍ ഈ പ്രസംഗങ്ങള്‍ ഇനി കാണിക്കരുതെന്നാണ് അധികൃതരുടെ നിര്‍ദേശം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെതിരായ ഉള്ളടക്കങ്ങള്‍ ബ്രോഡ്കാസ്റ്റ് ചെയ്യരുതെന്ന തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും ചാനലുകള്‍ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടെന്ന് പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി പറഞ്ഞു.

TAGS :

Next Story