താല്‍ക്കാലികമായി അടച്ചിട്ട ഖത്തർ വ്യോമപാത വീണ്ടും തുറന്നു
ഹമാദ് വിമാനത്താവളത്തില്‍ ഖത്തര്‍ സമയം രാത്രി 12 മണിയോടെ വിമാനങ്ങള്‍ സര്‍വീസ് തുടങ്ങി

ഖത്തർ: ഇറാൻ ആക്രമണത്തെ തുടർന്ന് താല്‍ക്കാലികമായി അടച്ചിട്ട ഖത്തറിന്റെ വ്യോമപാത വീണ്ടും തുറന്നു. ഹമദ് വിമാനത്താവളത്തില്‍ ഖത്തര്‍ സമയം രാത്രി 12 മണിയോടെ വിമാനങ്ങള്‍ സര്‍വീസ് തുടങ്ങി. പ്രാദേശിക സമയം ഇന്നലെ വൈകിട്ട് 6.45നാണ് വ്യോമപാത അടക്കുന്നതായി ഖത്തര്‍ പ്രഖ്യാപിച്ചത്. അഞ്ച് മണിക്കൂറിലേറെ സര്‍വീസ് മുടങ്ങിയതിനാല്‍ ചില വിമാനങ്ങള്‍ റദ്ദാക്കി. ഇന്നും വിമാനസര്‍വീസുകളുടെ സമയ ക്രമത്തില്‍ മാറ്റമുണ്ടാകും. യാത്രക്കാരുടെ പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ കൂടുതല്‍ ജീവനക്കാരെ വിന്യസിച്ചായി ഖത്തര്‍ എയര്‍വേസ് അറിയിച്ചു.
വ്യോമപാത തുറന്നതിനെ തുടർന്ന് ഖത്തറിലേക്കുള്ള തിരുവനന്തപുരത്ത് നിന്നുള്ള വിമാന സർവീസുകൾ പുനസ്ഥാപിച്ചു. തിരുവനന്തപുരം- ദുബായ് എമിറേറ്റ്സ് വിമാനം, തിരുവനന്തപുരം - അബുദാബി എത്തിഹാദ്, തിരുവനന്തപുരം - ഷാർജ എയർ അറേബ്യ എന്നിവ പുറപ്പെട്ടു. ഇന്ന് പുലർച്ചയാണ് വിമാനങ്ങൾ എത്തിയതും പുറപ്പെട്ടതും.
ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് നേരെയുള്ള യുഎസിൻ്റെ ആക്രമണത്തിന് തിരിച്ചടിയായി ദോഹയിലുള്ള യുഎസ് സൈനിക താവളം ഇറാൻ ഇന്നലെ ആക്രമിച്ചതിനെ തുടർന്നാണ് വ്യോമപാത അടച്ചത്. ആക്രമണത്തിൽ ആറോളം മിസൈലുകൾ അയച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു മിസൈൽ ഖത്തർ വ്യോമതാവളത്തിൽ പതിച്ചതായി ഖത്തർ സ്ഥിരീകരിച്ചു.
ഖത്തറിലെ യുഎസ് സൈനിക താവളം ആക്രമിച്ചതിനെ തുടർന്ന് ഇറാനും ഇസ്രയേലിനുമിടയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്. ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനം ഇസ്രായേൽ മാധ്യമങ്ങൾ സ്ഥിരീകരിക്കുമ്പോഴും ഇറാന്റെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണമൊന്നുമുണ്ടായിട്ടില്ല.
Adjust Story Font
16

