ഹാനുക്ക ആഘോഷത്തിന്റെ ഭാഗമായി പാർലമെന്റിൽ കത്തിച്ച മെഴുകുതിരി കെടുത്തി പോളിഷ് എംപി; വീഡിയോ
ജൂതവിരുദ്ധത പരസ്യമായി പ്രകടിപ്പിച്ച് മുമ്പും ജെഗോഷ് വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്

ജൂതന്മാരുടെ വിശേഷദിവസമായ ഹാനുക്ക ആഘോഷത്തിന്റെ ഭാഗമായി പാർലമെന്റിൽ കത്തിച്ച മെഴുകുതിരികൾ കെടുത്തി പോളിഷ് എംപി ജെഗോഷ് ബ്രൗൺ. ചൊവ്വാഴ്ച ജൂതരുൾപ്പടെ പങ്കെടുത്ത പരിപാടിയിലായിരുന്നു കോൺഫെഡറേഷൻ എംപിയായ ജെഗോഷിന്റെ 'അറ്റകൈ പ്രയോഗം'. ഫയർ എസ്റ്റിംഗ്യൂഷർ ഉപയോഗിച്ച് എംപി തീ കെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നത്.
സ്പീക്കർ ഷൈമോൻ ഹൊളൗണിയയുടെ പ്രത്യേക ക്ഷണപ്രകാരം ഹാനുക്ക ആഘോഷങ്ങൾക്കായി ജൂതരായ സ്ത്രീകളും കുട്ടികളുമടക്കം പാർലമെന്റിൽ എത്തിയിരുന്നു. പാർലമെന്റിലെത്തിയ ജെഗോഷ് ഫയർ എസ്റ്റിംഗ്യൂഷർ എടുക്കുകയും ലോബിയിൽ കത്തിച്ചു വച്ചിരിക്കുന്ന മെഴുകുതിരികൾ ഇതുപയോഗിച്ച് കെടുത്തുകയുമായിരുന്നു. അന്തരീക്ഷമാകെ പുക നിറഞ്ഞ ശേഷമാണ് ജെഗോഷ് എസ്റ്റിംഗ്യൂഷർ പ്രവർത്തിപ്പിക്കുന്നത് നിർത്തിയത്. സംഭവസ്ഥലത്തുണ്ടായിരുന്ന മുഴുവൻ ആളുകളും ദേഹത്ത് പൊടിയുമായി നിൽക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പോളണ്ടിന്റെ പുതിയ പ്രധാന മന്ത്രിയായി ഡോണൾഡ് ടസ്‌ക് തെരഞ്ഞെടുക്കപ്പെടുന്നതിന് തൊട്ടു മുമ്പായിരുന്നു പാർലമെന്റിൽ നാടകീയ സംഭവങ്ങൾ.
ഹാനുക്ക ചെകുത്താന്റെ ആഘോഷമായതിനാലാണ് താൻ മെഴുകുതിരികൾ കെടുത്തിയതെന്നായിരുന്നു സംഭവത്തിന് ശേഷം ജെഗോഷിന്റെ പ്രതികരണം. മെഴുകുതിരികൾ കെടുത്തിയതിൽ തനിക്കൊരു നാണക്കേടുമില്ലെന്നും ചെകുത്താനെ ആരാധിക്കുന്നവരാണ് നാണംകെടേണ്ടതെന്നും ജെഗോഷ് കൂട്ടിച്ചേർത്തു. സംഭവത്തിന് പിന്നാലെ പാർലമെന്റ് സിറ്റിംഗിൽ നിന്ന് ജെഗോഷിനെ സ്പീക്കർ പുറത്താക്കി. മൂന്ന് മാസത്തേക്ക് ജെഗോഷിന്റെ ശമ്പളം പകുതിയായും ജോലി സംബന്ധിയായ എല്ലാ ചെലവുകളും മുഴുവനായും വെട്ടിച്ചുരുക്കുമെന്നും സ്പീക്കർ അറിയിച്ചിട്ടുണ്ട്.
ജൂതവിരുദ്ധത പരസ്യമായി പ്രകടിപ്പിച്ച് മുമ്പും ജെഗോഷ് വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഹോളോകോസ്റ്റിനെ കുറിച്ചുള്ള ഒരു സെഷനിടെ പോളിഷ്-കനേഡിയൻ പ്രൊഫസറായ ജാൻ ഗ്രാബൗസ്‌കിയിൽ നിന്ന് മൈക്ക് പിടിച്ചു വാങ്ങി, മതി ഇനി നിർത്തൂ എന്ന് ക്ഷോഭിച്ച് ബ്രൗൺ ഇറങ്ങിപ്പോയത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു.
Adjust Story Font
16

