Quantcast

ടെസ്‌ല ഫാക്ടറിയിൽ റോബോട്ടിന്റെ ആക്രമണത്തിൽ എഞ്ചിനീയർക്ക് ഗുരുതര പരിക്ക്

റോബോട്ടുകളെ നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയർ പ്രോഗ്രാമിങ് ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ഇദ്ദേഹം.

MediaOne Logo

Web Desk

  • Published:

    28 Dec 2023 10:54 AM GMT

Robot Attacks Engineer in Tesla Factory
X

ടെക്സാസ്: ഇലക്ട്രിക് കാർ കമ്പനിയായ ടെസ്‌ലയുടെ ഫാക്ടറിയിൽ റോബോട്ടിന്റെ ആക്രമണത്തിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക് ഗുരുതര പരിക്ക്. ടെക്‌സാസിലെ ഓസ്റ്റിനിലുള്ള ടെസ്‌ലയുടെ ഗിഗാ ടെക്‌സാസ് ഫാക്ടറിയിലാണ് സംഭവം. അലൂമിനിയം കാറിന്റെ ഭാഗങ്ങൾ പിടിച്ചുനീക്കാൻ രൂപകൽപ്പന ചെയ്‌ത റോബോട്ടുകളിൽ ഒന്ന് എഞ്ചിനീയറെ ആക്രമിക്കുകയായിരുന്നു.

എഞ്ചിനീയറെ പിടിച്ച് റോബോട്ട് ഞെരിക്കുകയും പുറത്തും കൈയിലുമായി ലോഹ നഖങ്ങൾ ആഴ്‌ത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. റോബോട്ടുകളെ നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയർ പ്രോഗ്രാമിങ് ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ഇദ്ദേഹം. അറ്റകുറ്റപ്പണികൾക്കായി രണ്ട് റോബോട്ടുകൾ പ്രവർത്തനരഹിതമാക്കിയപ്പോൾ, മൂന്നാമത്തേത് അ​ബദ്ധത്തിൽ പ്രവർത്തനക്ഷമമായതാണ് ആക്രമണത്തിലേക്ക് നയിച്ചത്.

സഹപ്രവർത്തകരുടെ സമയോചിതമായ ഇടപെടലിൽ എഞ്ചിനീയറെ രക്ഷപ്പെടുത്തുകയായിരുന്നു. 2021ൽ നടന്ന സംഭവമാണ് ഇ‌തെന്നാണ് കമ്പനിയിലെ ഇഞ്ച്വറി റിപ്പോർട്ടുകളിൽ പറയുന്നതെങ്കിലും ഇപ്പോഴാണ് പുറത്തുവരുന്നത്. സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ വിഷയത്തെ കുറിച്ച് വ്യക്തമായി പ്രതികരിക്കാൻ അമേരിക്കൻ ഓട്ടോമോട്ടീവ്, ക്ലീൻ എനർജി കമ്പനിയായ ടെസ്‌ല ഇതുവരെ തയാറായിട്ടില്ല.

യുഎസ് ഒക്യുപ്പേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് അഡ്‌മിനിസ്ട്രേഷനിൽ (ഒഎസ്എച്ച്എ) ലഭ്യമായ കണക്കുകൾ പ്രകാരം ഗിഗ ടെക്‌സാസിൽ കഴിഞ്ഞ വർഷം 21 തൊഴിലാളികളിൽ ഒരാൾക്ക് പരിക്കേറ്റതായി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. അറ്റകുറ്റപ്പണികൾ, പ്രവർത്തനങ്ങൾ എന്നിവയിൽ കമ്പനി പലപ്പോഴും വിട്ടുവീഴ്‌ച ചെയ്യുന്നതായും ഇത് ജീവനക്കാരെ അപകടത്തിലാക്കുന്നുവെന്നും ടെസ്‌ലയിലെ നിരവധി തൊഴിലാളികൾ പരാതിപ്പെടുന്നു.

TAGS :

Next Story