Quantcast

ഫലസ്തീൻ വിഷയം; ഇസ്രായേലിനെതിരെ ലോകമെങ്ങും വ്യാപക പ്രതിഷേധം

ബ്രിട്ടണിലും, ബെർലിനിലുമടക്കം ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ റാലികൾ അരങ്ങേറി

MediaOne Logo

Web Desk

  • Updated:

    2023-11-05 01:50:59.0

Published:

5 Nov 2023 1:29 AM GMT

World protest and solidarity rallies in Palestine issue
X

ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന നരനായാട്ടിനെതിരെ ലോകമെങ്ങും വ്യാപക പ്രതിഷേധം. ബ്രിട്ടണിലും, ബെർലിനിലുമടക്കം ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ റാലികൾ അരങ്ങേറി.

മാഞ്ചസ്റ്ററിലെ സെന്റ് പീറ്റേഴ്‌സ് ചർച്ച് സ്‌ക്വയറിൽ സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഡ്യ റാലിയിൽ ബ്രിട്ടീഷ് പൗരൻമാരും പ്രവാസികളും ഉൾപ്പെടെ ആയിരങ്ങൾ അണിനിരന്നു. ഫലസ്തീന് മേൽ ഇസ്രായേൽ നടത്തുന്ന യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും ലോകരാജ്യങ്ങളുടെ അടിയന്തര ഇടപെടൽ വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

യുദ്ധത്തിന്റെ മറവിൽ നിരവധി പിഞ്ചുകുഞ്ഞുങ്ങളെ ഇസ്രായേൽ കൊന്നു തള്ളുകയാണെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. റാലിയിൽ നിരവധി മനുഷ്യാവകാശ പ്രവർത്തകർ സംസാരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിനും ബ്രിട്ടീഷ് ചാനലായ BBCയ്ക്ക് എതിരേയും റാലിയിൽ രൂക്ഷ വിമർശനം ഉണ്ടായി.

ഇസ്രയേൽ ഗസ്സയിൽ തുടരുന്ന ബോംബാക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുകെയിലെ നോട്ടിങ്ഹാമിൽ നടന്ന റാലിയിലും ആയിരങ്ങളാണ് പങ്കെടുത്തത്. ഫോറസ്റ്റ് ഫീൽഡ് പാർക്കിൽ നിന്ന് ആരംഭിച്ച റാലി നോട്ടിങ്ഹാം നഗരം ചുറ്റി ബിബിസി ഓഫീസിന് മുന്നിൽ അവസാനിച്ചു.

വെടിനിർത്തൽ ഉടൻ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട പ്രതിഷേധക്കാർ നോട്ടിങ്ഹാം റെയിൽവെ സ്റ്റേഷൻ ഉപരോധിച്ചു. ഫലസ്തീൻ സോളിഡാരിറ്റി കാമ്പെയ്‌നിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തെ പ്രമുഖർ അഭിസംബോധന ചെയ്തു. ഇസ്രയേൽ അനുകൂല നിലപാടിൽ പ്രതിഷേധിച്ച് ലേബർ പാർട്ടിയിൽ നിന്ന് രാജിവെച്ച നോട്ടിങ്ഹാം സിറ്റി കൗൺസിൽ അംഗങ്ങളും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.

ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബർലിനിലും റാലി നടന്നു. ജർമൻ പൗരൻമാരും പ്രവാസികളും ഉൾപ്പടെ പങ്കെടുത്ത പ്രതിഷേധ റാലി ജൂത സംഘടനകൾ ഉൾപ്പെടുന്ന കൂട്ടായ്മയാണ് സംഘടിപ്പിച്ചത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങമായ അലക്‌സാണ്ടർ പ്ലേറ്റ്‌സിൽ നിന്ന് ആരംഭിച്ച റാലി അണ്ടർഡെൻ ലിൻറൺ വഴി പോസ്റ്റ്ഡാമർ പ്ലാറ്റ്‌സിൽ സമാപിച്ചു. അടുത്ത കാലത്ത് ജർമനി സാക്ഷ്യംവഹിച്ച ഏറ്റവും വലിയ പ്രതിഷേധ റാലിയായിരുന്നു ഇന്നലത്തേത്.

അതേസമയം വെടിനിർത്തൽ തള്ളിയ ഇസ്രായേൽ ഗസ്സയിൽ യു.എൻ സ്‌കൂളും ബോബിട്ട് തകർത്തു. നിരവധി സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണം തുടരുന്ന ഗസ്സയിൽ മരണ സംഘ്യ 9500 കവിഞ്ഞിരിക്കുകയാണ്. അറബ് രാജ്യങ്ങളുടെ സമ്മർദം കണക്കിലെടുത്തു ഗസ്സയിലേക്കുള്ള സഹായം വർധിപ്പിക്കുമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്.. ഇസ്രായേലിന്റെ 24 സൈനിക ടാങ്കുകൾ തകർത്തതായി അറിയിച്ച ഹമാസ് ഗസ്സാ പോരാട്ടം ചരിത്രത്തിൽ ഇടം പിടിക്കുമെന്നും വ്യക്തമാക്കി.

TAGS :

Next Story