' ദി ഗോഡ് ഫാദറി'ലെ 'കേ ആഡംസ്'; പ്രമുഖ ഹോളിവുഡ് നടി ഡയാൻ കീറ്റൺ അന്തരിച്ചു
'ആനി ഹാൾ' എന്ന ചിത്രത്തിലെ അഭിനയത്തിന് ഓസ്‌കാർ പുരസ്‌കാരം നേടിയിരുന്നു

Photo|Special Arrangement
കാലിഫോർണിയ: ആനി ഹാൾ, ദി ഗോഡ് ഫാദർ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ പ്രമുഖ അമേരിക്കൻ നടി ഡയാൻ കീറ്റൺ അന്തരിച്ചു. 'ആനി ഹാളി'ലെ അഭിനയത്തിന് ഓസ്‌കാർ പുരസ്‌കാരം ലഭിച്ച നടി തന്റെ 79ാമത്തെ വയസിലാണ് വിടപറയുന്നത്. സ്വകാര്യത മാനിച്ച് മരണ കാരണം സംബന്ധിച്ച വിവരങ്ങൾ കുടുംബം പുറത്തുവിട്ടിട്ടില്ല.
അഭിനയത്തിന് പുറമെ സംവിധാനം, നിർമാണം, രചന, ഫോട്ടോഗ്രഫി എന്നിവയിലും കീറ്റൺ തന്റെ മുദ്ര പതിപ്പിച്ചിരുന്നു. സിനിമ, ഫാഷൻ, ഡിസൈൻ എന്നിവയിൽ പ്രാവീണ്യമുണ്ടായിരുന്ന നടി തന്റെ വേഷത്തിലും വ്യത്യസ്തമായ ശൈലി പതിപ്പിച്ചിരുന്നു. ടെർറ്റിൽ നെക്ക് സ്വറ്ററും, തൊപ്പിയുമാണ് കീറ്റണിന്റെ ഇഷ്ടവസ്ത്രം.
1946ൽ ലോസ് ആഞ്ചലസിൽ ഡയാൻ ഹാൾ എന്ന പേരിലാണ് കീറ്റൺ ജനിച്ചത്. ഹൈസ്‌കൂൾ പഠനത്തിനുശേഷം അഭിനയത്തിലേക്ക് തിരിഞ്ഞു. ന്യൂയോർക്കിലേക്ക് മാറിയ ശേഷമാണ് കീറ്റൺ എന്ന് പേര് സ്വീകരിച്ചത്. 'ഹെയർ', 'പ്ലേ ഇറ്റ് എഗെയ്ൻ, സാം' എന്നിവയിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഹോളിവുഡിൽ ഏറെ ആരാധകരുള്ള നടിയാണ് കീറ്റൺ.
Adjust Story Font
16

