Quantcast

സമാധാനം ആരംഭിക്കുന്നത് വ്യക്തികളിൽ നിന്ന്: ഫ്രാൻസിസ് മാർപ്പാപ്പ

'പുതിയ ലോകത്ത് സമാധാനമാണ് ആവശ്യം'

MediaOne Logo

Web Desk

  • Updated:

    2022-12-25 01:22:37.0

Published:

25 Dec 2022 1:15 AM GMT

സമാധാനം ആരംഭിക്കുന്നത് വ്യക്തികളിൽ നിന്ന്: ഫ്രാൻസിസ് മാർപ്പാപ്പ
X

സമാധാനം ആരംഭിക്കുന്നത് വ്യക്തികളിൽ നിന്നെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. പുതിയ ലോകത്ത് സമാധാനമാണ് ആവശ്യം. ഇതിനായി സ്ത്രീയും പുരുഷനും പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്മസ് രാവിൽ വത്തിക്കാനിൽ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു മാർപ്പാപ്പ.

കാലിത്തൊഴുത്തിലെ യേശുവിന്റെ ജനനം അതേപടി പുനരവതരിക്കുന്നതാണ് വത്തിക്കാനിൽ കണ്ടത്. വർണാഭമായ ചടങ്ങുകൾ. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ ഫ്രാൻസിസ് മാർപ്പാപ്പ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. ആയിരക്കണക്കിന് പേരാണ് ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചത്.

യുദ്ധക്കൊതിയും ഉപഭോഗ സംസ്കാരവും പാടില്ലെന്ന് ഫ്രാൻസിസ് മാർപ്പാപ്പ വിശ്വാസികളെ ഉണർത്തി. ക്രിസ്മസ് ആശംസകൾ നേർന്നു. ദുർബലരെയും കുട്ടികളെയും ചേർത്തുപിടിക്കേണ്ടതിന്റെ ആവശ്യകതയും മാര്‍പ്പാപ്പ ഊന്നിപ്പറഞ്ഞു.

തിരുപ്പിറവിയുടെ ഓർമ പുതുക്കി പാതിരാ കുർബാന

തിരുപ്പിറവിയുടെ ഓർമ പുതുക്കി കേരളത്തിലെ ദേവാലയങ്ങളിലും പാതിരാ കുർബാന നടന്നു. കൊച്ചി സെന്റ് തോമസ് മൗണ്ടിൽ നടന്ന ചടങ്ങിന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും തിരുവനന്തപുരം സെന്റ് തോമസ് കത്തീഡ്രലിൽ നടന്ന പാതിരാ കുർബാനയ്ക്ക് കർദിനാൾ ക്ലിമ്മിസ് കത്തോലിക്ക ബാവയും നേതൃത്വം നൽകി. പ്രാർത്ഥനാ ഭരിതമായ മനസ്സുമായി 100 കണക്കിന് വിശ്വാസികളാണ് പള്ളികളിലേക്ക് എത്തിയത്.

ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം പ്രഖ്യാപിച്ച വലിയ ഇടയന്റെ ജനനം വാഴ്ത്തുന്ന മുഹൂർത്തത്തിന് സാക്ഷിയാവാൻ നൂറുകണക്കിന് വിശ്വാസികളാണ് പള്ളികളിൽ തടിച്ചുകൂടിയത്. ബത്ലഹേമിൽ ഉണ്ണിയേശു പിറന്നതിന്റെ സ്മരണ പുതുക്കിയും ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം പകർന്നും ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷ ചടങ്ങുകൾ നടന്നു. കൊച്ചി സെൻറ് തോമസ് മൗണ്ട് ചർച്ചിൽ നടന്ന പാതിരാ കുർബാനയ്ക്ക് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകി. കുർബാനയുമായി ബന്ധപ്പെട്ട നിലവിലുള്ള വിവാദങ്ങൾ സൂചിപ്പിക്കുന്നതിനൊപ്പം വിഴിഞ്ഞം സമരം കൂടി പരാമർശിക്കുന്നതായിരുന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പ്രസംഗം. ക്രിസ്മസ് ആഘോഷിക്കുമ്പോൾ ഐക്യം പുനസ്ഥാപിക്കാൻ മനുഷ്യർക്ക് കഴിയണം. എന്നാൽ പല ഭാഗത്തും അനൈക്യം ഉണ്ടാകുന്നു. വിഭാഗീയത കാണിച്ചാൽ നാശത്തിന്‍റെ വക്കിലേക്ക് പോകുമെന്ന് കർദിനാള്‍ ഓര്‍മിപ്പിച്ചു. വിഴിഞ്ഞത്തെ ആളുകൾ ഗോഡൗണിൽ കിടക്കുന്നത് സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം സെന്റ് ജോസഫ് കതീഡ്രലിൽ നടന്ന ശുശ്രൂഷകൾക്ക് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ നേതൃത്വം നൽകി. സമകാലിക വിഷയങ്ങൾ കൂടി ഉൾപ്പെടുത്തി ആയിരുന്നു അദ്ദേഹത്തിന്‍റെ ക്രിസ്മസ് സന്ദേശം. വികസനത്തിന്റെ പേരിൽ സിമന്റ് ഗോഡൗണിൽ കഴിയുന്നവരെ ഓർമിക്കണം. ബഫർ സോണിലൂടെ വാസസ്ഥലം നഷ്ടപ്പെടുന്നവരെയും അനുസ്മരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കള്ളത്തിപ്പറമ്പിൽ എറണാകുളം സെന്‍റ് ഫ്രാൻസിസ് അസീസ് കത്തീഡ്രലിൽ കുർബാന അർപ്പിച്ചു. കോതമംഗലം മൗണ്ട് സീനായ് അരമന ചാപ്പലിലും പാതിരാ കുർബ്ബാന നടന്നു. കോഴിക്കോട് ദേവമാതാ കത്തീഡ്രലിലും തിരുപ്പിറവി ശുശ്രൂഷകൾ നടന്നു.

TAGS :

Next Story