Quantcast

'വിശപ്പടക്കാൻ പുറത്തുപോയവർ മൃതദേഹങ്ങളായി തിരിച്ചുവന്നു': സഹായ കേന്ദ്രത്തിൽ കൊല്ലപ്പെട്ട കുട്ടികളെ കുറിച്ച് ഗസ്സയിലെ കുടുംബം

മധ്യ ഗസ്സയിലുള്ള യുഎസ് സഹായ വിതരണ കേന്ദ്രത്തിൽ ഭക്ഷണം തേടിപോയ ഹാതിം നൂരിയുടെ കുടുംബത്തിന് ഇസ്രായേൽ ആക്രമണത്തിൽ മക്കളെ നഷ്ടപ്പെട്ടു

MediaOne Logo

Web Desk

  • Published:

    22 July 2025 3:30 PM IST

വിശപ്പടക്കാൻ പുറത്തുപോയവർ മൃതദേഹങ്ങളായി തിരിച്ചുവന്നു: സഹായ കേന്ദ്രത്തിൽ കൊല്ലപ്പെട്ട കുട്ടികളെ കുറിച്ച് ഗസ്സയിലെ കുടുംബം
X

ഗസ്സ: ഗസ്സയിൽ വിശപ്പടക്കാൻ വേണ്ടി പുറത്തിറങ്ങുക എന്നത് പേടിസ്വപ്നമാണ്. മധ്യ ഗസ്സയിലുള്ള യുഎസ് സഹായ വിതരണ കേന്ദ്രത്തിൽ ഭക്ഷണം തേടിയുള്ള പതിവ് യാത്ര ഫലസ്തീൻ പിതാവ് ഹാതിം നൂരിയുടെ കുടുംബത്തിന് ഒരു ദുരന്തമായി മാറിയിരിക്കുകയാണ്. ഭക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഹാതിം നൂരിയുടെ രണ്ട് വയസുള്ള മകൻ സിറാജ് തന്റെ രണ്ട് സഹോദരന്മാരോടൊപ്പം സഹായ വിതരണ കേന്ദ്രത്തിലേക്ക് പോയത്. ഭക്ഷണ വിതരണ കേന്ദ്രത്തിലെത്തിയ ഇവരെ ഒരു ഇസ്രായേലി യുദ്ധവിമാനം ആക്രമിച്ചു. സിറാജിന് ഗുരുതരമായി പരിക്കേറ്റു. സഹോദരന്മാരായ ഒമർ, ആമിർ, മരുമകൾ സാമ എന്നിവർ തൽക്ഷണം മരിച്ചു വീണു. എല്ലാവരും 10 വയസിന് താഴെയുള്ളവർ.

'ഈ കുട്ടികൾ ചെയ്ത കുറ്റം എന്താണ്?' പിതാവ് ഹാതിം ചോദിക്കുന്നു. 'അവർക്ക് വിശക്കുന്നുണ്ടായിരുന്നു. കഴിക്കാൻ മധുരമുള്ള എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് അവർ പുറത്തേക്ക് പോയത്' കുട്ടികളുടെ മാതാവ് ഇമാൻ പറഞ്ഞു. യുഎസ് ആസ്ഥാനമായുള്ള എൻ‌ജി‌ഒ പ്രോജക്റ്റ് ഹോപ്പ് നടത്തുന്ന സഹായ കേന്ദ്രത്തിൽ ഭക്ഷണവും പോഷക സപ്ലിമെന്റുകളും വാങ്ങിക്കാൻ പോയാ കുട്ടികൾക്കാണ് ദാരുണമായ ഈ സംഭവമുണ്ടായിരിക്കുന്നത്.

ഹാതിം നൂരിയുടെ കുടുംബം

ഇസ്രായേലിന്റെ ഉപരോധം മൂലം ഗസ്സ കടുത്ത ക്ഷാമത്തിന്റെ വക്കിലാണ്. ഗസ്സയിലെ സർക്കാർ മാധ്യമ ഓഫീസ് പറയുന്നതനുസരിച്ച് മാസങ്ങളായി ഭക്ഷണം, ഇന്ധനം, വൈദ്യസഹായം എന്നിവ അങ്ങോട്ടേക്ക് എത്തുന്നില്ല. എത്തുന്നത് കൃത്യമായി വിതരണം ചെയ്യപ്പെടുന്നില്ല. ഇസ്രായേലി ഉപരോധത്തിൽ അഞ്ച് വയസിന് താഴെയുള്ള 650,000ത്തിലധികം കുട്ടികൾ ഇപ്പോൾ പട്ടിണി കിടന്ന് മരിക്കാനുള്ള സാധ്യതയിലാണ്. ഇന്ധനക്ഷാമം കാരണം ആംബുലൻസുകൾക്ക് പ്രവർത്തിക്കാൻ സാധിക്കുന്നില്ല. സഹായ കേന്ദ്രത്തിൽ കൊല്ലപ്പെട്ട ഹാതിം നൂരിയുടെ കുട്ടികളെ സമീപ വാസികൾ കഴുത വണ്ടികളിൽ കയറ്റിയാണ് ആശുപത്രിയിൽ എത്തിച്ചത്.

ഗസ്സയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ധനക്ഷാമം ആശുപത്രികളുടെ മുഴുവൻ വകുപ്പുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കാൻ നിർബന്ധിതരാക്കി. കൂടാതെ ബ്ലഡ് ബാങ്ക് റഫ്രിജറേറ്ററുകൾ പ്രവർത്തിക്കുന്നതും നിലച്ചു. 'ഞങ്ങൾ ഒമറിനെ ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ അവൻ ശ്വസിക്കുന്നുണ്ടായിരുന്നു. പക്ഷേ ആംബുലൻസിനോ, ബ്ലഡ് ബാങ്കുകൾക്കോ, ഒരു അടിയന്തര സംഘത്തിനോ കൃത്യസമയത്ത് അവനെ സമീപിക്കാൻ കഴിഞ്ഞില്ല.' ഇമാൻ പറഞ്ഞു. ഇതൊക്ക കാര്യക്ഷമമായിരുന്നെങ്കിൽ തന്റെ മകനെ രക്ഷിക്കാമായിരുന്നു എന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. 'അവർ ഭക്ഷണം വാങ്ങാൻ പോയി, രക്തസാക്ഷികളായി തിരിച്ചുവന്നു. അത്രയേ ഉള്ളൂ.' പിതാവ് ഹതീം പറഞ്ഞു.

ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ഉപരോധവും പട്ടിണിയെ ആയുധമായി ഉപയോഗിക്കുന്നതും മരണസംഖ്യ കുത്തനെ ഉയരുന്നതിനും പ്രദേശത്തെ ആരോഗ്യ സംവിധാനത്തിൻ്റെ പൂർണ്ണമായ തകർച്ചക്കും കാരണമായതായി ഗസ്സ ആരോഗ്യ മന്ത്രാലയത്തിൻ്റെ പ്രസ്‌താവനയിൽ പറയുന്നു. പ്രസ്‌താവനയിൽ പറയുന്നത് പ്രകാരം തുടരുന്ന ഉപരോധത്തിലും അടിസ്ഥാന സാധനങ്ങളുടെ ഗുരുതരമായ ക്ഷാമത്തിലും ഭക്ഷണവും വെള്ളവും ലഭിക്കാൻ ജീവൻ പണയപ്പെടുത്തിയത് 900ലധികം ഫലസ്തീനികളാണ്. 6,000ത്തിലധികം പേർക്ക് പരിക്കേറ്റതായും മന്ത്രാലയം പറയുന്നു.

TAGS :

Next Story