കടുത്ത വൈദ്യുതി പ്രതിസന്ധി: ക്യൂബയിൽ കമ്യുണിസ്റ്റ് പാർട്ടി ഓഫീസിന് നേരെ പ്രതിഷേധക്കാരുടെ ആക്രമണം
ക്യൂബയിലെ നിലവിലെ പ്രതിസന്ധിക്ക് പിന്നിൽ അമേരിക്കയുടെ സാമ്പത്തിക ഉപരോധമാണ്

- Published:
15 March 2026 11:12 AM IST

ഹവാന: മാസങ്ങളായി തുടരുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയും ഭക്ഷണസാധനങ്ങളുടെ ദൗർലഭ്യവും ക്യൂബയിൽ വലിയ ജനകീയ പ്രക്ഷോഭങ്ങൾക്ക് വഴിവെക്കുന്നു. സാന്റിയാഗോ ഡി ക്യൂബ (Santiago de Cuba) ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ശനിയാഴ്ച നടന്ന പ്രതിഷേധങ്ങൾക്കിടെ പ്രക്ഷോഭകാരികൾ ഭരണകക്ഷിയായ കമ്യുണിസ്റ്റ് പാർട്ടിയുടെ ഓഫീസിന് നേരെ ആക്രമണം നടത്തിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ദ്വീപ് രാഷ്ട്രമായ ക്യൂബയിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ദിവസവും 18 മണിക്കൂറിലധികം വൈദ്യുതി മുടങ്ങുന്നത് പതിവായിരിക്കുകയാണ്. കാലപ്പഴക്കം ചെന്ന വൈദ്യുതി നിലയങ്ങളിലെ സാങ്കേതിക തകരാറുകളും ഇന്ധനത്തിന്റെ കടുത്ത ക്ഷാമവുമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. വൈദ്യുതി നിലയ്ക്കുന്നത് ഗതാഗതത്തെയും മറ്റ് ഉൽപാദന മേഖലകളെയും ബാധിച്ചതോടെ അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുകയും സാധാരണക്കാരുടെ ജീവിതം ദുസഹമാവുകയും ചെയ്തു.
സോഷ്യലിസ്റ്റ് ഭരണകൂടത്തിന് കീഴിലുള്ള ക്യൂബയിൽ ഇത്തരം പരസ്യമായ പ്രതിഷേധങ്ങളും സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളും അത്യപൂർവ്വമാണ്. പ്രതിസന്ധി സഹിക്കവയ്യാതെ സാന്റിയാഗോ ഡി ക്യൂബയിലെ കമ്യുണിസ്റ്റ് പാർട്ടി ഓഫീസിന് നേരെ ഒരു കൂട്ടം ആളുകൾ കല്ലെറിയുകയും കെട്ടിടത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. 2021 ജൂലൈയിൽ നടന്ന ചരിത്രപരമായ പ്രക്ഷോഭങ്ങൾക്ക് ശേഷം ക്യൂബ നേരിടുന്ന ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണിത്.
ക്യൂബയിലെ നിലവിലെ പ്രതിസന്ധിക്ക് പിന്നിൽ അമേരിക്കയുടെ സാമ്പത്തിക ഉപരോധമാണ്. മുൻപ് ക്യൂബയ്ക്ക് കുറഞ്ഞ നിരക്കിൽ എണ്ണ നൽകിയിരുന്ന വെനസ്വേല, നിലവിൽ ആഭ്യന്തര പ്രശ്നങ്ങളും അമേരിക്കൻ ഉപരോധങ്ങളും നേരിടുന്നത് ഇന്ധന ലഭ്യതയെ ബാധിച്ചു. വെനസ്വേലയിൽ നിന്നും മെക്സിക്കോയിൽ നിന്നുമാണ് ക്യൂബ പ്രധാനമായും എണ്ണ ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ അമേരിക്കൻ സമ്മർദവും സാമ്പത്തിക പ്രതിസന്ധിയും കാരണം ഈ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വിതരണം തടസപ്പെട്ടത് ക്യൂബയുടെ സാമ്പത്തിക അടിത്തറയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ചു.
പ്രതിഷേധം ശക്തമായതോടെ പലയിടങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ജനങ്ങളുടെ പ്രയാസം മനസിലാക്കുന്നുവെന്നും വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കുകയാണെന്നും പ്രസിഡന്റ് മിഗ്വൽ ഡിയാസ് കാനൽ പ്രസ്താവിച്ചു. എന്നാൽ, ഈ പ്രതിഷേധങ്ങൾക്ക് പിന്നിൽ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന വിദേശശക്തികളാണെന്നും അദേഹം ആരോപിച്ചു.
Adjust Story Font
16
