Quantcast

ഖുർആൻ കത്തിച്ച സംഭവം: സ്വീഡനിൽ വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്ത് പ്രതിഷേധം, യുഎന്നിൽ പ്രമേയം

ബലി പെരുന്നാൾ ദിനത്തിൽ സ്റ്റോക്‌ഹോമിലെ മസ്ജിദിന്റെ പരിസരത്ത് ഖുർആൻ കത്തിച്ചുള്ള പ്രതിഷേധം നടന്നിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-07-12 15:56:59.0

Published:

12 July 2023 2:15 PM GMT

Quran burning incident: Quran recitation protest in Sweden, UN Human Rights Council resolution
X

സ്റ്റോക്ഹോം: കഴിഞ്ഞ ബലി പെരുന്നാൾ ദിനത്തിൽ വിശുദ്ധ ഖുർആൻ കത്തിച്ചതിനെ തുടർന്ന് സ്വീഡനിൽ തുടങ്ങിയ പ്രതിഷേധം തുടരുന്നു. ഖുർആൻ സൂക്തങ്ങൾ പാരായണം ചെയ്തും സത്യസാക്ഷ്യം ഉറക്കെപ്പറഞ്ഞും ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. മാധ്യമപ്രവർത്തകനും ഗവേഷകനുമായ റോബർട്ട് കാർട്ടറടക്കമുള്ളവർ പ്രതിഷേധങ്ങളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.

അതിനിടെ, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ മതവിദ്വേഷത്തിനെതിരെയുള്ള പ്രമേയം പാസ്സായി. സ്വീഡനിൽ ഖുർആനെ നിന്ദിച്ചതിനെ തുടർന്നാണ് പാകിസ്താൻ പ്രമേയം കൊണ്ടുവന്നത്. സംഭവം ലോകമെമ്പാടും, പ്രത്യേകിച്ച് മുസ്‌ലിം ലോകത്ത് വ്യാപകമായ പ്രതിഷേധം ഉയർത്തിയ സാഹചര്യത്തിലാണ് വിവിധ രാജ്യങ്ങൾ ഇടപെട്ടത്.

യുഎസ്, യൂറോപ്യൻ യൂണിയൻ, യുകെ എന്നിവയുൾപ്പെടെയുള്ള മുൻനിര പാശ്ചാത്യ രാജ്യങ്ങൾ പ്രമേയത്തെ എതിർക്കുകയും മനുഷ്യാവകാശങ്ങൾക്കും അഭിപ്രായസ്വാതന്ത്ര്യത്തിനും എതിരാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിട്ടും പ്രമേയം പാസ്സായി.

വിശുദ്ധ ഖുർആൻ കത്തിച്ചുള്ള പ്രതിഷേധത്തിന് അനുമതി നൽകിയ സ്വീഡിഷ് കോടതി വിധിക്കെതിരെ വ്യാപക പ്രതിഷേധമുണ്ടായിരുന്നു. ബലി പെരുന്നാൾ ദിനത്തിൽ തലസ്ഥാനമായ സ്റ്റോക്ഹോമിലെ മസ്ജിദിന് മുമ്പിലാണ് ഖുർആൻ കത്തിച്ച് പ്രതിഷേധിക്കാൻ അപ്പീൽ കോടതി അനുമതി നൽകിയിരുന്നത്. കത്തിക്കലിന് പൊലീസ് അനുമതി നൽകാത്തതിനെ തുടർന്നാണ് പ്രതിഷേധക്കാർ കോടതിയെ സമീപിച്ചത്. നിലവിൽ ഖുർആൻ, തൗറാത്ത്, ബൈബിൾ എന്നിവ കത്തിക്കാനുള്ള അനുമതിക്കായുള്ള അപേക്ഷകൾ സ്വീഡിഷ് പൊലീസിന് ലഭിച്ചതായി അശോക് സൈ്വൻ ട്വീറ്റ് ചെയ്തിരുന്നു. ഈ ഭ്രാന്തിന് അറുതി വരണമെന്നും അദ്ദേഹം കുറിച്ചു.

