Quantcast

'വാച്ച് യുവർ നെയ്ബർ' എന്ന പേരിൽ തങ്ങൾക്ക് പദ്ധതി ഇല്ലെന്ന് പാെലീസ്

നഗരങ്ങളിലെ അപ്പാര്‍ട്ട്മെന്‍റ് സമുച്ചയങ്ങളില്‍ തൊട്ടയല്‍വക്കത്തെ താമസക്കാര്‍ ആരെന്നറിയാതെ ഒറ്റപ്പെട്ടു ജീവിക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് പൊലീസ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.

MediaOne Logo

Web Desk

  • Updated:

    2022-11-06 15:48:39.0

Published:

6 Nov 2022 3:29 PM GMT

വാച്ച് യുവർ നെയ്ബർ എന്ന പേരിൽ തങ്ങൾക്ക് പദ്ധതി ഇല്ലെന്ന് പാെലീസ്
X

തിരുവനന്തപുരം: വാച്ച് യുവർ നെയ്ബർ എന്ന പേരിൽ തങ്ങൾക്ക് നിലവിൽ പദ്ധതി ഒന്നുമില്ലെന്ന് കേരള പൊലീസ്. കൊച്ചി സിറ്റി പൊലീസ് നടപ്പാക്കുന്നത് സേ ഹലോ ടു യുവര്‍ നെയ്ബര്‍ (Say Hello to Your NEighbour- SHYNe- ഷൈന്‍) എന്ന പദ്ധതിയാണെന്നും സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

അയല്‍വാസികളുമായി മികച്ച ബന്ധം സ്ഥാപിച്ച് പരസ്പരം സൗഹൃദം ഉറപ്പാക്കുന്നതുവഴി പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിന് കൊച്ചി സിറ്റി പൊലീസ് ആരംഭിച്ച സോഷ്യല്‍ മീഡിയ ക്യാമ്പയിനാണ് സെ ഹലോ ടു യുവര്‍ നെയ്ബര്‍. നഗരങ്ങളിലെ അപ്പാര്‍ട്ട്മെന്‍റ് സമുച്ചയങ്ങളില്‍ തൊട്ടയല്‍വക്കത്തെ താമസക്കാര്‍ ആരെന്നറിയാതെ ഒറ്റപ്പെട്ടു ജീവിക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് പൊലീസ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.

സുഹൃദ്ബന്ധങ്ങളും കൂട്ടായ്മകളും വര്‍ധിപ്പിച്ച് അയൽപ്പക്കങ്ങൾ തമ്മിൽ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയിലൂടെ പൊലീസ് ഉദ്ദേശിക്കുന്നത്. ഫ്ലാറ്റുകളിലും മറ്റും ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാരുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ അയല്‍ക്കാര്‍ തമ്മിലുളള നല്ല സൗഹൃദത്തിലൂടെ കഴിയും.

അയൽപക്കത്തെ കുടുംബങ്ങൾ തമ്മിലുളള പരസ്പര അടുപ്പം കുട്ടികളുടെ ഒത്തുചേരലിന് വഴിവയ്ക്കും. അയല്‍വാസികളെ അടുത്തറിഞ്ഞ് പരസ്പരം കൈത്താങ്ങാകുന്നതിലൂടെ സുരക്ഷിതത്വം വര്‍ധിക്കുമെന്നും പൊലീസ് അവകാശപ്പെടുന്നു.

അപ്പാര്‍ട്ട്മെന്‍റ് സമുച്ചയങ്ങളിലെ കുട്ടികളുടെ പാര്‍ക്കുകളിലെ സന്ദര്‍ശനം, ജോലി സ്ഥലത്തേയ്ക്ക് ഒരുമിച്ചുളള യാത്ര എന്നിവയിലൂടെയും ഗൃഹസന്ദര്‍ശനങ്ങളിലൂടെയും സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ പ്രേരിപ്പിക്കുകയാണ് പൊലീസിന്‍റെ പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ ഏതാനും മാസങ്ങളായി കൊച്ചി നഗരത്തിൽ ഈ പദ്ധതി വിജയകരമായി നടപ്പാക്കിവരുന്നതായും പൊലീസ് മീഡിയ സെന്റർ അറിയിച്ചു.

അയൽക്കാരുടെ അസ്വാഭാവികമായ പ്രവർത്തനങ്ങൾ പൊലീസിനെ അറിയിക്കാനായി 'വാച്ച് യുവർ നെയ്ബർ' പദ്ധതി ആരംഭിക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ വൻ വിമർശനങ്ങൾ ഉയർന്നതിനു പിന്നാലെയാണ് വിശദീകരണം. അന്യന്റെ ഇടങ്ങളിലേക്ക് ഒളിഞ്ഞു നോക്കുകയും വലിഞ്ഞു കയറുകയും ചെയ്യുന്ന മലയാളികളുടെ പൊതുശീലത്തിന് പൊലീസ് അനുമതി നൽകുകയാണെന്നാണ് പരക്കെ ഉയർന്ന വിമർശനം.

TAGS :

Next Story