Quantcast

സൈന്യത്തിന് 'ദൈവത്തിന്റെ കവചം'; പെന്റഗണിൽ 'ഓഫീസ് ഓഫ് റിലീജ്യസ് അഫയേഴ്‌സ്' രൂപീകരിച്ച് പീറ്റ് ഹെഗ്സെത്ത്

പ്രതിരോധ സെക്രട്ടറിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും വകുപ്പ് പ്രവർത്തിക്കുക.

MediaOne Logo

Web Desk

  • Published:

    4 Oct 2026 9:28 AM IST

സൈന്യത്തിന് ദൈവത്തിന്റെ കവചം; പെന്റഗണിൽ ഓഫീസ് ഓഫ് റിലീജ്യസ് അഫയേഴ്‌സ് രൂപീകരിച്ച് പീറ്റ് ഹെഗ്സെത്ത്
X

വാഷിങ്ടണ്‍: യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിൽ പുതിയ 'ഓഫീസ് ഓഫ് റിലീജ്യസ് അഫയേഴ്‌സ്' രൂപീകരിച്ച് പ്രതിരോധ സെക്രട്ടറി പിറ്റ് ഹെഗ്സെത്ത്. പ്രതിരോധ സെക്രട്ടറിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ഈ വകുപ്പ് പ്രവർത്തിക്കുക.

യുഎസ് സൈന്യത്തിൽ ആത്മീയവും മതപരവുമായ പിന്തുണ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. വർജീനിയയിലെ മരീൻ കോർപ്സ് ബേസ് ക്വാന്റികോയിൽ വെച്ചുനടന്ന ചടങ്ങിലാണ് ഹെഗ്സെത്ത് പുതിയ നീക്കം പ്രഖ്യാപിച്ചത്. "നമ്മുടെ പ്രതിരോധ വകുപ്പ് ദൈവത്തിന്റെ പൂർണ്ണമായ കവചം അണിയുകയാണ്. ഭൗതികമായ യുദ്ധങ്ങൾക്കൊപ്പം തന്നെ യഥാർത്ഥ പോരാട്ടം ആത്മീയ തലത്തിലാണ് നടക്കുന്നത്," എന്ന് ഹെഗ്സെത്ത് പ്രഖ്യാപിച്ചു.

പുതിയ ഓഫീസിന്, പ്രതിരോധ സെക്രട്ടറിയുമായി നേരിട്ട് ആശയവിനിമയം നടത്താനുള്ള അധികാരം ഉണ്ടായിരിക്കും. സൈനിക ചാപ്ലിന്മാര്‍ക്കും മതപരമായ കാര്യങ്ങൾക്കും ഉയർന്ന പ്രാതിനിധ്യം നൽകുകയാണ് ഈ ഓഫീസിന്റെ ലക്ഷ്യമെന്ന് പെന്റഗൺ അറിയിച്ചു. എന്നാൽ, ആരെയും നിർബന്ധപൂർവ്വം മത ചടങ്ങുകളിൽ പങ്കെടുപ്പിക്കില്ലെന്നും ഒരു പ്രത്യേക മതത്തെ മാത്രം പിന്തുണയ്ക്കുകയോ മറ്റുള്ളവരുടെ അവകാശങ്ങൾ ഇല്ലാതാക്കുകയോ ചെയ്യില്ലെന്നും പ്രതിരോധ മന്ത്രാലയം വിശദീകരിക്കുന്നുണ്ട്.

സേനയിലെ ചാപ്ലിൻമാർ വെറും മാനസികാരോഗ്യ സഹായ കേന്ദ്രങ്ങളായി മാറാത ദൈവത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഹെഗ്സെത്ത് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കൂടാതെ സൈനിക വസ്ത്രങ്ങളിൽ യൂണിഫോം റാങ്കുകൾക്ക് പകരം മതപരമായ ചിഹ്നങ്ങൾ മാത്രം ഉപയോഗിക്കാനും ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം, തീരുമാനത്തിനെതിരെ വ്യാപക വിമർശനമുയർന്നിട്ടുണ്ട്. യു.എസ് സൈനിക നയങ്ങളിൽ ക്രിസ്തുമതത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നത് ഭരണഘടനാപരമായ തത്ത്വങ്ങളുടെ ലംഘനമാണെന്ന് 'അമേരിക്കൻസ് യുണൈറ്റഡ് ഫോർ സെപ്പറേഷൻ ഓഫ് ചർച്ച് ആൻഡ് സ്റ്റേറ്റ്' എന്ന സംഘടന ചൂണ്ടിക്കാട്ടി. അമേരിക്കൻ ഭരണഘടന ഉറപ്പുനൽകുന്ന വിശ്വാസ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നാണ് പ്രധാന ആക്ഷേപം. സൈന്യത്തിൽ വിവിധ മതവിശ്വാസികളായ ആയിരക്കണക്കിന് ഉദ്യോഗസ്ഥർ സേവനം അനുഷ്ഠിക്കുന്നുണ്ട്.

ഒരു പ്രത്യേക വിഭാഗത്തെ മാത്രം പ്രതിരോധ നയങ്ങൾ നിർണ്ണയിക്കാൻ ഉപയോഗിക്കുന്നത് അപകടകരമായ സൂചനയാണെന്നും അവർ ആരോപിക്കുന്നു.

TAGS :

Next Story