Quantcast

ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറന്റുമായി പാക് തെരഞ്ഞെടുപ്പ് കമ്മീഷൻ

തങ്ങൾക്ക് മുമ്പിൽ ഹാ​ജരാവാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പി.ടി.ഐ നേതാക്കൾക്ക് അന്തിമ അവസരം നൽകിയിരുന്നു. എന്നാൽ ഹാജരായിരുന്നില്ല.

MediaOne Logo

Web Desk

  • Updated:

    2023-01-10 15:24:23.0

Published:

10 Jan 2023 1:48 PM GMT

ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറന്റുമായി പാക് തെരഞ്ഞെടുപ്പ് കമ്മീഷൻ
X

ഇസ്‌ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. കോടതിയലക്ഷ്യ കേസിലാണ് ഇമ്രാൻ ഖാനും അദ്ദേഹത്തിന്റെ പാർട്ടിയായ പാകിസ്താൻ തെഹ്‌രീകെ ഇന്‍സാഫിന്റെ മുതിർന്ന നേതാക്കൾക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

പാക് തെരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സിക്കന്ദർ സുൽത്താൻ രാജയ്ക്കും എതിരായ പാകിസ്താൻ തെഹ്‌രീകെ ഇന്‍സാഫ് നേതാക്കളുടെ പരാമർശങ്ങളാണ് കേസിന് ആധാരം.

നിസാർ ദുർറാനിയുടെ നേതൃത്വത്തിലുള്ള, പാകിസ്താൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നാലം​ഗ ബെഞ്ചാണ് ഇമ്രാൻ ഖാനും സഹായികളായ ഫവാദ് ചൗധരിക്കും ആസാദ് ഉമറിനുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

കമ്മീഷനും സിക്കന്ദർ രാജയ്ക്കും പക്ഷപാത നയമാണെന്നും പാകിസ്താൻ മുസ്‌ലിം ലീഗ് (നവാസ്)നെ അനുകൂലിക്കുന്നുവെന്നും ആരോപിച്ച് പി.ടി.ഐ നേതാക്കൾ നടത്തിയ വിമർശനങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം ആഗസ്ത്, സെപ്തംബർ മാസങ്ങളിൽ തെരഞ്ഞെടുപ്പ് നിരീക്ഷക സമിതി ഇവർക്ക് നോട്ടീസ് അയച്ചിരുന്നു.

തങ്ങൾക്ക് മുമ്പിൽ ഹാ​ജരാവാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പി.ടി.ഐ നേതാക്കൾക്ക് അന്തിമ അവസരം നൽകുകയും ചെയ്തിരുന്നു. എന്നാൽ നേതാക്കൾ ഹാജരായിരുന്നില്ല. ചൊവ്വാഴ്ച നടന്ന വാദത്തിന് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കാനുള്ള ഇവരുടെ അപേക്ഷകൾ കമ്മീഷൻ തള്ളുകയും 50,000 രൂപ വീതമുള്ള ജാമ്യ ബോണ്ടുകളിന്മേൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയുമായിരുന്നു.

ജനുവരി 17ന് കേസിൽ വീണ്ടും വാദം കേൾക്കും. അതേസമയം, നിഷ്പക്ഷ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ചുമതല നിർവഹിക്കുന്നതിൽ പരാജയപ്പെട്ടെന്നാരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറോട് രാജിവയ്ക്കാൻ ഖാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ താൻ നിയമമനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഈ രാജിയാവശ്യം നിരസിക്കുകയായിരുന്നു.

TAGS :

Next Story