'ഇവരെ ഓർത്തുവെക്കുക, നിങ്ങളെ ഞങ്ങൾ കണ്ടെത്തും': രണ്ട് യുഎസ് നേവി ഉദ്യോഗസ്ഥരെ പേര് വിളിച്ച് ഇറാൻ
ഏതെങ്കിലും മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ വധിക്കപ്പെട്ടാൽ ഇറാൻ പിന്നീട് അധികകാലം നിലനിൽക്കില്ലെന്ന് ട്രംപ് അടുത്തിടെ ഭീഷണിപ്പെടുത്തിയിരുന്നു

- Updated:
2026-11-16 10:06:38

ഇറാന് പേരെടുത്ത് പറഞ്ഞ് ഭീഷണിപ്പെടുത്തിയ യുഎസ് ഉദ്യോഗസ്ഥര്‍- മിനാബില്‍ കൊല്ലപ്പെട്ട കുട്ടികള്‍ക്കൊരുക്കിയ ഖബറുകള്‍- ഡോണള്‍ഡ് ട്രംപ്
തെഹ്റാന്: 168 കുട്ടികളുടെ മരണത്തിനിടയാക്കിയ മിനാബ് സ്കൂൾ ആക്രമണത്തിന് ഉത്തരവാദികളെന്ന് ആരോപിച്ച് രണ്ട് അമേരിക്കൻ നാവികസേനാ ഉദ്യോഗസ്ഥർക്കെതിരെ ഇറാന്റെ ഭീഷണി. ഞങ്ങൾ നിങ്ങളെ കണ്ടെത്തും എന്നാണ് ദക്ഷിണാഫ്രിക്കയിലെ ഇറാൻ എംബസി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ മുന്നറിയിപ്പ് നൽകിയത്.
യുഎസ് യുദ്ധക്കപ്പലായ 'യുഎസ്എസ് സ്പ്രൂവൻസി'ന്റെ കമാൻഡിംഗ് ഓഫീസർ കമാൻഡർ ലെയ് ആർ. ടേറ്റ് , എക്സിക്യൂട്ടീവ് ഓഫീസർ ലെഫ്റ്റനന്റ് കമാൻഡർ ജെഫ്രി ഇ. യോർക്ക് എന്നിവർക്കെതിരെയാണ് ഇറാന്റെ ഭീഷണി. ഇവരെ കുറ്റവാളികൾ എന്ന് വിശേഷിപ്പിച്ചുകൊണ്ട് എട്ട് മാസം മുമ്പ് പങ്കുവെച്ച പഴയ പോസ്റ്റ് റീഷെയർ ചെയ്തുകൊണ്ടായിരുന്നു എംബസിയുടെ പുതിയ പ്രതികരണം.
മാർച്ച് 29ന് ഇറാൻ എംബസി പങ്കുവെച്ച പോസ്റ്റിൽ ഇങ്ങനെ പറയുന്നത് ഇങ്ങനെ: "ഈ രണ്ട് കുറ്റവാളികളെയും ഓർക്കുക. മിനാബിലെ ഒരു സ്കൂളിൽ മൂന്ന് തവണ ടോമാഹോക്ക് മിസൈലുകൾ വിക്ഷേപിക്കാൻ ഉത്തരവിട്ട് 168 നിരപരാധികളായ കുട്ടികളെ കൊലപ്പെടുത്തിയ യുഎസ്എസ് സ്പ്രൂവൻസിലെ കമാൻഡർ ലെയ് ആർ. ടേറ്റും എക്സിക്യൂട്ടീവ് ഓഫീസർ ജെഫ്രി ഇ. യോർക്കും ആണിവർ. ഇവർക്കും കുട്ടികളില്ലേ?"- ഇങ്ങനെയായിരുന്നു പോസ്റ്റ്.
മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതിനെതിരെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇറാന് കർശന മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ഇറാന് പോസ്റ്റ് റീഷെയര്‍ ചെയ്തിരിക്കുന്നത്. ഏതെങ്കിലും മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ വധിക്കപ്പെട്ടാൽ ഇറാൻ "പിന്നീട് അധികകാലം നിലനിൽക്കില്ല" എന്ന് ട്രംപ് അടുത്തിടെ ഒരു അഭിമുഖത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി ആരംഭിച്ച യുദ്ധത്തിന്റെ തുടക്കത്തിൽ, മിനാബിലെ ഷജാരെ തയ്യെബെ സ്കൂളിൽ യുഎസ് മിസൈൽ പതിച്ചിരുന്നു. ഈ ആക്രമണത്തിൽ കുട്ടികളടക്കം കൊല്ലപ്പെട്ടത്.
അതേസമയം ഇറാനുമായി ബന്ധമുള്ള കേന്ദ്രങ്ങളിൽ നിന്ന് നിരന്തരം വധഭീഷണി ഉയർന്നതിനെത്തുടർന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിനെ വാഷിംഗ്ടണിലെ വസതിയിൽ നിന്ന് സുരക്ഷിതമായ സൈനിക താവളത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് നാവികസേനാ ഉദ്യോഗസ്ഥർക്കെതിരെയും ഇറാൻ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.
Adjust Story Font
16
