പുടിന്റെ നേരെ വധശ്രമമോ? റഷ്യൻ പ്രസിഡന്റിന്റെ കാറിന് തീപിടിച്ചതായി റിപ്പോര്‍ട്ട്
വന്‍ സുരക്ഷാസംവിധാനങ്ങളുള്ള കാര്‍ അപകടത്തില്‍പ്പെട്ടത് സംബന്ധിച്ച് ദുരുഹത നിലനില്‍ക്കുന്നുണ്ട്

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന് നേരെ വധശ്രമമോ? അദ്ദേഹത്തിന്റെ വാഹനത്തിന് തീപ്പിടിച്ചതാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് കാരണം.
മോസ്‌കോയിലെ എഫ്എസ്ബി ഹെഡ്ക്വാര്‍ട്ടേഴ്‌സിന് സമീപം വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. പുടിന്റെ ഔറസ് സെനറ്റ് ലിമോസിന്‍ എന്ന വാഹനം പൊട്ടിത്തെറിക്കുകയും പിന്നാലെ തീപ്പിടിക്കുകയുമായിരുന്നുവെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാര്‍ കത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ആ സമയത്ത് കാറിലാരാണ് ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടുകളിലില്ല. പരിക്കില്ലെന്നാണ് വിവരം. കാറിന്റെ എഞ്ചിനിൽ നിന്നാണ് തീ പടർന്നതെന്നും വളരെ പെട്ടെന്ന് തന്നെ വാഹനം മുഴുവൻ കത്തി നശിച്ചു എന്നുമാണ് പറയപ്പെടുന്നത്. തെരുവിൽ കറുത്ത പുക നിറഞ്ഞതും സമീപത്തുള്ള ബാറുകളിലെയും റെസ്റ്റോറന്റുകളിലെയും തൊഴിലാളികൾ തീയണക്കാന്‍ സഹായിക്കുന്നതും വീഡിയോയിലുണ്ട്.
അതേസമയം വന്‍ സുരക്ഷാസംവിധാനങ്ങളുള്ള കാര്‍ അപകടത്തില്‍പ്പെട്ടത് സംബന്ധിച്ച് ദുരുഹത നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല ഇത് റഷ്യന്‍ പ്രസിഡന്റിന് നേരെയുണ്ടായ വധശ്രമമാണോ എന്ന സംശയവും ഉയരുന്നുണ്ട്. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.
റഷ്യൻ വാഹന നിർമ്മാതാക്കളായ ഓറസ് മോട്ടോഴ്‌സിൻ്റെ ആഡംബര കാറാണ് ഓറസ് സെനറ്റ്. റഷ്യൻ നിർമ്മിത കാറുളാണ് പുടിൻ പതിവായി ഉപയോഗിക്കാറ്. അത്തരം കാറുകള്‍ സമ്മാനമായി പോലും നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഉത്തരകൊറിയയുടെ കിം ജോങ് ഉന്നിനും ഏതാനും പേര്‍ക്കുമാണ് അത്തരം വാഹനം സമ്മാനമായി നൽകിയിട്ടുണ്ട്.
Adjust Story Font
16

