Quantcast

ആരാകും പുതിയ മാര്‍പാപ്പ; എങ്ങനെയാണ് പുതിയ പോപ്പിനെ തെരഞ്ഞെടുക്കുക?

പുതിയ പോപ്പിനെ തെരഞ്ഞെടുക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം

MediaOne Logo

Web Desk

  • Updated:

    2025-04-22 04:19:25.0

Published:

21 April 2025 5:34 PM IST

Pope Francis
X

വത്തിക്കാൻ: കത്തോലിക്കാസഭയിൽ നിരവധി ചരിത്രപരമായ മാറങ്ങൾ കൊണ്ടുവന്ന മഹാ ഇടയനായിരുന്നു ഫ്രാൻസിസ് മാര്‍പാപ്പ.പോപ്പ് നിത്യതയിലേക്ക് മറയുമ്പോൾ അടുത്ത മാര്‍പാപ്പ ആരാകുമെന്ന ചര്‍ച്ചയിലാണ് ലോകം. അദ്ദേഹത്തിന്‍റെ പിൻഗാമി ആരണെന്ന കാര്യത്തിൽ വത്തിക്കാൻ ഒരു സൂചനയും നൽകിയിട്ടില്ല.

സാധ്യതാപട്ടികയിൽ ഇവര്‍

കർദിനാൾ പീറ്റർ ഏർഡോ (72)

സഭയിൽ നവ സുവിശേഷവൽക്കരണത്തിന്റെ നേതൃത്വം വഹിക്കുന്ന ഹംഗറിയിൽനിന്നുള്ള ആർച്ച് ബിഷപ്. യാഥാസ്ഥിതിക–പുരോഗമന പക്ഷങ്ങൾക്കു പ്രിയങ്കരൻ. യൂറോപ്പിലെയും ആഫ്രിക്കയിലെയും സഭാ നേതൃത്വവുമായി നല്ല അടുപ്പം. റഷ്യൻ ഓർത്തഡോക്സ് സഭയുമായി നല്ല ബന്ധം. ബഹുഭാഷാ പണ്ഡിതൻ. കുടിയേറ്റ വിഷയത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ നിലപാടിനെ പരസ്യമായി എതിർത്തിരുന്നു.

കർദിനാൾ മാരിയോ ഗ്രെക് (68)

മെത്രാ‌ന്മാരുടെ സിനഡിന്റെ സെക്രട്ടറി ജനറൽ, മാൾട്ട സ്വദേശി. ഫ്രാൻസിസ് മാ‍ർപാപ്പ തുടക്കമിട്ട നവീകരണ പ്രവർത്തനങ്ങളുടെ നേതൃത്വത്തിൽ മുൻനിരയിൽ. എൽജിബിടി സമൂഹത്തിന്റെ അവകാശങ്ങളെ പരസ്യമായി പിന്തുണച്ചു. എല്ലാ കർദിനാൾമാരുമായും നല്ല അടുപ്പം. മാൾട്ടയിൽ മഴയ്ക്കു വേണ്ടിയുള്ള ജനകീയ തീർഥാടനത്തിനു നേതൃത്വം നൽകിയത് ജനപ്രീതി ഉയർത്തി.

കർദിനാൾ യുവാൻ യോസെ ഒമെല്ല (79)

ബാർസിലോന ആർച്ച് ബിഷപ്പായ സ്പാനിഷ് കർദിനാൾ. ഫ്രാൻസിസ് മാർപാപ്പയുടെ അതേ പ്രകൃതം. സാമൂഹിക നീതിയുടെ വക്താവ്. സഭ പാവങ്ങൾക്കായി നിലകൊള്ളണമെന്നു ശക്തമായി വാദിക്കുന്നു. സ്പെയിനിലെ മെത്രാൻ സമിതിയുടെ മുൻ അധ്യക്ഷൻ. ഫ്രാൻസിസ് മാർപാപ്പയുടെ നയപിന്തുടർച്ച ആഗ്രഹിക്കുന്നവരുടെ ആദ്യ പരിഗണന.

