Quantcast

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഭാര്യയെ കൊലപ്പെടുത്തി; അമേരിക്കയില്‍ ഡെന്‍റല്‍ ഡോക്ടര്‍ പിടിയില്‍

2016ല്‍ ആഫ്രിക്കയില്‍ വേട്ടക്കു പോയപ്പോഴാണ് ഇയാള്‍ ഭാര്യയെ വെടിവെച്ചു കൊന്നത്

MediaOne Logo

Web Desk

  • Published:

    13 Jan 2022 5:55 AM GMT

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഭാര്യയെ കൊലപ്പെടുത്തി; അമേരിക്കയില്‍ ഡെന്‍റല്‍ ഡോക്ടര്‍ പിടിയില്‍
X

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി ഭാര്യയെ കൊലപ്പെടുത്തിയ ഡെന്‍റല്‍ ഡോക്ടര്‍ അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ പിടിയില്‍. 2016ല്‍ ആഫ്രിക്കയില്‍ വേട്ടക്കു പോയപ്പോഴാണ് ഇയാള്‍ ഭാര്യയെ വെടിവെച്ചു കൊന്നത്.

സാംബിയയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഭാര്യ ബിയാങ്കയെ ത്രീ റിവേഴ്സ് ഡെന്റല്‍ ഗ്രൂപ്പ് ഉടമയും ഡെന്‍റല്‍ സര്‍ജനുമായ പെന്‍സില്‍വാനിയ സ്വദേശിയുമായ ഡോ. ലോറൻസ് റുഡോൾഫ്(67) കൊലപ്പെടുത്തിയത്. ഭാര്യയെ കൊന്ന ശേഷം അവരുടെ പേരില്‍ വിവിധ കമ്പനികളില്‍ ഉണ്ടായിരുന്ന അഞ്ച് മില്യന്‍ ഡോളര്‍ (36.9 കോടി രൂപ) ഇയാള്‍ കൈക്കലാക്കിയതായി പൊലീസ് കണ്ടെത്തി.

ബിയാങ്ക വേട്ടയ്ക്കുപയോഗിച്ച തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ സ്വന്തം തോക്കില്‍ നിന്ന് വെടിയേറ്റാണ് ഭാര്യ മരിച്ചതെന്നാണ് റുഡോള്‍ഫ് സാംബിയന്‍ പൊലീസിനോട് പറഞ്ഞത്. സാഹചര്യ തെളിവുകള്‍ അനുകൂലമായിരുന്നതിനാല്‍ പൊലീസ് അയാള്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കി. ഭാര്യയുടെ സംസ്‌കാരവും നടത്തുകയും ചെയ്തു.

തുടര്‍ന്ന് എംബസിയില്‍ നിന്നുള്ള രേഖകളുടെയും പൊലീസ് റിപ്പോര്‍ട്ടുകളുടെയും പിന്‍ബലത്തോടെ റുഡോള്‍ഫ് ഭാര്യയുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക കൈക്കലാക്കി. എന്നാല്‍ ബിയാങ്കയുടെ സുഹൃത്ത് എഫ്.ബി.ഐയെ സമീപിച്ച് മരണത്തിലുള്ള സംശയങ്ങള്‍ ചൂണ്ടിക്കാട്ടി. മികച്ച വേട്ടക്കാരിയയായ ബിയാങ്കക്ക് ഒരിക്കലും അബദ്ധത്തില്‍ വെടിയേല്‍ക്കില്ലെന്ന് സുഹൃത്ത് പറഞ്ഞു. റുഡോള്‍ഫിന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടായിരുന്നുവെന്നും ഭാര്യയുടെ മരണത്തിന് ശേഷം ഇയാള്‍ കാമുകിക്കൊപ്പം താമസം ആരംഭിച്ചതായും സുഹൃത്ത് അറിയിച്ചു. 19082ലാണ് ബിയാങ്കയും റുഡോള്‍ഫും വിവാഹിതരാകുന്നത്. രണ്ടു കുട്ടികളാണ് ഇവര്‍ക്കുള്ളത്.

ഭാര്യയുടെ ശവസംസ്കാര ചടങ്ങിന്‍റെ പിറ്റേന്ന്, പിറ്റ്സ്ബർഗിൽ നിന്ന് ഫീനിക്സിലേക്ക് പറക്കാൻ കാമുകിക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. എന്നാൽ പിന്നീട് അദ്ദേഹം ടിക്കറ്റ് റദ്ദാക്കുകയും ലാസ് വെഗാസിൽ കണ്ടുമുട്ടിയ മറ്റൊരു സ്ത്രീക്ക് മറ്റൊരു വിമാനം ബുക്ക് ചെയ്യുകയും ചെയ്തു.ഭാര്യയുടെ മരണത്തിന് മാസങ്ങൾക്ക് മുമ്പ് അദ്ദേഹം ആദ്യത്തെ സ്ത്രീയുമായി മെക്സിക്കോയിലെ കാബോ സാൻ ലൂക്കാസിലേക്ക് പോയിരുന്നതായി എഫ്.ബി.ഐ ഏജന്‍റ് പറഞ്ഞു.

അഞ്ച് വർഷത്തെ അന്വേഷണത്തിന്‍റെ ഭാഗമായി, എഫ്.ബി.ഐ ഏജന്‍റുമാര്‍ പലരെയും ചോദ്യം ചെയ്തു. ബിയാങ്കയെ ദഹിപ്പിക്കാന്‍ റുഡോള്‍ഫ് ഉദ്യോഗസ്ഥര്‍ക്ക് ഹണ്ടിംഗ് ഗൈഡുമാര്‍ക്ക് കൈക്കൂലി നൽകിയെന്നും അറിയാന്‍ കഴിഞ്ഞു. കഴിഞ്ഞ ഡിസംബറിൽ കാബോ സാൻ ലൂക്കാസിൽ വച്ചാണ് ലോറൻസ് അറസ്റ്റിലായത്. ആരോപണങ്ങള്‍ നിഷേധിച്ച അദ്ദേഹം എഫ്.ബി.ഐ തന്നെ വേട്ടയാടുകയാണെന്ന് ആരോപിച്ചു. നിലവിൽ കൊളറാഡോയിലെ ഡെൻവറിൽ കസ്റ്റഡിയിലാണ് റുഡോള്‍ഫ്.

TAGS :

Next Story