Quantcast

'ഇറാനെതിരെ യുദ്ധം വേണ്ട'- യുഎസിൽ വൻ പ്രതിഷേധം, വൈറ്റ് ഹൗസ് വളഞ്ഞ് പ്രതിഷേധക്കാർ

പ്രതിഷേധങ്ങളിൽ ഫലസ്തീൻ ഐക്യദാർഢ്യവും പ്രകടമാണ് എന്നതാണ് ശ്രദ്ധേയം.... ഇറാൻ പതാകയ്‌ക്കൊപ്പം ഫലസ്തീൻ പതാകയും ഉയർത്തിയാണ് ജനങ്ങൾ പ്രതിഷേധിക്കുന്നത്..

MediaOne Logo

Web Desk

  • Updated:

    2025-06-19 10:27:21.0

Published:

19 Jun 2025 3:50 PM IST

Protest over US backing Israel in conflict against Iran
X

ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ അമേരിക്ക ഇടപെടുമെന്ന റിപ്പോർട്ടുകൾ കുറച്ച് ദിവസങ്ങളായി പുറത്ത് വരുന്നുണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെയാണ് ഈ ഊഹാപോഹങ്ങൾക്ക് പിന്നിൽ. യുദ്ധത്തിൽ ഇറാനോട് കീഴടങ്ങാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ട്രംപ് നടത്തിയ ഒരു പ്രസ്താവനയാണ് ഈ അഭ്യൂഹങ്ങൾക്കെല്ലാം അടിസ്ഥാനം.

താൻ ചിലപ്പോൾ യുദ്ധത്തിൽ ഇടപെട്ടേക്കാമെന്നും താനെന്താണ് ചെയ്യാൻ പോകുന്നതെന്ന് ആർക്കും പ്രവചിക്കാനാകില്ല എന്നുമായിരുന്നു വൈറ്റ് ഹൗസിൽ മാധ്യമങ്ങൾക്ക് മുന്നിൽ ട്രംപിന്റെ പ്രതികരണം. ഇറാനെതിരെ ആവശ്യമെങ്കിൽ യുദ്ധത്തിൽ ഏർപ്പെടുമെന്നും പറഞ്ഞു ട്രംപ്.

ഇതിന് പിന്നാലെയാണ് യുദ്ധത്തിൽ ഇറാനെതിരായി ഇസ്രായേലിനൊപ്പം അമേരിക്ക ചേരും എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. ഈ വാർത്ത തള്ളിക്കളയാനുള്ള സാഹചര്യമല്ല നിലവിൽ എന്നത് കൊണ്ടു തന്നെ, അമേരിക്കയെ യുദ്ധത്തിൽ ഇടപെടുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ ആഭ്യന്തര തലത്തിൽ തന്നെ തകൃതിയായി നടക്കുന്നുണ്ട്. ഇതിന് പുറമെ യുഎസിൽ വ്യാപക പ്രതിഷേധങ്ങളും അരങ്ങേറുകയാണ്...

ഇറാനെതിരെ യുദ്ധത്തിൽ ഇടപെടരുതെന്ന ആവശ്യവുമായി പ്രതിഷേധങ്ങളുടെ ഒരു നിര തന്നെയാണ് വൈറ്റ് ഹൗസിന് മുന്നിൽ. യുദ്ധവിരുദ്ധ സംഘടനകളുടെ നേതൃത്വത്തിലും അല്ലാതെയുമൊക്കെ അമേരിക്കൻ നിലപാടിനും ബെഞ്ചമിൻ നെതന്യാഹുവിനുമെതിരെ ജനങ്ങൾ പരസ്യമായി രംഗത്തെത്തുകയാണ്. ഇറാൻ-ഇസ്രായേൽ സംഘർഷത്തെ അപകടകരവും അന്യായവും എന്ന് വിശേഷിപ്പിച്ചാണ് പ്രതിഷേധം. കാര്യമേതുമില്ലാതെ നെതന്യാഹു ഇറാനിൽ ബോംബിടുകയാണെന്നാണ് പ്രതിഷേധക്കാരുടെ വാദം. ഇസ്രായേൽ ആണവായുധം പേറുന്ന രാജ്യമാണെന്നും ഇസ്രായേലാണ് പശ്ചിമേഷ്യയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതെന്നും പറയുന്നുണ്ട് അവർ.

