Quantcast

റഫ അതിർത്തി ഇന്ന് തുറക്കും; ഫലസ്തീന് സഹായവുമായി ഇരുപത് ട്രക്കുകള്‍

നൂറുകണക്കിന്​ നിരപരാധികൾ ഇന്നലെയും ആക്രമണത്തിൽ കൊല്ലപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2023-10-20 02:43:42.0

Published:

20 Oct 2023 1:03 AM GMT

rafa border
X

റഫ അതിര്‍ത്തി

തെല്‍ അവിവ്: ഗസ്സക്കു മേലുള്ള വ്യോമാക്രമണം പതിമൂന്നാം നാളിലും തുടരു​​മ്പോൾ കരയുദ്ധം ആസന്നമാണെന്ന സൂചന നൽകി ഇസ്രായേൽ. നൂറുകണക്കിന്​ നിരപരാധികൾ ഇന്നലെയും ആക്രമണത്തിൽ കൊല്ലപ്പെട്ടു. റഫ അതിർത്തി വഴി സഹായ ഉൽപന്നങ്ങളുമായി ഇരുപത്​ ട്രക്കുകൾ ഇന്ന്​ ഗസ്സയിലേക്ക്​. യെമനിൽ നിന്നുള്ള മൂന്ന്​ മിസൈലുകൾ യു.എസ്​ പടക്കപ്പൽ തകർത്തതായി പെന്‍റഗൺ. ഗസ്സയിൽ കുരുതി തുടർന്നാൽ മേഖലയിൽ യുദ്ധം ഉറപ്പാണെന്ന്​ ഹമാസ്​ മുന്നറിയിപ്പ്.​

ഗസ്സക്കു മേൽ ഇസ്രായേൽ പോർവിമാനങ്ങളുടെ ആക്രമണത്തിന്​ കൂടുതൽ കടുപ്പമേറി. സിവിലിയൻ കേന്ദ്രങ്ങൾ അക്രമിച്ച്​ തകർക്കുന്നതിൽ ആനന്ദം കൊള്ളുകയാണ്​ സൈന്യം. കൊല്ലപ്പെടുന്നവരുടെ എണ്ണവും കൂടുകയാണ്​. കരയുദ്ധത്തിനൊരുങ്ങാൻ അതിർത്തിയിൽ തമ്പടിച്ച സൈനികർക്ക്​ വീണ്ടും നിർദേശം. അമേരിക്കയിൽ നിന്ന്​ വൻതോതിൽ ബോംബുകളും യുദ്ധോപകരണങ്ങളുമായി നിത്യവും വിമാനങ്ങൾ എത്തുന്നു. സാധ്യമായ എല്ലാ സൈനിക പിന്തുണയും ഉറപ്പാണെന്ന്​ ഇസ്രായേൽ സന്ദർശിച്ച ഋഷി സുനകും നെതന്യാഹുവിന്​ ഉറപ്പ്​ നൽകി. ദിവസങ്ങളായി ഉപരോധത്തിലമർന്ന ഗസ്സയിലേക്ക്​ സഹായ വസ്​തുക്കളുമായി ഇന്നെത്തുന്നത്​ വെറും ഇരുപത്​ ട്രക്കുകൾ. റഫ അതിർത്തിയിലൂടെ ഗസ്സയിൽ കുടുങ്ങിയ വിദേശികളെ ഒഴിപ്പിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. മരുന്നും വെള്ളവും ഭക്ഷണവും ഇല്ലാതായതോടെ ഗസ്സ ശരിക്കും ദുരന്തമുഖത്താണ്​. പല ആശുപത്രികളും അടച്ചതോടെ പ്രതിസന്ധി സങ്കീർണം.

അടിയന്തര വെടിനിർത്തൽ വേണമെന്ന്​ ഈജിപ്​തിലെത്തിയ യു.എൻ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു. ഗസ്സയിലേക്ക്​ സഹായ ഉൽപന്നങ്ങൾ എത്തിക്കുന്നതിനെ തന്‍റെ രാജ്യം പിന്തുണക്കുമെന്ന്​ റിയാദിൽ സൗദി നേതാക്കളെ കണ്ട ബ്രിട്ടീഷ്​ പ്രധാനമന്ത്രി ഋഷി സുനക്​. യെമനിൽ നിന്നു വന്ന മൂന്ന്​ മിസൈലുകൾ യു.എസ്​ പടക്കപ്പൽ തകർത്തതായി പെന്‍റഗണ്‍ അറിയിച്ചു. മിസൈലുകൾ ഇസ്രായേലിനെ ലക്ഷ്യം വെച്ചാണെന്ന്​ ഇസ്രായേൽ മാധ്യമങ്ങൾ. ഇറാഖ്​, സിറിയ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം സൈനിക ക്യാമ്പുകളെ ലക്ഷ്യമിട്ട്​ റോക്കറ്റാ​ക്രമണം നടന്നതായും പെൻറഗൺ വക്​താവ്​ വെളിപ്പെടുത്തി. നിലവിലെ സാഹചര്യം മുതലെടുത്ത്​ സംഘർഷത്തിന്​ മേഖലയിലെ രാജ്യങ്ങളും കൂട്ടായ്​മകളും തുനിഞ്ഞാൽ മറുപടി പരുക്കനായിരിക്കുമെന്ന്​ യു.എസ്​ സ്​റ്റേറ്റ്​ ഡിപാർട്​മെന്‍റിന്‍റെ മുന്നറിയിപ്പ്​. ശത്രുവിനെ കാത്തിരിക്കുന്നത്​ കൂടുതൽ കടുപ്പമേറിയ ആക്രമണം ആയിരിക്കുമെന്ന്​ ഹമാസ്​ നേതാവ്​ ഇസ്​മാഈൽ ഹനിയ്യ താക്കീത്​ നൽകി.

TAGS :

Next Story