Quantcast

ചരിത്രം! ബ്രിട്ടനെ നയിക്കാൻ ഇന്ത്യൻ വംശജൻ; ഋഷി സുനക് പ്രധാനമന്ത്രി പദത്തിലേക്ക്

ശതകോടീശ്വരനും ഇൻഫോസിസ് സ്ഥാപകനുമായ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയാണ് ഋഷി സുനകിന്റെ ഭാര്യ

MediaOne Logo

Web Desk

  • Updated:

    2022-10-24 14:02:40.0

Published:

24 Oct 2022 1:54 PM GMT

ചരിത്രം! ബ്രിട്ടനെ നയിക്കാൻ ഇന്ത്യൻ വംശജൻ; ഋഷി സുനക് പ്രധാനമന്ത്രി പദത്തിലേക്ക്
X

ലണ്ടൻ: ബ്രിട്ടനിൽ പുതിയ ചരിത്രം. ഇന്ത്യൻ വംശജൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനും പൊതുസഭാ നേതാവ് പെനി മോർഡന്റിനും 100 എം.പിമാരുടെ പിന്തുണ എന്ന കടമ്പ കടക്കാനാകാത്തതാണ് സുനകിനു തുണയായത്. പ്രധാനമന്ത്രി പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം.

ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യത്തെ ഇന്ത്യൻ വംശജനാകും ഋഷി സുനക്. വെള്ളക്കാരനല്ലാത്ത ആദ്യത്തെ പ്രധാനമന്ത്രിയും. ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി കൂടിയാകും അദ്ദേഹം. 142 എം.പിമാരാണ് സുനകിനെ പിന്തുണക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ശതകോടീശ്വരനും ഇൻഫോസിസ് സ്ഥാപകനുമായ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയാണ് ഋഷി സുനകിന്റെ ഭാര്യ.

ഏഴു മാസത്തിനിടയിൽ ബ്രിട്ടന്റെ മൂന്നാമത്തെ പ്രധാനമന്ത്രിയാകും ഋഷി സുനക്. അഴിമതി ആരോപണങ്ങൾക്കും പാർട്ടിക്കകത്തുനിന്നുള്ള പടലപ്പിണക്കങ്ങൾക്കും പിന്നാലെ ബോറിസ് ജോൺസൻ കഴിഞ്ഞ സെപ്റ്റംബർ ആറിനു പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബ്രിട്ടനിൽ രാഷ്ട്രീയ അസ്ഥിരതയ്ക്കു തുടക്കമായത്. ഋഷി സുനകും പെന്നി മോർഡന്റും അവസാനഘട്ടം വരെ മത്സരരംഗത്ത് നിറഞ്ഞുനിന്ന പോരാട്ടത്തിനൊടുവിലാണ് ലിസ് ട്രസ് ഒരു മാസം മുൻപ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയായിരുന്നു ലിസ് ട്രസ് ബ്രിട്ടന്റെ അധികാരം ഏറ്റെടുത്തത്. എന്നാൽ, സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയാണു ചെയ്തത്. ഇതോടെ 45 ദിവസം അധികാരത്തിലിരുന്ന ശേഷം ഈ മാസം 20ന് ലിസ് ട്രസ് താഴെയിറങ്ങി. ഇതോടെയാണ് ഋഷിക്ക് വീണും നറുക്കുവീണത്.

ലിസ് ട്രസിന്റെ രാജിക്കു പിന്നാലെ കരീബിയയിലെ അവധിക്കാല ആഘോഷം നിർത്തിവച്ച് ബോറിസ് ജോൺസൻ ബ്രിട്ടനിലേക്ക് മടങ്ങിയിരുന്നു. പിന്നാലെ ഋഷി ബോറിസുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ശേഷമാണ് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ, പ്രധാനമന്ത്രി സ്ഥാനത്തേക്ക് വേണ്ട 100 എം.പിമാരുടെ പിന്തുണ ബോറിസിനു ലഭിച്ചില്ല. ഇതോടെയാണ് ഇന്നു രാവിലെ മത്സരരംഗത്തുനിന്നു പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചത്. ഇതിനുശേഷം പെന്നി മോർഡന്റിനും നിശ്ചിത സംഖ്യ കടക്കാനായില്ല. വൈകീട്ടോടെ പെന്നിയും പിന്മാറ്റം പ്രഖ്യാപിച്ചതോടെയാണ് ഋഷി പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായത്.

Summary: Rishi Sunak to be Britain's next prime minister as challenger Penny Mordaunt withdraws from contest

TAGS :

Next Story