വെസ്റ്റ്ബാങ്കിൽ ഫലസ്തീനികൾക്ക് നേരെ ഇസ്രായേലി കുടിയേറ്റക്കാരുടെ ആക്രമണം; സ്വത്തുക്കൾക്ക് തീയിട്ടു, ഒലിവ് വിളവെടുപ്പുകാർക്കും മർദനം
ഒക്ടോബറിൽ മാത്രം ഒലിവ് കർഷകർക്കും വിളവെടുപ്പുകാർക്കുമെതിരെ 218 കുടിയേറ്റ ആക്രമണങ്ങളാണ് ഉണ്ടായത്.

വെസ്റ്റ്ബാങ്ക്: ഒരു ഭാഗത്ത് ഇസ്രായേൽ സൈനികരുടെ ക്രൂരത, മറുഭാഗത്ത് കുടിയേറ്റക്കാരുടെ ആക്രമണം. വെടിനിർത്തൽ നിലനിൽക്കുമ്പോഴും ഫലസ്തീനികൾ നേരിടുന്ന ആക്രമണങ്ങൾക്ക് അറുതിയില്ല. വെസ്റ്റ്ബാങ്കിൽ കഴിഞ്ഞദിവസങ്ങളിലും ഫലസ്തീനികൾക്കു നേരെ ഇസ്രായേലി കുടിയേറ്റക്കാരുടെ ആക്രമണമുണ്ടായി. ഒലിവ് വിളവെടുക്കുന്നതിനിടെ കർഷകരും വിളവെടുപ്പുകാരും ആക്രമണത്തിന് ഇരയായി.
വെസ്റ്റ് ബാങ്കിലെ ഫറാത ഗ്രാമത്തിൽ ഇസ്രായേലി കുടിയേറ്റക്കാർ രണ്ട് കാറുകളും കോഴി വളർത്തൽ കേന്ദ്രവും കത്തിച്ചതായി ഫലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വടക്കൻ ജെറുസലേമിലെ ജാബയിലാണ് മറ്റൊരു ആക്രമണം. ഇവിടെ താമസിക്കുന്ന ബെദൂയിനുകളുടെ സ്വത്തുക്കൾക്ക് കുടിയേറ്റക്കാർ തീയിട്ടതായി ഫലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളി, ശനി ദിവസങ്ങളിലാണ് ആക്രമണം ഉണ്ടായത്.
ഇതുകൂടാതെ, വെസ്റ്റ്ബാങ്ക് ഗ്രാമമായ ബുരിനിൽ ഒലിവ് വിളവെടുക്കുന്നവരെയും കുടിയേറ്റക്കാർ ആക്രമിച്ചു. യിത്സാർ സെറ്റിൽമെന്റിൽ നിന്നുള്ള ഒരു കാവൽക്കാരനോടൊപ്പം എത്തിയായിരുന്നു ഒലിവ് വിളവെടുപ്പ് നടത്തുന്നവരെ ആക്രമിച്ചതെന്ന് വഫ ന്യൂസ് ഏജൻസി റിപ്പോർട്ട് പറയുന്നു.
ഫലസ്തീനികളെ ബലംപ്രയോഗിച്ച് പ്രദേശത്തുനിന്ന് ഒഴിപ്പിക്കാൻ ശ്രമിച്ച കുടിയേറ്റ അക്രമികൾ, അവർ പറിച്ചുവച്ച ഒലിവ് കായകൾ തട്ടിത്തെറിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്തു. വെസ്റ്റ്ബാങ്കിൽ ഫലസ്തീനികൾക്കെതിരെ കുടിയേറ്റക്കാരുടെ ആക്രമണം വർധിക്കുകയാണെന്നും എല്ലാ ദിവസവും അക്രമം നടക്കുന്നതായും എന്നാൽ യാതൊരു നടപടിയും ഉണ്ടാവുന്നില്ലെന്നുമാണ് റിപ്പോർട്ട്.
കഴിഞ്ഞ ഒക്ടോബറിൽ മാത്രം ഒലിവ് കർഷകർക്കും വിളവെടുപ്പുകാർക്കുമെതിരെ 218 കുടിയേറ്റ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഫലസ്തീൻ അതോറിറ്റിയുടെ വാൾ ആൻഡ് സെറ്റിൽമെന്റ് റെസിസ്റ്റൻസ് കമ്മീഷന്റെ കണക്ക്. 2023 ഒക്ടോബർ ഏഴിന് ശേഷം ഇതുവരെ 1000ലേറെ വെസ്റ്റ്ബാങ്ക് ഫലസ്തീനികളാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം പറയുന്നു. വെസ്റ്റ് ബാങ്കിലുടനീളം ഏകദേശം 6,000 പലസ്തീനികളെയാണ് ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തത്.
Adjust Story Font
16

