സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണക്കാനൊരുങ്ങി പോർച്ചുഗലും; ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ച
ഫലസ്തീനെതിരെ ഇസ്രായേൽ നടത്തുന്ന യുദ്ധം വംശഹത്യയ്ക്ക് തുല്യമാണെന്ന് ഐക്യരാഷ്ട്രസഭ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതിന് പിന്നാലെയാണ് പോർച്ചുഗലിന്റെ പ്രഖ്യാപനം

ലിസ്ബൺ: ആസ്‌ത്രേലിയ, കാനഡ, ഫ്രാൻസ്, യുകെ എന്നീ രാജ്യങ്ങൾക്ക് പിന്നാലെ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണക്കാനൊരുങ്ങി പോർച്ചുഗലും. പിന്തുണച്ചു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ച നടത്തുമെന്ന് പോർച്ചുഗീസ് വിദേശ കാര്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. തിങ്കളാഴ്ച ഫലസ്തീൻ രാഷ്ട്രത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ ഉന്നതതല സമ്മേളനം നടക്കാനിരിക്കെയാണ് പോർച്ചുഗലിന്റെ പ്രഖ്യാപനം.
പോർച്ചുഗൽ ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണക്കുമെന്നാണ് ഔദ്യോഗിക വെബ്‌സെറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ മന്ത്രാലയം വ്യക്തമാക്കിയത്. രാജ്യത്തിന്റെ മധ്യ-വലതുപക്ഷ പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോ പ്രസിഡന്റുമായും പാർലമെന്റുമായും കൂടിയാലോചിച്ച ശേഷമാണ് അന്തിമ തീരുമാനമെടുത്തതെന്ന് പോർച്ചുഗലിലെ കൊറെയോ ഡ മാൻഹ ദിനപത്രത്തിന്റെ റിപ്പോർട്ട് ചെയ്യുന്നു. 2011-ൽ രാജ്യത്തെ ഇടതുപക്ഷ രാഷ്ട്രീയ പാർട്ടിയാണ് ഈ നിർദേശം ആദ്യമായി മുന്നോട്ടുവച്ചത്. പശ്ചിമ യൂറോപ്യൻ രാജ്യത്തിന്റെ പാർലമെന്റിൽ ഏകദേശം 15 വർഷക്കാലമായി നടന്നുകൊണ്ടിരുന്ന ചർച്ചകൾക്കാണ് ഇതോടെ അവസാനമായതെന്ന് കൊറിയോ ഡ മാൻഹ റിപ്പോർട്ട് ചെയ്യുന്നു.
ഫലസ്തീനെതിരെ ഇസ്രായേൽ നടത്തുന്ന യുദ്ധം വംശഹത്യയ്ക്ക് തുല്യമാണെന്ന് ഐക്യരാഷ്ട്രസഭ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതിന് പിന്നാലെയാണ് പോർച്ചുഗലിന്റെ പ്രഖ്യാപനം.
2023 ഒക്ടോബറിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചതിനുശേഷം ഗസ്സയിൽ ഏകദേശം 65,141 പേർ കൊല്ലപ്പെടുകയും 1,65,925 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് പേർ ഇനിയും തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
മാനുഷിക പ്രതിസന്ധി, ഫലസ്തീൻ ഭൂമി പിടിച്ചെടുക്കാനുള്ള ഇസ്രായേലിന്റെ ആവർത്തിച്ചുള്ള ഭീഷണികളും അതിക്രൂര ആക്രമണങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി, ജൂലൈയിലാണ് പോർച്ചുഗീസ് സർക്കാർ ഫലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കാനുള്ള സാധ്യത ആദ്യമായി പ്രഖ്യാപിച്ചത്. സംഘർഷത്തിന്റെ അങ്ങേയറ്റം ആശങ്കാജനകമായ പരിണാമം എന്നാണ് അന്ന് പോർച്ചുഗീസ് സർക്കാർ ഗസ്സയിലെ അവസ്ഥയെ വിശേഷിപ്പിച്ചത്.
തിങ്കളാഴ്ച ന്യൂയോർക്കിൽ സൗദി അറേബ്യയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഉന്നതതല യോഗത്തിൽ ഫ്രാൻസിനൊപ്പം ഫലസ്തീൻ സംസ്ഥാനത്തെ അംഗീകരിക്കാൻ അൻഡോറ, ഓസ്ട്രേലിയ, ബെൽജിയം, ലക്‌സംബർഗ്, മാൾട്ട, സാൻ മറിനോ എന്നീ രാജ്യങ്ങൾ കൂടി പദ്ധതിയിടുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഉപദേഷ്ടാവ് വെള്ളിയാഴ്ച പറഞ്ഞിരുന്നു. കാനഡയും ബ്രിട്ടനും സമാന പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു.
ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അടുത്തയാഴ്ച ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെ വീഡിയോ വഴി അഭിസംബോധന ചെയ്യാനുള്ള അവസരം സൃഷ്ടിക്കുന്നതിനായി വെള്ളിയാഴ്ച വോട്ട് ചെയ്ത 145 രാജ്യങ്ങളിൽ പോർച്ചുഗലും ഉൾപ്പെടുന്നു. അമേരിക്ക അദ്ദേഹത്തിന് വിസ നിഷേധിച്ചതിനെത്തുടർന്നാണ് വീഡിയോ വഴി പങ്കെടുപ്പിക്കാനുള്ള നീക്കത്തിലേക്ക് കടക്കേണ്ടി വന്നത്. നൗറു, പലാവു, പരാഗ്വേ, ഇസ്രായേൽ, യുഎസ് എന്നീ അഞ്ച് രാജ്യങ്ങൾ ഈ തീരുമാനത്തെ എതിർത്ത് വോട്ട് ചെയ്തപ്പോൾ ആറ് രാജ്യങ്ങൾ വിട്ടുനിന്നു.
ഫലസ്തീനെ അംഗീകരിക്കാനുള്ള രാജ്യങ്ങളുടെ നീക്കത്തെ ഇസ്രായേലും യുഎസും ശക്തമായി വിമർശിച്ചു. ഫ്രാൻസിന്റെ പ്രഖ്യാപനത്തെ 'ഹമാസിന്റെ പ്രചാരണത്തിന് മാത്രം ഉപകരിക്കുന്ന' ഒരു 'വീണ്ടുവിചാരമില്ലാത്ത തീരുമാനം' എന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിശേഷിപ്പിച്ചത്.
ഫലസ്തീനെ അംഗീകരിക്കുന്ന എല്ലാ രാജ്യങ്ങൾക്കുമായി അധിനിവേശ വെസ്റ്റ് ബാങ്കിൽ ഒരു പുതിയ നിയമവിരുദ്ധ ഇസ്രായേലി കുടിയേറ്റ കേന്ദ്രം സ്ഥാപിക്കുമെന്ന് ഇസ്രായേൽ ധനമന്ത്രി ബെസലേൽ സ്‌മോട്രിച്ച് കഴിഞ്ഞ വർഷം മുന്നറിയിപ്പ് നൽകിയിരുന്നു.
Adjust Story Font
16

