Quantcast

70 വർഷത്തിനിടെ ഇന്ത്യയിൽ എത്തിയത് മൂന്ന് തവണ; രാജ്ഞിയെ ഓർമിച്ച് രാജ്യം

50 വർഷത്തിനിടെ ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ബ്രിട്ടീഷ് അധികാരിയാണ് എലിസബത്ത് രാജ്ഞി

MediaOne Logo

Web Desk

  • Published:

    9 Sep 2022 12:59 PM GMT

70 വർഷത്തിനിടെ ഇന്ത്യയിൽ എത്തിയത് മൂന്ന് തവണ; രാജ്ഞിയെ ഓർമിച്ച് രാജ്യം
X

ഫ്രാൻസിലെ ലൂയി പതിനാലാമന് ശേഷം ഏറ്റവും കൂടുതൽ കാലം സിംഹാസനത്തിലിരുന്നത് എലിസബത്ത് രാജ്ഞിയാണ്. 1954ൽ അവരോധിക്കപ്പെട്ട എലിസബത്ത് രാജ്ഞി, തന്റെ മുതുമുത്തശ്ശി വിക്ടോറിയ രാജ്ഞിയെ മറികടന്ന് ബ്രിട്ടനിൽ ഏറ്റവുമധികം കാലം സിംഹാസനത്തിലിരുന്ന വ്യക്തിയെന്ന നേട്ടം 2015 സെപ്റ്റംബറിലാണ് സ്വന്തമാക്കിയത്. 70 വർഷവും 214 ദിവസവുമാണ് എലിസബത്ത് അധികാരത്തിലിരുന്നത്. ഈ കാലയളവിൽ ആകെ മൂന്ന് തവണ മാത്രമാണ് എലിസബത്ത് രാജ്ഞി ഇന്ത്യ സന്ദർശിച്ചത്.

തന്റെ ഭർത്താവും എഡിൻബർഗ് പ്രഭുവുമായ അന്തരിച്ച ഫിലിപ്പ് രാജകുമാരനോടൊപ്പം 1961, 1983, 1997 വർഷങ്ങളിൽ ആയിരുന്നു രാജ്ഞിയുടെ ഇന്ത്യാ സന്ദർശനം. 1911ൽ തന്റെ മുത്തച്ഛനായ ജോർജ് അഞ്ചാമൻ രാജാവിന്റെയും മേരി രാജ്ഞിയുടെയും സന്ദർശനത്തിന് ശേഷം 50 വർഷത്തിനിടെ ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ബ്രിട്ടീഷ് അധികാരിയാണ് എലിസബത്ത് രാജ്ഞി.

1961 ജനുവരി 21 ന് ആദ്യ സന്ദർശനത്തിന് ഇന്ത്യയിൽ എത്തിയ എലിസബത്ത് രാജ്ഞിയെയും ഫിലിപ്പ് രാജകുമാരനെയും രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ്, വൈസ് പ്രസിഡന്റ് ഡോ. എസ്. രാധാകൃഷ്ണൻ, പി.എം. ജവഹർലാൽ നെഹ്‌റു എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.

അന്ന് റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥിയായിരുന്നു രാജ്ഞി. രാംലീല ഗ്രൗണ്ടിൽ രാജദമ്പതികളെ സ്വീകരിക്കാൻ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു വൻ പരിപാടിയാണ് സംഘടിപ്പിച്ചിരുന്നത്. ജനാവലിയെ അഭിസംബോധന ചെയ്ത രാജ്ഞിയുടെ പ്രസംഗം ഏറെ ശ്രദ്ധ നേടിയിരുന്നു. ജയ്പൂർ കൊട്ടാരം സന്ദർശിക്കുകയും അന്നത്തെ ജയ്പൂർ മഹാരാജാവ് സവായ് മാൻ സിംഗ് രണ്ടാമനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്ത ശേഷമാണ് രാജ്ഞി മടങ്ങിയത്.

ശേഷം ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷികം ആഘോഷിക്കുമ്പോൾ bഎലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും 1983 ലും 1997 ലും വീണ്ടും ഇന്ത്യ സന്ദർശിച്ചിരുന്നു. 1983ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി ന്യൂഡൽഹിയിൽ വെച്ച് രാജ്ഞി കൂടിക്കാഴ്ച നടത്തിയിരുന്നു. സാരി ധരിച്ച ഇന്ദിരാഗാന്ധിയുടെയും രാജകീയ വേഷത്തിലെത്തിയ എലിസബത്ത് രാജ്ഞിയുടെയും ചിത്രം ഏറെ പ്രചാരം നേടിയിരുന്നു.

ഇതേ വർഷം തന്നെ എലിസബത്ത് രാജ്ഞി കൽക്കട്ടയിലെത്തി മദർ തെരേസയെ സന്ദർശിക്കുകയും ഓർഡർ ഓഫ് മെറിറ്റ് സമ്മാനിക്കുകയും ചെയ്തു. അതിന് ശേഷം രാജ്ഞി ഇന്ത്യയിലേക്ക് എത്തിയിട്ടില്ല.

കഴിഞ്ഞ ദിവസം സ്കോട്‌ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിലായിരുന്നു എലിസബത്ത് രാജ്ഞിയുടെ അന്ത്യം. 96 വയസായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് കുറച്ചുനാളായി ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു രാജ്ഞി. എലിസബത്ത് രാജ്ഞിയുടെ അന്ത്യത്തോടെ അവരുടെ മൂത്ത മകൻ ചാൾസാകും ബ്രിട്ടനിലെ രാജാവ്.

TAGS :

Next Story