Quantcast

മാർക്ക് സക്കർബർഗിനും മോർഗൻ ഫ്രീമാനും വിലക്കേര്‍പ്പെടുത്തി റഷ്യ

കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗറി ട്രൂഡോ അടക്കം പ്രമുഖരായ ആയിരത്തോളം യു.എസ്, കാനഡ പൗരന്മാർക്കും റഷ്യ പ്രവേശന വിലക്കേ‍ര്‍പ്പെടുത്തിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    25 May 2022 9:18 AM GMT

മാർക്ക് സക്കർബർഗിനും മോർഗൻ ഫ്രീമാനും വിലക്കേര്‍പ്പെടുത്തി റഷ്യ
X

മോസ്‌കോ: രാജ്യത്തേക്ക് പ്രവേശന വിലക്കേർപ്പെടുത്തിയ പ്രമുഖ വ്യക്തികളുടെ പട്ടിക വീണ്ടും പുറത്തുവിട്ട് റഷ്യ. യു.എസ്, കനേഡിയൻ പൗരന്മാരായ 1000 പ്രമുഖരാണ് പട്ടികയിലുള്ളത്. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ഫേസ്ബുക്ക് തലവൻ മാർക്ക് സക്കർബർഗ്, ഹോളിവുഡ് താരം മോർഗൻ ഫ്രീമാൻ എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്.

963 അമേരിക്കക്കാർക്കും 26 കാനഡ പൗരന്മാർക്കുമാണ് റഷ്യ തങ്ങളുടെ രാജ്യത്തേക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനെതിരായ അന്താരാഷ്ട്ര ഉപരോധ നടപടികൾക്കെതിരായ തിരിച്ചടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. യുക്രൈൻ യുദ്ധം ചൂണ്ടിക്കാട്ടി യു.എസ് കടുത്ത ഉപരോധങ്ങളാണ് റഷ്യൻ നേതാക്കൾക്കെതിരെ ചുമത്തിയത്. ഇതിനു പിന്നാലെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ, സി.ഐ.എ തലവൻ വില്യം ബേൺസ് എന്നിവർക്ക് റഷ്യയിലേക്ക് പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നു.

നേരത്തെയുള്ള നിരോധന പട്ടിക പുതുക്കിയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. അമേരിക്കയുടെ ശത്രുതാപരമായ നടപടികളെല്ലാം അവർക്കെതിരെ തന്നെ ബൂമറാങ്ങായി തിരിച്ചടിക്കുമെന്ന് പ്രത്യേകം ഉണർത്തുകയാണെന്നാണ് പട്ടിക പുറത്തുവിട്ട് റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. യു.എസ് നേതാക്കൾക്കും പ്രമുഖർക്കും പുറമെ കാനഡ നേതാക്കളും പട്ടികയിലുണ്ട്. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗറി ട്രൂഡോ, കാനഡ സൈനിക മേധാവികളായ ജോസ്‌ലിൻ പോൾ, എറിക് കെന്നി, ആൻഗസ് ടോപ്ഷീ, ലോക്ക്ഹീഡ് മാർട്ടിൻ, റൈതിയോൺ കാനഡ തുടങ്ങിയ കമ്പനികളുടെ മേധാവികൾ എന്നിവരെല്ലാം ഇതിൽ ഉൾപ്പെടും.

റഷ്യയ്‌ക്കെതിരെ യുദ്ധത്തിന് ആഹ്വാനം ചെയ്തയാളാണെന്നാണ് മോർഗൻ ഫ്രീമാനെതിരായ നടപടിക്ക് ന്യായമായി റഷ്യ വ്യക്തമാക്കിയിരിക്കുന്നത്. റഷ്യ അമേരിക്കയ്‌ക്കെതിരെ ഗൂഢപ്രവർത്തനങ്ങൾ നടത്തുകയാണെന്ന് 2017 സെപ്റ്റംബറിലേതെന്ന് കരുതപ്പെടുന്ന ഒരു വിഡിയോയിൽ ഫ്രീമാൻ ആരോപിച്ചുവെന്നും റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ ആഹ്വാനം ചെയ്‌തെന്നും റഷ്യ ആരോപിക്കുന്നു. യു.എസ് ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാൻ റഷ്യ സൈബർ ആക്രമണം നടത്തുന്നുവെന്നായിരുന്നു നടന്റെ ആരോപണം.

Summary: Russia bans 963 prominent US, Canada citizens from entering country including Mark Zuckerberg and Morgan Freeman

TAGS :

Next Story