കർദിനാൾ പിയത്രോ പരോളിൻ (70)

ഫ്രാൻസിസ് മാർപാപ്പയുടെ സെക്രട്ടറി. വത്തിക്കാൻ ഭരണത്തിലെ രണ്ടാമൻ. വൈദികനായി മൂന്നാം വർഷം വത്തിക്കാൻ നയതന്ത്രവിഭാഗത്തിലെത്തി. വെനസ്വേല, ചൈന, വിയറ്റ്നാം ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിൽ നയതന്ത്ര പ്രതിനിധിയായിരുന്നു. തുടർച്ചയായി 3 തവണ ഇറ്റലിക്കു വെളിയിൽനിന്നുള്ള മാർപാപ്പമാർക്കുശേഷം ഇറ്റലിയിൽനിന്ന് ഏറ്റവും സാധ്യതയുള്ളയാൾ. ഒട്ടേറെ ഭാഷകളിൽ പ്രാവീണ്യം.

കർദിനാൾ ലൂയി അന്റോണിയോ ഗോക്കിം ടാഗ്‍ലേ (67)

ഫിലിപ്പീൻസിലെ മനില ആർച്ച്ബിഷപ്. ഏഷ്യയിൽനിന്നുള്ള ആദ്യ മാർപാപ്പയാകാൻ സാധ്യത കൽപിക്കുന്നയാൾ. ദീർഘകാല ഭരണപരിചയം. 2019 ൽ പ്രേഷിതപ്രവർത്തനത്തിനുള്ള തിരുസംഘത്തിന്റെ അധ്യക്ഷൻ. 2015 മുതൽ 2022 വരെ കാരിത്താസ് ഇന്റർനാഷനലിന്റെ നേതൃത്വം വഹിച്ചു.

കർദിനാൾ ജോസഫ് ടോബിൻ (72)

ന്യൂആർക് ആർച്ച്ബിഷപ്. 2009–12ൽ ബനഡിക്ട് മാർപാപ്പയുടെ സെക്രട്ടറിയായിരുന്നു. യുഎസിൽനിന്നുള്ള ആദ്യ മാർപാപ്പയാകാൻ സാധ്യതയുള്ളയാൾ. ബാലപീഡന വിവാദത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ നിലപാടിനെ ശക്തമായി പിന്തുണച്ചു. എൽജിബിടി സമൂഹത്തിന്റെ അവകാശങ്ങളെ പരസ്യമായി പിന്തുണയ്ക്കുന്നു.

കർദിനാൾ പീറ്റർ കൊട്‍വോ ടർക്സൻ (76)

ആഫ്രിക്കയിൽനിന്നുള്ള ആദ്യ മാർപാപ്പയാകാൻ സാധ്യത കൽപിക്കുന്ന ഘാനക്കാരൻ. വത്തിക്കാനിലെ ഒട്ടേറെ വകുപ്പുകളിൽ ദീർഘകാല ഭരണപരിചയം. എല്ലാ കർദിനാള്‍മാരുമായും നല്ല ബന്ധം. 2009 ൽ നീതിക്കും സമാധാനത്തിനും മനുഷ്യാവകാശങ്ങൾക്കുമായുള്ള പൊന്തിഫിക്കൽ കൗൺസിൽ തലവനായി. 2021 മുതൽ ശാസ്ത്ര, സാമൂഹികശാസ്ത്ര പൊന്തിഫിക്കൽ അക്കാദമികളുടെ തലവൻ.

കർദിനാൾ മറ്റിയോ മരിയ സുപ്പി (69)

ഇറ്റലിയിലെ ബൊളോഞ്ഞ ആർച്ച്ബിഷപ്. ഫ്രാൻസിസ് മാർപാപ്പയുമായി നല്ല അടുപ്പം. ആഡംബരങ്ങളെല്ലാം ഉപേക്ഷിച്ച് പ്രവർത്തനം സാധാരണ ജനങ്ങൾക്കൊപ്പം. സൈക്കിളിൽ സഞ്ചരിക്കാൻ മടി കാണിക്കാത്ത ആർച്ച്ബിഷപ്. റഷ്യ–യുക്രൈൻ സംഘർഷത്തിൽ സമാധാനശ്രമത്തിനുള്ള മാർപാപ്പയുടെ പ്രതിനിധിയായിരുന്നു.

'പാപ്പൽ കോൺക്ലേവ്' എന്ന തെരഞ്ഞെടുപ്പ് സമ്മേളനം നടത്തിയാണ് പുതിയ പോപ്പിനെ തെരഞ്ഞെടുക്കുക. ഇതിൽ, 80 വയസിൽ താഴെയുള്ള 138 കർദിനാളുകൾ രഹസ്യ വോട്ടെടുപ്പിലൂടെ പുതിയ പോപ്പിനെ തെരഞ്ഞെടുക്കും. ഈ പ്രക്രിയ സാധാരണയായി 15 മുതൽ 20 ദിവസങ്ങൾ വരെ നീളാം.