ഇസ്രായേലിന് യുഎസ് സൈനിക സഹായം നൽകുന്നതിനെയും പ്രതിഷേധക്കാർ എതിർക്കുകയാണ്. അനാവശ്യമായി യുദ്ധത്തിലേർപ്പെട്ട് യുഎസ് പൈസ കളയരുതെന്നും പണം ചെലവാക്കേണ്ടത് ജനങ്ങൾക്ക് വേണ്ടിയാണെന്നുമൊക്കെ പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിഷേധം. യുഎസും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ യുദ്ധത്തിലിറങ്ങുന്നത് എന്തിനെന്ന ചോദ്യവും പ്രതിഷേധത്തിൽ ഉയരുന്നുണ്ട്. മിഡിൽ ഈസ്റ്റിൽ ഇതിനകം തന്നെ യുഎസിൽ നിന്നുള്ള മൂന്ന് വിമാനവാഹിനിക്കപ്പൽ ഗ്രൂപ്പുകൾ ഉണ്ട്. പ്രതിരോധ ആവശ്യങ്ങൾക്കായി മാത്രമേ അവ അവിടെ തുടരൂ എന്ന് ഉറപ്പാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

ഇപ്പോൾ നടക്കുന്നത് അമേരിക്കയുടെ യുദ്ധമല്ലെന്നും, അതങ്ങനെ അല്ലാതായി തീരാൻ യുഎസ് ഇടപെടൽ വിലക്കേണ്ടതുണ്ടെന്നും പ്രതിഷേധക്കാരിലൊരാളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇറാനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തി യുദ്ധം തുടങ്ങിയത് ഇസ്രായേലാണെന്നും, പശ്ചിമേഷ്യയിലെ രണ്ട് ഭരണകൂടങ്ങൾ തമ്മിലുള്ള യുദ്ധം മാത്രമായി അത് അവസാനിക്കണമെങ്കിൽ യുഎസ് ഇടപെടൽ പാടില്ലെന്നുമാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.

ഇതിനിടെ പ്രതിഷേധങ്ങളിൽ ഫലസ്തീൻ ഐക്യദാർഢ്യവും പ്രകടമാണ് എന്നതാണ് ശ്രദ്ധേയം. ഇറാന്റെ പതാകയ്‌ക്കൊപ്പം ഫലസ്തീൻ പതാകയും ഉയർത്തിയാണ് ജനങ്ങൾ പ്രതിഷേധിക്കുന്നത്. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയ്ക്കും ഉടനടി പരിഹാരം വേണമെന്ന് പ്രതിഷേധക്കാർ ആവശ്യമുയർത്തുന്നുണ്ട്. ഇറാൻ-ഗസ്സ വിഷയങ്ങളിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ശക്തമായ ഭാഷയിൽ വിമർശിക്കുന്ന പ്ലക്കാർഡുകളാണ് വൈറ്റ് ഹൗസിന് മുന്നിൽ ഉയരുന്നത്.

വൈറ്റ് ഹൗസ് കൂടാതെ, ന്യൂയോർക്ക് സിറ്റിയിലെ ബ്രയന്റ് പാർക്കിലും പബ്ലിക് ലൈബ്രറിക്ക് മുന്നിലും സമാന രീതിയിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു. ഇവിടെ ഇറാൻ വംശജരായ അമേരിക്കക്കാരും പ്രതിഷേധങ്ങളിൽ പങ്കെടുത്തു. പ്രതിഷേധക്കാരെ അടക്കി നിർത്താൻ പൊലീസ് കഷ്ടപ്പെടുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ പുറത്തെത്തിയിട്ടുണ്ട്. പ്രതിഷേധങ്ങളിൽ അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

TAGS :

Next Story