Quantcast

അവസാനമാണ് അവളുടെ കൈ കണ്ടത്, 15 മിനിറ്റെടുത്തു ആ കയ്യിലൊന്നു പിടിക്കാന്‍; ദുരന്തഭൂമിയില്‍ നിന്നും 17കാരിയെ രക്ഷിച്ച സംഭവത്തെക്കുറിച്ച് രക്ഷാപ്രവര്‍ത്തകന്‍

നാലു ദിവസം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന 17കാരിയായ ആസ്യയെ രക്ഷിച്ച സംഭവം ഓര്‍ത്തെടുക്കുകയാണ് വിക്ടര്‍

MediaOne Logo

Web Desk

  • Published:

    14 Feb 2023 5:36 AM GMT

turkey earthquake
X

തുര്‍ക്കി ദുരന്തഭൂമിയില്‍ നിന്ന്

ബുഡാപെസ്റ്റ്: ഭൂകമ്പമുണ്ടായ തുര്‍ക്കി,സിറിയ രാജ്യങ്ങളില്‍ തിരച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഭൂകമ്പം ഇരുരാജ്യങ്ങളെ പൂര്‍ണമായും തച്ചുടച്ചുവെങ്കിലും ദുരന്തഭൂമിയില്‍ നിന്നും പുറത്തുവരുന്ന രക്ഷാപ്രവര്‍ത്തനത്തിന്‍റെ വാര്‍ത്തകള്‍ ലോകത്തിനു തന്നെ ആശ്വാസമാവുകയാണ്. അത്തരത്തിലൊരു രക്ഷാപ്രവര്‍ത്തനത്തിന്‍റെ കഥയാണ് ഹംഗേറിയൻ ഐടി വിദഗ്ധനായ വിക്ടർ ഹോൾസെര്‍. നാലു ദിവസം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന 17കാരിയായ ആസ്യയെ രക്ഷിച്ച സംഭവം ഓര്‍ത്തെടുക്കുകയാണ് വിക്ടര്‍.


ഹോൾസെറിനെ സംബന്ധിച്ചിടത്തോളം സന്നദ്ധപ്രവർത്തകനായി അദ്ദേഹം പങ്കെടുത്ത ആദ്യത്തെ പ്രധാന രക്ഷാദൗത്യമായിരുന്നു തുർക്കിയിലേത്. കാരിത്താസ് ഹംഗറിയുടെയും ബുഡാപെസ്റ്റ് റെസ്‌ക്യൂ സർവീസിന്‍റയും ഹംഗേറിയൻ ടീമിന്‍റെ ഭാഗമായിട്ടാണ് തുർക്കി പട്ടണമായ കഹ്‌റമൻമാരസില്‍ വിക്ടറെത്തിയത്. തകർന്ന അപ്പാർട്ട്‌മെന്‍റ് ബ്ലോക്കിന് കീഴിൽ കിടന്ന പെണ്‍കുട്ടിയെ രക്ഷിക്കുക എന്നത് ശ്രമകരമായ കാര്യമായിരുന്നുവെന്ന് 26കാരനായ വിക്ടര്‍ പറയുന്നു. കെട്ടിടങ്ങള്‍ക്കിടയില്‍ ആരോ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. സംഘം അകത്തു കയറിയപ്പോള്‍ ആരോ സഹായത്തിനായി നിലവിളിക്കുന്നത് വ്യക്തമായി കേട്ടു. ഇസ്രായേലി രക്ഷാപ്രവർത്തകർ ഹംഗേറിയക്കാരെ സ്പെഷ്യലിസ്റ്റ് ഉപകരണങ്ങൾ ഉപയോഗിച്ച് സഹായിച്ചു. ഇത് ആസ്യ എവിടെയാണെന്ന് കണ്ടെത്താന്‍ സഹായിച്ചു. രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കടിയിൽ ഒരു ഇടുങ്ങിയ ചാനൽ കുഴിച്ച ശേഷം ആസ്യയെ സ്ട്രെച്ചറിൽ ഉയർത്താൻ ഏകദേശം എട്ട് മണിക്കൂർ എടുത്തു.



''ഓരോ ചുവടിലും, അവസാനം അവളിലേക്ക് എത്താൻ ഞങ്ങൾ ഒരു പടി കൂടി അടുത്തുവെന്ന് ഞങ്ങൾക്ക് തോന്നിയപ്പോൾ ഞങ്ങളുടെ ഹൃദയമിടിപ്പ് വേഗത്തിലായി. അവസാനം അവളുടെ കൈ ഞങ്ങള്‍ കണ്ടു. 15 മിനിറ്റ് കൊണ്ടാണ് അവളുടെ കയ്യെത്തും ദൂരത്ത് എത്തിയത്. പിന്നീട് കൈ നീട്ടി ആസ്യയുടെ കയ്യില്‍ പിടിക്കുകയായിരുന്നു'' വിക്ടര്‍ റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തുടർന്ന് പെൺകുട്ടിയെ ശ്രദ്ധാപൂർവ്വം പുറത്തെടുക്കാനായി ചാനലിന്‍റെ ദ്വാരം ക്രമേണ വലുതാക്കേണ്ടി വന്നു. ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഇരുട്ടില്‍ നാലു ദിവസമാണ് ആസ്യ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കഴിഞ്ഞത്.



ഭൂകമ്പം ഉണ്ടായ ദിവസം കുടുംബത്തോടൊപ്പം ടിവി കാണുകയായിരുന്നുവെന്ന് ആസ്യ പറഞ്ഞതായി രക്ഷാപ്രവർത്തകർ പറഞ്ഞു. തണുപ്പുള്ള ദിവസമായതിനാൽ അവൾ ഒരു പുതപ്പിൽ പൊതിഞ്ഞ് സോഫയിൽ ചുരുണ്ടുകൂടിക്കിടക്കുകയായിരുന്നു . ഇത് പിന്നീട് അവശിഷ്ടങ്ങൾക്കടിയിൽ തണുപ്പിൽ നിന്ന് അവളെ സംരക്ഷിക്കാൻ സഹായിച്ചു. തുര്‍ക്കിയിലും സിറിയയിലുമായി ഫെബ്രുവരി 6നുണ്ടായ ഭൂകമ്പത്തില്‍ 37,000 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.



TAGS :

Next Story