Quantcast

'ഫലസ്തീൻ പ്രശ്‌നപരിഹാരം കൂടാതെ സംഘർഷം അവസാനിക്കില്ല': ഫോണിൽ സംസാരിച്ച് പുടിനും ഇറാൻ പ്രസിഡന്റും

പശ്ചിമേഷ്യയില്‍ ഇനിയും സംഘര്‍ഷം തുടര്‍ന്നാല്‍ വന്‍ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് പുടിൻ

MediaOne Logo

Web Desk

  • Updated:

    2024-04-16 14:56:13.0

Published:

16 April 2024 2:28 PM GMT

Putin- Raisi
X

വ്‌ളാഡ്മിർ പുടിനും ഇബ്രാഹിം റഈസിയും(2022ലെ ചിത്രം)

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡ്മിർ പുടിനും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയും ഫോണിൽ സംസാരിച്ചു. ഫലസ്തീൻ പ്രശ്‌നപരിഹാരം കൂടാതെ പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കില്ലെന്നും ഗസ്സയിൽ അടിയന്തര വെടിനിർത്തൽ അനിവാര്യമാണെന്നും ഇരുനേതാക്കളും അഭിപ്രായപ്പെട്ടു.

അതേസമയം പശ്ചിമേഷ്യയില്‍ ഇനിയും സംഘര്‍ഷം തുടര്‍ന്നാല്‍ വിനാശകരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് പുടിൻ മുന്നറിയിപ്പ് നൽകി. എല്ലാ കക്ഷികളും സംയമനം പാലിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

കഴിഞ്ഞ വാരാന്ത്യത്തിൽ ഇസ്രായേലിനെ ലക്ഷ്യമാക്കി ഡ്രോണുകളും മിസൈലുകളും ഇറാന്‍ തൊടുത്തതോടെയാണ് സ്ഥിതി വഷളായത്. 300ലധികം മിസൈലുകളാണ് ഇറാന്‍ തൊടുത്തത്. സിറിയയിലെ കോൺസുലേറ്റിന് നേരെ ഇസ്രായേൽ നടത്തിയ മാരകമായ വ്യോമാക്രമണത്തിന് തിരിച്ചടിയായിട്ടായിരുന്നു ഇറാന്റെ മിസൈലാക്രമണം.

ഇസ്രായേലി പാർലമെന്റിന് സമീപം മിസൈലുകൾ വരുന്നതും, അതിനെ സൈന്യം നിർവീര്യമാക്കുന്നതിന്റെയുമെല്ലാം വീഡിയോകൾ പുറത്തുവന്നിരുന്നു. എന്നാല്‍, ഇറാന്റെ ആക്രമണത്തിൽ, ചെറിയ നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടായതെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്.

അതേസമയം ഇസ്രായേല്‍ ക്ഷണിച്ചുവരുത്തിയതാണ് ഈ ആക്രമണമെന്ന് റഈസി പുടിനുമായുള്ള സംസാരത്തില്‍ വ്യക്തമാക്കി. സംഘര്‍ഷം ഇനിയും മുന്നോട്ടുകൊണ്ടുപോകാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റഷ്യയും ഇറാനും അടുത്ത സൈനിക, രാഷ്ട്രീയ സഖ്യകക്ഷികളാണെന്നും ഇറാൻ്റെ അഭ്യർത്ഥന മാനിച്ചാണ് പുടിന്‍ ഫോണില്‍ സംസാരിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

TAGS :

Next Story