'റഷ്യ കടലാസ് പുലി, സാമ്പത്തിക പ്രശ്‌നങ്ങളും അലട്ടുന്നു, യുക്രൈന് വിജയിക്കാനാവും': ട്രംപ്
യുക്രൈൻ ധൈര്യശാലികളാണെന്നും അവർക്ക് കൂടുതൽ പിന്തുണ നൽകണമെന്നും ട്രംപ്

ന്യൂയോര്‍ക്ക്: ആക്രമിച്ചതിനുശേഷം റഷ്യ പിടിച്ചെടുത്ത എല്ലാ പ്രദേശങ്ങളും യുക്രൈന് തന്നെ തിരിച്ചുപിടിക്കാനാവുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
യുദ്ധത്തിലൂടെ റഷ്യ പിടിച്ചടക്കിയ പ്രദേശങ്ങള്‍, യൂറോപ്യൻ യൂണിയന്റെയും നാറ്റോയുടെയും പിന്തുണയോടെ യുക്രൈനിന് തിരിച്ചുപിടിക്കാൻ കഴിയുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. യുക്രൈന്‍ പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
റഷ്യ - യുക്രൈൻ പ്രശ്ന പരിഹാരത്തിന് ഇടപെടവേ നടത്തിയ പരാമർശങ്ങളിൽ നിന്ന് മലക്കം മറിയുന്ന നിലപാടാണിത്. ക്രൈമിയ ഉൾപ്പെടെ റഷ്യ പിടിച്ചെടുത്ത ഭൂമി യുക്രൈനിന് തിരികെ ലഭിക്കില്ലെന്നായിരുന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നത്. ഈ നിലപാട് മാറ്റിയ ട്രംപ്, എല്ലാ പ്രദേശവും യുക്രൈനിന് ലഭിക്കുമെന്നാണ് നിലവിൽ പറയുന്നത്. 2022 ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം യുക്രൈനിന്റെ ഏകദേശം 20 ശതമാനവും റഷ്യ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം റഷ്യയുടെ യുദ്ധം ലക്ഷ്യമില്ലാത്തതാണെന്നും, രാജ്യം കടലാസ് പുലി മാത്രമാണെന്നും ട്രംപ് വിമർശിച്ചു. പുടിനും റഷ്യയും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും യുക്രൈന്‍ പ്രവർത്തിക്കേണ്ട സമയമാണിതെന്നും വ്യക്തമാക്കുന്നു. യുക്രൈൻ ധൈര്യശാലികളാണെന്നും, അവർക്ക് കൂടുതൽ പിന്തുണ നൽകണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. നാറ്റോയ്ക്ക് ആയുധങ്ങൾ നൽകുന്നത് തുടരുമെന്നും ട്രംപ് വ്യക്തമാക്കി. നാറ്റോയുടെ വ്യോമാതിർത്തി ലംഘിക്കുന്ന റഷ്യൻ വിമാനങ്ങളെ വെടിവെച്ചിടാനുള്ള തീരുമാനത്തെയും ട്രംപ് പിന്തുണച്ചു.
Adjust Story Font
16

