'അടുത്ത വർഷം യുദ്ധത്തിനായി തയ്യാറെടുക്കുക' ഫ്രാൻസിൽ ആശുപത്രികൾക്ക് അയച്ച സർക്കാർ കത്ത് പുറത്ത്
10 മുതൽ 180 ദിവസങ്ങൾക്കുള്ളിൽ 10,000 മുതൽ 50,000 വരെ ആളുകളെ ആശുപത്രികളിൽ പ്രതീക്ഷിക്കാമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു

പാരിസ്: അടുത്ത വർഷത്തോടെ യൂറോപ്പിൽ ഒരു സായുധ സംഘട്ടനത്തിന് തയ്യാറെടുക്കാൻ ഫ്രഞ്ച് ആശുപത്രികളോട് സർക്കാർ ആവശ്യപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു. ലെ കാനാർഡ് എൻചൈനി വെളിപ്പെടുത്തിയ പ്രാദേശിക ആരോഗ്യ ഏജൻസികൾക്ക് അയച്ച കത്തിൽ 2026 മാർച്ചോടെ ഒരു 'പ്രധാന (സൈനിക) ഇടപെടലിന്' തയ്യാറെടുക്കാൻ ആരോഗ്യ മന്ത്രാലയം ആശുപത്രികളോട് ആവശ്യപ്പെടുന്നതായി ഈ മാസം മൂന്നിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. 10 മുതൽ 180 ദിവസങ്ങൾക്കുള്ളിൽ 10,000 മുതൽ 50,000 വരെ ആളുകളെ ആശുപത്രികളിൽ പ്രതീക്ഷിക്കാമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.
ഫ്രഞ്ച് മാധ്യമം ബിഎഫ്‌എംടിവിക്ക് നൽകിയ അഭിമുഖത്തിൽ ആരോഗ്യമന്ത്രി കാതറിൻ വോട്രിൻ കത്തിൽ പറഞ്ഞിരിക്കുന്ന വിശദാംശങ്ങളോ അതിന്റെ നിലനിൽപ്പോ നിഷേധിച്ചിട്ടിലെന്നും ഇൻഡിപെൻഡന്റ് റിപ്പോർട്ടിൽ പറയുന്നു. ജൂലൈ 18-ന് അയച്ച കത്തിൽ ഒരു വലിയ സംഘർഷമുണ്ടായാൽ ഫ്രഞ്ച്, വിദേശ സൈനികരെ പരിപാലിക്കേണ്ടതിന്റെ ആവശ്യകത മുൻകൂട്ടി കണ്ട് യുദ്ധസമയത്ത് വരുന്ന പരിമിതികളെക്കുറിച്ച് ബോധവാന്മാരായിരിക്കാൻ മന്ത്രാലയം പ്രാദേശിക ആരോഗ്യ അധികാരികളോട് ആവശ്യപ്പെടുന്നതാണ് കത്തിന്റെ ഉള്ളടക്കം.
സായുധ സംഘർഷങ്ങൾ, പ്രകൃതിദുരന്തങ്ങൾ, മറ്റ് അടിയന്തര സാഹചര്യങ്ങൾ എന്നിവയിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള 63 നടപടികളുള്ള 20 പേജുള്ള മാനുവൽ 'സർവൈവൽ ഗൈഡുകൾ' ഈയടുത്താണ് പ്രകാശനം ചെയ്തത്. തുടർന്നാണ് ഫ്രാൻസിന്റെ യുദ്ധ തയ്യാറെടുപ്പ് ശ്രമങ്ങൾ. വെള്ളം, ടിന്നിലടച്ച ഭക്ഷണം, ബാറ്ററികൾ, പ്രഥമശുശ്രൂഷ കിറ്റുകൾ എന്നിവയുൾപ്പെടെ അവശ്യസാധനങ്ങൾ ഗൈഡിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. 2022 മുതൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മാനുവൽ ഒരു പൊതു തയ്യാറെടുപ്പ് നടപടിയാണെന്നും വ്‌ളാഡിമിർ പുടിൻ ഉൾപ്പെടെയുള്ള ഏതെങ്കിലും പ്രത്യേക ഭീഷണിക്കുള്ള പ്രതികരണമല്ലെന്നും സർക്കാർ വാദിക്കുന്നു.
Adjust Story Font
16

