Quantcast

''കറുത്തവർക്ക് പ്രവേശനമില്ല''; ആഫ്രിക്കന്‍ വംശജര്‍ക്കുമുന്നില്‍ അതിര്‍ത്തിയടച്ച് ഉദ്യോഗസ്ഥര്‍

യുദ്ധമേഖലയില്‍നിന്ന് രക്ഷപ്പെടുന്നതിനിടെ ട്രെയിനുകളിലും അതിർത്തികളിലുമടക്കം തങ്ങളുടെ പൗരന്മാർ കടുത്ത വിവേചനം നേരിടുന്നതായി നൈജീരിയ, ദക്ഷിണാഫ്രിക്ക സർക്കാരുകള്‍ ആരോപിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    1 March 2022 11:58 AM GMT

കറുത്തവർക്ക് പ്രവേശനമില്ല; ആഫ്രിക്കന്‍ വംശജര്‍ക്കുമുന്നില്‍ അതിര്‍ത്തിയടച്ച് ഉദ്യോഗസ്ഥര്‍
X

യുദ്ധഭീതിക്കിടയിൽനിന്ന് ജനങ്ങൾ ജീവനും കൊണ്ട് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് ഓടുമ്പോഴും കടുത്ത വംശവെറിക്കും വർണവിവേചനത്തിനുമിരയായി ആഫ്രിക്കൻ സമൂഹം. ട്രെയിനുകളിലും അതിർത്തികളിലുമടക്കം തങ്ങളുടെ പൗരന്മാർ കടുത്ത വിവേചനം നേരിടുന്നതായുള്ള പരാതിയുമായി നൈജീരിയ, ദക്ഷിണാഫ്രിക്ക സർക്കാരുകളെല്ലാം രംഗത്തെത്തിയിട്ടുണ്ട്. സർക്കാർവൃത്തങ്ങൾ തന്നെയാണ് വിവേചനത്തിന് നേതൃത്വം നൽകുന്നതെന്നാണ് പരാതി.

''ഞങ്ങളെ തടഞ്ഞുവച്ചപ്പോഴും വെളുത്തവരെ അവര്‍ കടത്തിവിടുന്നുണ്ടായിരുന്നു''

പോളണ്ടിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പടിഞ്ഞാറൻ യുക്രൈൻ നഗരമായ ലിവിവിൽ നിരവധി ആഫ്രിക്കൻ വംശജരെയാണ് യുക്രൈൻ അതിർത്തിരക്ഷാ സേന തിരിച്ചയച്ചതെന്ന് ഫ്രഞ്ച് മാധ്യമമായ 'ഫ്രാൻസ് 24' റിപ്പോർട്ട് ചെയ്തു.

''അവർ ഞങ്ങളെ അതിർത്തിയിൽ തടഞ്ഞു. കറുത്ത വംശജർക്ക് പ്രവേശനമില്ലെന്ന് പറഞ്ഞു. എന്നാൽ, അപ്പോഴും വെളുത്ത വംശജരെ അവര്‍ കടത്തിവിടുന്നുണ്ടായിരുന്നു..'' ഗ്വിനിയയിൽനിന്നുള്ള വിദ്യാർത്ഥിയായ മുസ്തഫ ബാഗുയ് സില്ല ഫ്രാൻസ് 24നോട് പറഞ്ഞു. ഖാർകിവിൽനിന്നാണ് മുസ്തഫ വരുന്നത്. നഗരത്തിൽ റഷ്യൻ ആക്രമണം തുടങ്ങിയതിനു പിന്നാലെയാണ് ഇവർ ഇവിടെനിന്ന് രക്ഷപ്പെട്ട് അതിർത്തികളിലെത്തിയത്.


മണിക്കൂറുകൾ കോച്ചുന്ന തണുപ്പും സഹിച്ച് കാൽനടയായാണ് സുഹൃത്തുക്കൾക്കൊപ്പം മുസ്തഫ പോളിഷ് അതിർത്തിയിലെ മെഡിക ഗ്രമാത്തിലെത്തിയത്. എന്നാൽ, നിരാശയോടെ തിരിച്ചുപോകാനായിരുന്നു വിധി. ഇവർക്കുമുന്നിൽ സർക്കാർവൃത്തങ്ങൾ തന്നെ വാതിലുകൾ കൊട്ടിയടക്കുകയായിരുന്നു.

''യൂറോപ്യൻ പാസ്‌പോർട്ടില്ലാത്ത കറുത്ത വംശജർക്ക് അതിർത്തി കടക്കാനാകില്ല. കറുത്തവരായതുകൊണ്ടു മാത്രം അവർ ഞങ്ങളെ തിരിച്ചയക്കുന്നു. ഞങ്ങളും മനുഷ്യരല്ലേ..? തൊലിനിറം നോക്കി ഇങ്ങനെ വിവേചനം കാണിക്കാൻ പാടില്ല..'' നൈജീരിയൻ വിദ്യാർത്ഥിയായ മിഷേൽ പറയുന്നു. പെൺകുട്ടികളടങ്ങുന്ന തന്റെ സംഘത്തെ അതിർത്തി കടക്കാൻ അധികൃതർ അനുവദിച്ചില്ലെന്ന് മിഷേൽ പറയുന്നു. എന്നാൽ, വെളുത്ത നിറക്കാരെല്ലാം സുഖമായി അതിർത്തി കടക്കുന്നതും കാണാമായിരുന്നുവെന്ന് വിദ്യാർത്ഥി പറയുന്നു.

ട്രെയിനുകൾ കയറുന്നതിനിടെ കറുത്ത വംശജരെ അധികൃതർ തടയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 4,000ത്തോളം നൈജീരിയക്കാർ യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

നിഷേധിച്ച് യുക്രൈൻ-പോളിഷ് വൃത്തങ്ങൾ

ആഫ്രിക്കൻ ഭരണകൂടങ്ങളുടെയും വിദ്യാർത്ഥികളുടെയും ആരോപണങ്ങൾ തള്ളിക്കളയുകയാണ് യുക്രൈൻ-പോളിഷ് വൃത്തങ്ങൾ ചെയ്തത്. പോളണ്ടിലെ അതിർത്തിരക്ഷാ സേനയുടെ നിർദേശങ്ങൾ അനുസരിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്ന് യുക്രൈൻ അതിർത്തിസേനാംഗങ്ങൾ പ്രതികരിച്ചു.

യുക്രൈൻ അതിർത്തിയിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലെന്നും പോളണ്ടിലേക്ക് രാജ്യം നോക്കാതെ എല്ലാവർക്കും പ്രവേശനം നൽകുന്നുണ്ടെന്നും പോളിഷ് അതിർത്തിസേനാ വക്താവ് അന്നാ മിക്കാൽസ്‌ക്ക പ്രതികരിച്ചു. കഴിഞ്ഞ രണ്ടു ദിവസം മുഴുവൻ ഇത്തരം വ്യാജ ആരോപണങ്ങൾ നിഷേധിക്കാനായി ചെലവാക്കേണ്ടിവന്നിട്ടുണ്ടെന്നും അവർ പറഞ്ഞു.

Summary: 'Pushed back because we're Black': Africans stranded at Ukraine-Poland border

TAGS :

Next Story