സ്റ്റോക്ഹോമിലെ നഗരമധ്യത്തിലുള്ള സോഡെർമാം ഐലന്റിൽ സ്ഥിതി ചെയ്യുന്ന പ്രധാന മസ്ജിദിന് പരിസരത്താണ് ഖുർആൻ കത്തിച്ചുള്ള പ്രതിഷേധം നടന്നത്. കഴിഞ്ഞ ജനുവരിയിൽ തുർക്കിഷ് എംബസിക്ക് മുമ്പിൽ സമാനമായ പ്രതിഷേധം നടന്നിരുന്നു. തുർക്കിയും മറ്റു മുസ്ലിം രാഷ്ട്രങ്ങളും കടുത്ത പ്രതിഷേധമാണ് വിഷയത്തിൽ ഉയർത്തിയിരുന്നു. നാറ്റോയിലെ അംഗത്വത്തിന് സ്വീഡന് നൽകിയ പിന്തുണ തുർക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉർദുഗാൻ പിൻവലിക്കുകയും ചെയ്തിരുന്നു.

സുരക്ഷാ കാരണങ്ങളാൽ നിരവധി തവണ ഖുർആൻ കത്തിക്കൽ പ്രതിഷേധത്തിന് പൊലീസ് അനുമതി നൽകിയിരുന്നില്ല. ആദ്യം ഇറാഖ് എംബസിക്ക് മുമ്പിൽ പ്രതിഷേധിക്കാനായിരുന്നു ആലോചന. അനുമതി ലഭ്യമാകാത്തതിനെ തുടർന്ന് പ്രതിഷേധക്കാർ കോടതിയെ സമീപിക്കുകയായിരുന്നു. സ്വീഡനിലെ തീവ്രവലതുപക്ഷ കക്ഷികളാണ് ഇത്തരം പ്രതിഷേധങ്ങൾക്ക് പിന്നിൽ.

സ്വീഡനിലെ ആകെ ജനസംഖ്യയുടെ എട്ടു ശതമാനത്തോളമാണ് മുസ്ലിംകൾ. 2010നും 2016നും ഇടയിൽ നാലു ലക്ഷത്തോളം മുസ്ലിം ജനസംഖ്യ (ആകെ എട്ടു ലക്ഷം) രാജ്യത്ത് വർധിച്ചതായി പ്യൂ റിസർച്ച് പറയുന്നു.

അതിനിടെ, സ്വീഡിഷ് ഭാഷയിൽ വിവർത്തനം ചെയ്ത ഒരു ലക്ഷം ഖുർആൻ കോപ്പികൾ സ്വീഡനിൽ വിതരണം ചെയ്യുകയാണ് കുവൈത്ത്. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ ചേർന്ന പ്രതിവാര കാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധമായ തീരുമാനം കൈകൊണ്ടിരുന്നു.

അച്ചടിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനുമുള്ള ചുമതല പബ്ലിക് അതോറിട്ടി ഫോർ പബ്ലിക് കെയറിനെ ഏൽപ്പിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് ഖുർആൻ കോപ്പികൾ സ്വീഡനിൽ വിതരണം ചെയ്യുക.

അതേസമയം, സ്വീഡനിൽ ഖുർആൻ കത്തിച്ചതിൽ പ്രതിഷേധവുമായി മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി രംഗത്തുവന്നിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് 57 മുസ്‌ലിം രാജ്യങ്ങൾ അംഗങ്ങളായ ഒ.ഐ.സി ആവശ്യപ്പെട്ടു. മുസലിംവിരുദ്ധ നീക്കങ്ങൾ ചെറുക്കാൻ അന്താരാഷട്രതലത്തിൽ നിയമനിർമാണം കൊണ്ടുവരാൻ ഒ.ഐ.സി ലോകരാജ്യങ്ങളുടെ പിന്തുണ അഭ്യർഥിച്ചു.

ഒ.ഐ.സി വിളിച്ചുചേർത്ത അസാധാരണ യോഗമാണ സ്വീഡൻ സംഭവം ചർച്ച ചെയതത്. മുസലിം വിരുദ്ധ നടപടികളുടെ തുടർച്ചയായി വേണം ഇത്തരം സംഭവങ്ങളെ കാണാനെന്ന ഒ.ഐ.സി നേതൃയോഗം വ്യകതമാക്കി. ഒരു മതവിഭാഗത്തെയും അതിന്റെ വിശുദ്ധ ഗ്രന്ഥത്തയും ഇകഴ്ത്തി കാണിക്കുന്ന രീതിയെ ആവിഷകാര സ്വാത്വന്ത്യവുമായി ചേർത്തു കാണുന്നത് ഒരുനിലക്കും അംഗീകരിക്കാനാവില്ലെന്ന ഒ.ഐ.സി കുറ്റപ്പെടുത്തി.

Quran burning incident: Quran recitation protest in Sweden, UN Human Rights Council resolution

TAGS :

Next Story