പുതിയ പോപ്പിനെ തെരഞ്ഞെടുക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. ഒരു റൗണ്ട് വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ സമവായം ആയില്ലെങ്കിൽ ആ ബാലറ്റുകൾ കത്തിക്കും. സിസ്റ്റൈൻ ചാപ്പലിന് മുകളിലുള്ള ചിമ്മിനിയിലൂടെ കറുത്ത പുക പുറത്തുവരും. ടെലിവിഷനിലും സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ നിന്നും തിരഞ്ഞെടുപ്പ് വീക്ഷിക്കുന്നവർക്കുള്ള സന്ദേശമാണത്. മാർപാപ്പയെ തെരഞ്ഞെടുപ്പ് തുടരും എന്ന സന്ദേശം! ബാലറ്റുകൾക്കൊപ്പം പൊട്ടാസ്യം പെർക്ലോറേറ്റ്, ആന്താസിൻ, സൾഫർ എന്നിവ കൂടി കത്തിക്കുമ്പോഴാണ് കറുത്ത പുക വരുന്നത്.

മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ദിവസങ്ങളും ആഴ്ചകളും ചിലപ്പോൾ അതിലേറെയും നീണ്ടുപോയേക്കാം. അങ്ങനെ ചരിത്രവുമുണ്ട്. വോട്ടെടുപ്പിനൊടുവിൽ ഒരു കർദിനാളിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ സിസ്റ്റൈൻ ചാപ്പലിലെ ചിമ്മിനിയിൽക്കൂടി വെളുത്ത പുക വരും. ലോകമെങ്ങും കാത്തിരിക്കുന്ന വിശ്വാസികൾക്ക് ആശ്വാസവും ആഹ്ളാദവും പ്രതീക്ഷയും പകരുന്ന നിമിഷം. അവസാനവോട്ടെടുപ്പിലെ ബാലറ്റുകൾ കത്തിക്കുന്നതിനൊപ്പം പൊട്ടാസ്യം ക്ലോറേറ്റ് ലാക്ടോസ്, ക്ലോറോഫോം റെസിൻ എന്നീ രാസവസ്തുക്കൾ കൂടി ചേർക്കുമ്പോഴാണ് വെളുത്ത പുക വരുന്നത്. ഇതിനുശേഷം പുതിയ മാർപാപ്പയെ ഔദ്യോഗികമായി പ്രഖ്യാപിക്കും

പാപ്പൽ കോൺക്ലേവ് എപ്പോൾ തുടങ്ങും?

സാധാരണഗതിയിൽ പോപ്പ് മരിച്ച് രണ്ടോ മൂന്നോ ആഴ്ച കഴിഞ്ഞാണ് പാപ്പൽ കോൺക്ലേവ് നടക്കുക. 2013ൽ ബെനഡിക്ട് 16ാമൻ രാജിവെച്ച് 12 ദിവസങ്ങൾക്ക് ശേഷമാണ് കോൺക്ലേവ് തുടങ്ങിയത്. കർദിനാളുകൾക്കിടയിൽ ഐക്യമുണ്ടെങ്കിൽ പുതിയ പോപ്പിനെ പെട്ടെന്ന് തെരഞ്ഞെടുക്കാം. അല്ലെങ്കിൽ ആഴ്ചകളെടുത്തേക്കാം.

മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുന്നതിനായി കോൺക്ലേവിൽ ഓരോ ദിവസവും നാല് റൗണ്ട് വോട്ടെടുപ്പ് വരെ നടക്കും. 33 റൗണ്ടുകൾക്ക് ശേഷവും തീരുമാനമെടുത്തില്ലെങ്കിൽ അവസാന റൗണ്ടിലെത്തുന്ന രണ്ടുപേർ തമ്മിലാകും മത്സരം. 1271 ൽ ഗ്രിഗറി പത്താമൻ മാർപാപ്പയെ തെരഞ്ഞെടുക്കാൻ പാപ്പൽ കോൺക്ലേവ് കടുത്ത രാഷ്ട്രീയ തർക്കങ്ങൾ കാരണം ഏകദേശം മൂന്ന് വർഷമെടുത്തു.

TAGS :

Next Story