Quantcast

പാകിസ്താനിൽ പെട്രോളിനും ഡീസലിനും 35 രൂപ കൂട്ടി; മണ്ണെണ്ണയ്ക്കും വിലക്കയറ്റം

ഓയിൽ ആൻഡ് ഗ്യാസ് അധികൃതരുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് നിരക്കുകൾ വർധിപ്പിച്ചതെന്നാണ് പാകിസ്താൻ ധനമന്ത്രി ഇസ്ഹാഖ് ദറിന്റെ വാദം.

MediaOne Logo

Web Desk

  • Published:

    29 Jan 2023 12:50 PM GMT

Pakistan Govt, Rise, Petrol Price, Diesel Prices
X

ഇസ്‌ലാമാബാദ്: ​കനത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്ന പാകിസ്താനിൽ പെട്രോൾ, ഡീസൽ വില കുത്തനെ വർധിപ്പിച്ചു. ലിറ്ററിന് 35 രൂപയാണ് ഉയർത്തിയത്. പാകിസ്താൻ രൂപയുടെ മൂല്യം തകർന്നടിഞ്ഞതിനു പിന്നാലെയാണ് ഇത്തരമൊരു വിലക്കയറ്റം. ഒരു ഡോളറിന് 255 പാക് രൂപയെന്നതാണ് നിലവിലെ നിരക്ക്.

ഓയിൽ ആൻഡ് ഗ്യാസ് അധികൃതരുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് നിരക്കുകൾ വർധിപ്പിച്ചതെന്നാണ് പാകിസ്താൻ ധനമന്ത്രി ഇസ്ഹാഖ് ദറിന്റെ വാദം. ഞായറാഴ്ച ഒരു ടെലിവിഷൻ പ്രസംഗത്തിലാണ് ഇസ്ഹാഖ് ദർ ഇക്കാര്യം അറിയിച്ചത്. നിരക്ക് കുത്തനെ കൂട്ടിയതോടെ പെട്രോൾ ലിറ്ററിന് 249.80 രൂപയും ഡീസലിന് 262.80 രൂപയുമാണ് പുതിയ വിലയെന്ന് പാകിസ്താൻ ധനമന്ത്രാലയം ട്വീറ്റ് ചെയ്തു.

"വിലക്കയറ്റം പ്രതീക്ഷിച്ച് കൃത്രിമ ക്ഷാമവും ഇന്ധനം പൂഴ്ത്തിവയ്ക്കലും ഉണ്ടെന്ന് പറഞ്ഞ ഓയിൽ ആൻഡ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റിയുടെ ശിപാർശ പ്രകാരമാണ് ഈ വർധനവ് ഉടനടി കൊണ്ടുവന്നത്. അത്തരം സാഹചര്യങ്ങളെ ചെറുക്കാനാണ് ഈ വിലക്കയറ്റം"- ദറിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ഞായർ രാവിലെ 11 മുതലാണ് വിലക്കയറ്റം പ്രാബല്യത്തിൽ വന്നത്. ഇതു കൂടാതെ മണ്ണെണ്ണയുടെയും ലൈറ്റ് ഡീസൽ ഓയിലിന്റേയും വിലയും വർധിപ്പിച്ചിട്ടുണ്ട്. ലിറ്ററിന് 18 രൂപയാണ് ഇവയ്ക്ക് വർധിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇതോടെ മണ്ണെണ്ണയ്ക്ക് 189.83 രൂപയും ലൈറ്റ് ഡീസൽ ഓയിലിന് 187 രൂപയുമാണ് പുതിയ വില.

സാമ്പത്തിക പ്രതിസന്ധി മൂലം പാകിസ്താൻ ബാഹ്യ ധനസഹായം അഭ്യർഥിച്ച് രം​ഗത്തെത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടേയും കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തിന്റേയും പശ്ചാത്തലത്തിൽ പാകിസ്താനെ പിന്തുണയ്ക്കാൻ അമേരിക്ക സമ്മതിച്ചതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

രാജ്യത്തെ രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ സാമ്പത്തിക ഏകീകരണത്തിൽ കൂടുതൽ പുരോഗതി കൈവരിക്കുന്നതിൽ പാകിസ്താൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി നവംബറിൽ പണത്തിന്റെ വിതരണം ഐ.എം.എഫ് നിർത്തിവച്ചിരുന്നു.

നാണ്യപ്പെരുപ്പം കുത്തനെ ഉയർന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. ഇതിനെല്ലാം പുറമെ വൈദ്യുതി പ്രതിസന്ധിയും പാക് ജനതയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കം കാരണം രാജ്യം ഇരുട്ടിലാണ്.

TAGS :

Next Story