Quantcast

ഓസ്‌ട്രേലിയ-ഇന്ത്യ യൂത്ത് ഡയലോഗിൽ അതിഥിയായി തേജസ്വി സൂര്യ; വൻ പ്രതിഷേധം

സൂര്യയുടെ വിസ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഓസ്‌ട്രേലിയയിലെ ഇന്ത്യയ്ക്കാരുടെ നേതൃത്വത്തിൽ നടക്കുന്ന കാംപയിനിൽ ആയിരത്തിലേറെ പേരാണ് ഒപ്പുവച്ചത്

MediaOne Logo

Web Desk

  • Published:

    29 May 2022 5:31 PM GMT

ഓസ്‌ട്രേലിയ-ഇന്ത്യ യൂത്ത് ഡയലോഗിൽ അതിഥിയായി തേജസ്വി സൂര്യ; വൻ പ്രതിഷേധം
X

കാൻബെറ: ഓസ്‌ട്രേലിയയിൽ അടുത്ത മാസം നടക്കുന്ന ദ ഓസ്‌ട്രേലിയ ഇന്ത്യ യൂത്ത് ഡയലോഗിൽ(എ.ഐ.വൈ.ഡി) ബി.ജെ.പി എം.പി തേജസ്വി സൂര്യയെ പങ്കെടുപ്പിക്കാനുള്ള തീരുമാനത്തിൽ വൻ പ്രതിഷേധം. ഇന്ത്യയിൽനിന്നും ഓസ്‌ട്രേലിയയിൽനിന്നുമുള്ള യുവപ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടിയിലേക്കാണ് വിദ്വേഷ പരാമർശങ്ങളിലൂടെ വിവാദ നായകനായ തേജസ്വി സൂര്യയ്ക്ക് ക്ഷണം.

2012ലാണ് ഇന്ത്യയിലും ഓസ്‌ട്രേലിയയിലുമുള്ള യുവനേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് എ.ഐ.വൈ.ഡിക്ക് തുടക്കമായത്. ഓരോ വർഷവും മാറിമാറി ഇരുരാജ്യങ്ങളിലുമായാണ് പരിപാടി നടക്കാറുള്ളത്. ഇത്തവണ സിഡ്‌നിയിലും മെൽബണിലുമായാണ് പരിപാടി നടക്കുന്നത്. എന്നാൽ, സൂര്യയെ ക്ഷണിച്ചത് ചൂണ്ടിക്കാട്ടി സർവകലാശാലാ അധ്യാപകരും സാമൂഹിക പ്രവർത്തകരും അടക്കമുള്ള നിരവധി പേർ രംഗത്തെത്തിയിരിക്കുകയാണ്.

പരിപാടിക്കുള്ള പിന്തുണ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌പോൺസർമാരായ മൊണാഷ് യൂനിവേഴ്‌സിറ്റി, ഡീകിൻ യൂനിവേഴ്‌സിറ്റി, സിഡ്‌നി യൂനിവേഴ്‌സിറ്റി, മാക്വറീ യൂനിവേഴ്‌സിറ്റി എന്നിവയ്ക്ക് കത്തയച്ചിട്ടുണ്ട്. ആർ.എസ്.എസ് അംഗവും സ്ത്രീവിരുദ്ധതയുടെയും മതവിദ്വേഷത്തിന്റെയും ചരിത്രമുള്ളയാളുമാണ് തേജസ്വി സൂര്യയെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പരിപാടിയിലെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് മൊണാഷ് യൂനിവേഴ്‌സിറ്റി വക്താവ് പ്രതികരിച്ചു.

ഇതിനിടെ, സൂര്യയുടെ വിസ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കാംപയിനും നടക്കുന്നുണ്ട്. ഓസ്‌ട്രേലിയയിലെ ഇന്ത്യയ്ക്കാരുടെ നേതൃത്വത്തിൽ നടക്കുന്ന കാംപയിനിൽ ആയിരത്തിലേറെ പേരാണ് ഒപ്പുവച്ചത്. ക്ഷണത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സംഘാടകർ.

ഇരുരാജ്യത്തുമുള്ള ഏറ്റവും സമർത്ഥരായ യുവാക്കളെയാണ് പരിപാടിയിൽ പാനലിസ്റ്റുകളായി ക്ഷണിക്കാറുള്ളതെന്നാണ് എ.ഐ.വൈ.ഡി വെബ്‌സൈറ്റിൽ പറയുന്നത്. ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ക്രിയാത്മക ചിന്തകളും ആശയക്കൈമാറ്റവുമാണ് ഡയലോഗിൽ നടക്കുന്നതെന്നും വെബ്‌സൈറ്റിൽ പറയുന്നു.

Summary: Protest over Tejasvi Surya invitation to the Australia India Youth Dialogue

TAGS :

Next Story